
വിവരണം
Sanu Sanu എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 30 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “റിസർവ് ബാങ്ക് കറൻസി പ്രിന്റിംഗ് യൂണിറ്റിന്റെ ഡയറക്ടർ തന്റെ ഷൂസിൽ ദിവസവും പണം മോഷ്ടിക്കുകയായിരുന്നു.
സി.ഐ.എസ്.എഫ് ഷിഫ്റ്റ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ റെഡ് ഹാൻഡ് ചെയ്തു.
വീട്ടിൽ നിന്ന് 10000 കോടി രൂപ കണ്ടെടുത്തു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ രണ്ടു വീഡിയോകളാണുള്ളത്. ആദ്യത്തെ വീഡിയോയിൽ ഒരു ഉദ്യോഗസ്ഥനെ പോലീസ് അധികാരികാരികളും മറ്റ് ഉദ്യോഗസ്ഥരും ഉടുവസ്ത്രം പോലും അഴിച്ചു പരിശോധിക്കുന്നതും പരിശോധനയ്ക്കിടെ ഷൂസിൽ നിന്നും പണം കണ്ടെടുക്കുന്നതുമായ ദൃശ്യങ്ങളാണുള്ളത്. ഉദ്യോഗസ്ഥൻ പരിശോധനയോട് പൂർണ്ണമായും സഹകരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. രണ്ടാമത്തെ വീഡിയോയിലും പരിശോധനയുടെ ദൃശ്യങ്ങൾ തന്നെയാണുള്ളത്. നോട്ടു നിരോധനത്തിന് ശേഷം സർക്കാർ പുറത്തിറക്കിയ പുതിയ 200, 500 നോട്ടുകളുടെ കെട്ടുകൾ ഈ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും കണ്ടെടുക്കുന്ന ദൃശ്യങ്ങളും ഓഫീസിൽ പലയിടത്തും പ്രസ്തുത ഉദ്യോഗസ്ഥനെ അന്വേഷണ ഉദ്യോഗസ്ഥർ കൊണ്ടുപോകുന്ന ദൃശ്യങ്ങളും കാണാം.
archived link | FB post |
റിസർവ് ബാങ്ക് കറൻസി പ്രിന്റിംഗ് യൂണിറ്റിന്റെ ഡയറക്ടർ തന്‍റെ സ്ഥാപനത്തില്‍ നിന്നും കറന്‍സികള്‍ മോഷ്ടിക്കുകയായിരുന്നു എന്നും സിഐഎസ്എഫ് ജവാന്‍ കൈയ്യോടെ പിടികൂടി എന്നുമാണ് പോസ്റ്റില്‍ നല്കിയിരിക്കുന്നത്.
ഈ വീഡിയോ എവിടെ നിന്നുള്ളതാണ്..? റിസര്‍വ് ബാങ്ക് പ്രിന്‍റിംഗ് യൂണിറ്റിന്‍റെ ഡയറക്ടറാണോ മോഷണം നടത്തിയത്…? നമുക്ക് അറിയാന്‍ ശ്രമിക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോൾ 2018 ജനുവരി മാസം ഇതേപ്പറ്റി പ്രസിദ്ധീകരിച്ച ഏതാനും വാർത്തകൾ ലഭിച്ചു. ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെയാണ് :ഗവൺമെന്‍റിന്‍റെ പുതിയ കറന്‍സികള്‍ മോഷ്ടിച്ചതിന്‍റെ പേരില്‍ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥര്‍ ഇന്ദ്യയുടെ കറന്‍സി പ്രസ്സായ ഫെഡറൽ ബാങ്കിന്റെ ബാങ്ക് നോട്ട് പ്രസ്സ് (ബിഎൻപി), ദേവാസ് ആസ്ഥാനത്തെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ പിടികൂടി. പുതുതായി അച്ചടിച്ച കറൻസി നോട്ടുകളാണ് മോഷ്ടിച്ചത്. അദ്ദേഹത്തിന്‍റെ ഓഫീസിൽ നിന്നും വസതിയിൽ നിന്നും 90 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ കണ്ടെടുത്തിട്ടുണ്ട്.” വാർത്ത പ്രസിദ്ധീകരിച്ചത് ജനുവരി 2018 ലാണ്. വാർത്തയിലൊരിടത്തും അറസ്റ്റ് ചെയ്യപ്പെട്ടത് റിസർവ് ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പരാമർശമില്ല.
ഇതേ വീഡിയോ ദൃശ്യങ്ങള്‍ ചേര്‍ത്തു വാര്‍ത്ത ഇന്ത്യ ടിവി
പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുതുതായി അച്ചടിച്ച നോട്ടുകൾ മോഷ്ടിച്ചു എന്ന് ആരോപിച്ചു പിടിക്കപ്പെട്ടത് തങ്ങളുടെ ജീവനക്കാരനല്ല എന്ന വിശദീകരണവുമായി റിസർവ് ബാങ്ക് അധികൃതർ വാർത്താ കുറിപ്പ് ഇറക്കി എന്ന് ബിസിനസ്സ് ബിസിനസ്സ് ടുഡെ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
“മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസ്സിൽ തങ്ങള്‍ ഒരു ഉദ്യോഗസ്ഥനെപോലും പോസ്റ്റ് ചെയ്തിട്ടില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു എന്നാണ് വാര്‍ത്ത. കറൻസി മോഷ്ടിച്ചെന്നാരോപിച്ച് ഒരു ഉദ്യോഗസ്ഥനെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയതിനെ തുടർന്ന് ആര്‍ബിഐ നല്കിയ വിശദീകരണത്തിലാണ് പരാമര്‍ശം. . ദേവാസിലെ റിസർവ് ബാങ്ക് അച്ചടി കേന്ദ്രത്തിൽ അച്ചടിച്ച കറൻസി മോഷ്ടിച്ചതിന് ഒരു ആർബിഐ ഉദ്യോഗസ്ഥനെ സിഐഎസ്‌എഫ് അറസ്റ്റ് ചെയ്തതായി ഒരു വിഭാഗം മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തതായി കാണുന്നു. (ആർബിഐ) യുടെ നിയന്ത്രണത്തിലല്ലാത്ത സെക്യൂരിറ്റി പ്രിന്‍റിംഗ് ആൻഡ് മിന്‍റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെ (എസ്‌പിഎംസിഎൽ) ഒരു യൂണിറ്റായ ദേവാസിലെ ബാങ്ക് നോട്ട് പ്രസ്സ് (ബിഎൻപി) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളതല്ല.”
റിസർവ് ബാങ്കിന്‍റെ വിശദീകരണ പ്രകാരം കറൻസി പ്രിന്‍റിംഗ് യുണിറ്റ് റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ളതല്ല. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ റിസർവ് ബാങ്ക് നിയമിച്ചതല്ല.
ഇന്ത്യയൊട്ടാകെ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയുടെ മുകളിൽ വസ്തുതാ അന്വേഷണ വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് അന്വേഷണം നടത്തി ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താഴെ കാണുന്ന ലിങ്ക് തുറന്ന് വായിക്കാം.
archived link | altnews |
പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിലെ സംഭവം കഴിഞ്ഞ കൊല്ലം നടന്നതാണ്. പണം മോഷ്ടിച്ചു എന്ന ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ റിസർവ് ബാങ്ക് ജീവനക്കാരനല്ല. മധ്യപ്രദേശിലെ ദേവാസിലുള്ള കറൻസി പ്രിന്‍റിംഗ് പ്രസ് റിസർവ് ബാങ്ക് ഉടമസ്ഥതയിലുള്ളതല്ല.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിലെ സംഭവം അടുത്ത സമയത്തു നടന്നതല്ല. കഴിഞ്ഞ കൊല്ലത്തേതാണ്. പുതിയ കറൻസികൾ മോഷ്ടിച്ചു എന്ന ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ റിസർവ് ബാങ്ക് ജീവനക്കാരനല്ലെന്ന് ബാങ്ക് അധികൃതർ വിശദീകരണം നൽകിയിട്ടുണ്ട്. അതിനാൽ തെറ്റിദ്ധരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Title:വീഡിയോയിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥൻ റിസർവ് ബാങ്ക് കറൻസി പ്രിന്റിംഗ് യൂണിറ്റിന്‍റെ ഡയറക്ടറാണോ..?
Fact Check By: Vasuki SResult: False
