
വിവരണം
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്ഐ നേതൃത്വത്തിനെതിരെയുള്ള സമരം കെഎസ്‌യു ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കേരള സര്‍വകലാശാലയുടെ എഴുതാത്ത ഉത്തരക്കടലാസുകള്‍ എസ്എഫ്ഐ നേതാവിന്‍റെ വീട്ടില്‍ നിന്നും കണ്ടെത്തിയതുള്‍പ്പടെയുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് കെഎസ്‌യു സമരം നടത്തി വരുന്നത്. ഇതിനിടയിലാണ് ജൂലൈ 17ന് സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ചിനിടയില്‍ ചില പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കടന്നുകയറാനും ശ്രമിച്ചു. ഈ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. എന്നാല്‍ വനിത പോലീസിന്‍റെ അസാന്നിധ്യത്തില്‍ പെണ്‍കുട്ടിയെ പെട്ടെന്ന് അറസ്റ്റ് ചെയ്തു നീക്കാന്‍ പോലീസിനു കഴിഞ്ഞില്ല. പെണ്‍കുട്ടി കെഎസ്‌യുവിന്‍റെ കൊടി ഉയര്‍ത്തി മുദ്രാവാക്യം മുഴക്കി മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ താഴത്തെ നിലയില്‍ വരെ അതിക്രമിച്ചു കടക്കുകയും ചെയ്‌തു. പിന്നീട് വനിത പോലീസ് എത്തി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു. എന്നാല്‍ ഈ പെണ്‍കുട്ടി കെഎസ്‌യുവിന്‍റെ പ്രവര്‍ത്തകയല്ലെന്നും തൃശൂര്‍ കോടതിയിലെ അഭിഭാഷകയായ ശില്‍പയാണെന്നും കെഎസ്‌യുവിന് സമരം ചെയ്യാന്‍ വിദ്യാര്‍ഥികളെ കിട്ടുന്നില്ലെന്നും ആക്ഷേപമുന്നയിച്ച പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ വൈറലായി പ്രചരിക്കാനും തുടങ്ങി. മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടി മാത്രമാണ് ശില്‍പ സെക്രട്ടറിയേറ്റ് മതില്‍ചാടി കടന്നു അകത്ത് കയറിയതെന്നും ഉള്‍പ്പടെയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. അത്തരത്തില്‍ ടി.ജി.ഗോപകുമാര്‍ എന്ന വ്യക്തി ജൂലൈ 18ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് ഇതിവരെ 47 ഷെയറുകളും 89 ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റ്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെഎസ്‌യുവിന്‍റെ പ്രവര്‍ത്തകയല്ലേ സമരം നയിച്ച ശില്‍പ? പ്രവര്‍ത്തകയോ ഭാരവാഹിയോ അല്ലാത്ത ശില്‍പയാണോ സെക്രട്ടറിയേറ്റില്‍ സമരത്തിന് നേതൃത്വം നല്‍കിയത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ശില്‍പ കെഎസ്‌യുവിന്‍റെ ഔദ്യോഗിക ഭാരവാഹിത്വം വഹിക്കുന്നയാളാണോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി കെഎസ്‌യു സംസ്ഥാന കമ്മിറ്റിയംഗവും ആലപ്പുഴ ജില്ലാ പ്രസിഡന്‍റുമായ നിതിന്‍ എ.പുതിയിടവുമായി ഫോണില്‍ ബന്ധപ്പെട്ടു. നിതിന്‍ പറഞ്ഞ മറുപടി ഇപ്രകാരമാണ്.
“നിലവില്‍ കെഎസ്‌യുവിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ശില്‍പ. രാഹുല്‍ ഗാന്ധിയുടെ മോണിറ്ററിങ് ടീമാണ് ശില്‍പയെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമച്ചത്. 21-ാം വയസില്‍ പഞ്ചായത്ത് അംഗമായ ശില്‍പ കെഎസ്‌യുവിന്‍റെ സജീവ പ്രവര്‍ത്തകയാണ്. നിലവില്‍ അഭിഭാഷകയാണെങ്കിലും കെഎസ്‌യു ഭാരവാഹികൂടിയാണ്. 26 വയസ് മാത്രം പ്രായമുള്ള ശില്‍പയ്ക്ക് 30 വയസില്‍ അധികം പ്രായമുണ്ടെന്നും ശില്‍പ നിലവില്‍ കെഎസ്‌യു പ്രവര്‍ത്തകയല്ലെന്നുമുള്ള തരത്തിലുള്ള നുണപ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും നിതിന്‍ പറഞ്ഞു.”
മാത്രമല്ല മാധ്യമങ്ങള്‍ ശില്‍പയുടെ സമരാവേശത്തെ കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടുകളിലും കെഎസ്‌യുവിന്‍റെ സംസ്ഥാന ഭാരവാഹിയാണ് ശില്‍പയെന്ന് വ്യക്തമാക്കുന്നുണ്ട്. മനോരമ ന്യൂസിന്‍റെ വാര്‍ത്ത പരിശോധിക്കാം-

നിഗമനം
കെഎസ്‌യുവിന്‍റെ സജീവ പ്രവര്‍ത്തകയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശില്‍പയയ്ക്ക് എതിരെയാണ് കെഎസ്‌യു പ്രവര്‍ത്തകയല്ലെന്ന് വ്യാഖ്യാനിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയതെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ആളില്ലാത്ത സമരത്തിന് മാധ്യമശ്രദ്ധ നേടാന്‍ പങ്കെടുത്തത് അഭിഭാഷകയാണെന്നും കെഎസ്‌യുവിന്‍റെ പ്രവര്‍ത്തകയല്ലെന്നും തരത്തിലുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ വ്യാജമാണെന്ന് അനുമാനിക്കാം.

Title:സെക്രട്ടറിയേറ്റ് മതില്‍ ചാടി കടന്ന ശില്‍പ കെഎസ്‌യു പ്രവര്‍ത്തകയല്ലേ?
Fact Check By: Dewin CarlosResult: False
