അഞ്ചു പശുവിനെ വളർത്തിയാൽ ഫാം ലൈസൻസ് എടുക്കണമെന്ന് പിണറായി സർക്കാർ നിയമം കൊണ്ടുവന്നോ …?

രാഷ്ട്രീയം | Politics

വിവരണം 

Sarath Kumar Pangode എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 12  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 188  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: 5 പശുവിനെ വളർത്തിയാൽ ഫാം ലൈസൻസ് എടുക്കണം.പഴയ ചട്ടം പൊടിതട്ടി പിണറായി..1700 കർഷകർക്ക് നോട്ടീസ്. ക്ഷീര കർഷകർക്ക് സന്തോഷം ആയില്ലേ..” 

archived linkFB page

അഞ്ചു പശുവിനെ വളർത്തുന്നവർ ഫാം ലൈസൻസ് എടുക്കണമെന്നു  പിണറായി സർക്കാർ ഉത്തരവിട്ടു എന്നാണ് പോസ്റ്റിലെ പ്രധാന ആരോപണം. കൂടാതെ 1700  ക്ഷീരകർഷകർക്ക് നോട്ടീസ് നൽകിയെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു. പിണറായി സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തോ..? നമുക്ക് അന്വേഷിച്ചു നോക്കാം. 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ കീ വേർഡ്‌സ്  ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കിയപ്പോൾ ഇങ്ങനെയൊരു വാർത്ത മാധ്യമങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടതായി കാണാൻ സാധിച്ചില്ല. വികാസ്‌പീഡിയ എന്ന വെബ്‌സൈറ്റിൽ ഡയറിഫാം ആരംഭിക്കുന്നതിനെ പറ്റി  പ്രതിപാദിക്കുന്ന ഒരു ലേഖനത്തിൽ 1994  ലെ പഞ്ചായത്ത് രാജ് നിയമമനുസരിച്ച് പഞ്ചായത്ത് പ്രദേശമെങ്കിൽ ഒരു ലൈസൻസ് എടുത്തുവേണം ഫാം നിർമ്മിക്കുവാൻ എന്ന് പറയുന്നു. 

1994 ലെ പഞ്ചായത്ത് രാജ് നിയമമാണ്. പിണറായി സർക്കാർ അധികാരത്തിൽ വന്നത് 2016 ലാണ്. 1994 കാലത്ത് കെ കരുണാകരനായിരുന്നു കേരള മുഖ്യമന്ത്രി.  വാര്‍ത്തയുടെ കൂടുതല്‍ വസ്തുതകള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ പ്രസ് സെക്രട്ടറി പിഎം മനോജ് ഞങ്ങൾക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ്: 2011 ൽ അന്നത്തെ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ഫാം ലൈസൻസിംഗ് ചട്ടമനുസരിച്ചാണ് അഞ്ച് പശുവിൽ കൂടുതൽ വളർത്തുന്നവർക്ക് ലൈസൻസ് വേണമെന്ന നിബന്ധനയുള്ളത്. എല്‍ഡിഎഫ്   സർക്കാർ ഈ നയത്തിനെതിരാണ്. ഈ നിബന്ധന ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി നിയമസഭയിൽ ഉറപ്പു നൽകിയതുമാണ്.

നിലവിൽ ഈ വിഷയത്തിൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പുകൾ ഒരു കർഷകനു പോലും നോട്ടീസ് നൽകിയിട്ടില്ല.  ഇത് വ്യാജ പ്രചരണം മാത്രമാണ്.” 

അഞ്ചു പശുക്കളെ വളർത്തണമെങ്കിൽ ഫാം ലൈസൻസ് എടുക്കണമെന്ന നിയമം പിണറായി സർക്കാർ മുന്നോട്ടു നടപ്പാക്കുകയോ മുന്നോട്ടു വയ്ക്കുകയോ ചെയ്തിട്ടില്ല. 1994 ലെ പഞ്ചായത്തി രാജ് നിയമത്തിൽ പോസ്റ്റില്‍ പറയുന്ന പ്രകാരം അനുശാസിക്കുന്നുണ്ട്. അഞ്ചു പശുക്കളെ വളര്‍ത്തുന്ന ലൈസൻസ് എടുക്കാത്ത ക്ഷീരകര്‍ഷകർക്കെതിരെ ഇതുവരെ നടപടികളൊന്നും ഒരു സര്‍ക്കാരും  എടുത്തിട്ടില്ല. 

നിഗമനം 

ഈ പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ്. അഞ്ചു പശുവിനെ വളർത്തുന്നവർ ഫാം ലൈസൻസ് എടുക്കണമെന്ന് പിണറായി സർക്കാർ നിയമം നടപ്പാക്കുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. 1994 ലെ പഞ്ചായത്ത് രാജ് നിയമത്തിൽ ഇപ്രകാരം അനുശാസിക്കുന്നുണ്ട്. എന്നാൽ ലൈസൻസ് എടുക്കാത്തവർക്കെതിരെ ഇതുവരെ കേരളത്തിൽ നടപടികളൊന്നുമില്ല. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക

Avatar

Title:അഞ്ചു പശുവിനെ വളർത്തിയാൽ ഫാം ലൈസൻസ് എടുക്കണമെന്ന് പിണറായി സർക്കാർ നിയമം കൊണ്ടുവന്നോ …?

Fact Check By: Vasuki S 

Result: False