
വിവരണം
Abhilash Chethalloor എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2020 ജനുവരി മൂന്നു മുതൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇവിടെ നൽകിയിട്ടുള്ളത്. ഒരു വിഭാഗം നാഗ സന്ന്യാസിമാർ മാത്രം പൗരത്വ ബില്ലിനെ അനുകൂലിച്ചു നിരത്തിലിറങ്ങിയപ്പോഴത്തെ അവസ്ഥ എന്ന അടിക്കുറിപ്പുമായി പ്രസിദ്ധീകരിച്ചിട്ടുള്ള വീഡിയോയിൽ കാഷായ വേഷ ധാരികളായ സന്യാസിമാർ വലിയ മൈതാനം പോലുള്ള സ്ഥലത്ത് വലിയ കൂട്ടമായി നടക്കുന്നത് കാണാം.
archived link | FB post |
പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് ഒരു വിഭാഗം നാഗസന്യാസിമാർ മാത്രം പൊതു നിരത്തിലിറങ്ങിയതാണിത് എന്ന് പോസ്റ്റ് അവകാശപ്പെടുന്നു. ഒരു വിഭാഗം മാത്രമായിട്ടുപോലും ഇത്രയധികം പേരുണ്ട് എന്നാണ് പോസ്റ്റിലൂടെ അറിയിക്കാൻ ഉദ്ദേശിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് നാഗസന്യാസിമാർ ഇങ്ങനെ പ്രകടനം നടത്തിയിരുന്നോ…? എവിടെയാണ് ഈ റാലി നടന്നത്..എപ്പോഴായിരുന്നു… പൗരത്വ ബില്ലിനെ അനുകൂലിച്ചാണോ ഈ പ്രകടനം … ഇങ്ങനെയുള്ള സംശയങ്ങൾക്ക് നമുക്ക് ഉത്തരം കണ്ടെത്താം
വസ്തുതാ വിശകലനം
ഈ പോസ്റ്റിലെവീഡിയോ ഞങ്ങൾ ഇൻവിഡ് ടൂളുപയോഗിച്ച് വിവിധ ഫ്രാഗ്മെന്റുകളായി വേർതിരിച്ച ശേഷം അതിൽ ഒന്ന് രണ്ടു പ്രധാന ഫ്രയിമുകൾ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോൾ ഈ വീഡിയോ 2019 മാർച്ച് 10 ന് യൂട്യൂബ് ജങ്ക്ഷൻ എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളതായി ശ്രദ്ധയിൽ പെട്ടു. “കുംഭമേളയുടെ സമാപനം കാണുക, ഇത്രയും വിശുദ്ധ സന്യാസിമാർ ഒരുമിച്ചുള്ള ഇന്ത്യൻ പാരമ്പര്യം കാണുക!” എന്ന അടിക്കുറിപ്പിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.
archived link | youtube |
പ്രയാഗ്രാജ് കുംഭമേള 2019 മഹാകൽ ഘോഷയാത്രയുടെ അതിശയകരമായ കാഴ്ച എന്ന അടിക്കുറിപ്പുമായി 2019 മാർച്ച് അഞ്ചിന് ഈ വീഡിയോയുടെ പൂർണ്ണരൂപം ജയ് ഹിന്ദുരാഷ്ട്ര എന്ന യൂട്യൂബ് ചാനലിൽ നിന്നും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. “ജയ് മഹാകൽ ഹിന്ദു സഹോദരന്മാരേ, നിങ്ങളുടെ ജീവിതത്തിൽ ഇത്തരമൊരു രംഗം നിങ്ങൾ കണ്ടിട്ടില്ലായിരിക്കും, ഈ വീഡിയോയിൽ ഈ രംഗം നിങ്ങൾക്ക് കാണിച്ചുതരുന്നു. ഇത്രയും നാഗ സാധുക്കളും മറ്റ് വിശുദ്ധരും.” എന്ന വിവരണവും വീഡിയോയ്‌ക്കൊപ്പം നൽകിയിട്ടുണ്ട്.
archived link | youtube |
മുകളിലെ വീഡിയോയിൽ നിന്നും എഡിറ്റ് ചെയ്ത ചെറിയ ഒരു ഭാഗമാണ് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്. ഉത്തർപ്രദേശിലെ പ്രസിദ്ധമായ കുംഭമേളയിലെ നാഗസന്യാസിമാരുടെ ദൃശ്യങ്ങളാണിത്. 2019 ഫെബ്രുവരി-മാർച്ചിലായിരുന്നു കുംഭമേള നടന്നത്. പൗരത്വ ബില്ലിനെ അനുകൂലിച്ച് നാഗസന്യാസിമാർ റാലി നടത്തിയതായി മാധ്യമ വാർത്തകളോ മറ്റു വിവരങ്ങളോ ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയില്ല. വിവിധ ഭാഷകളിൽ ഇതേ വീഡിയോ ഒരേ വിവരണത്തോടെ പ്രചരിക്കുന്നുണ്ട്. ഞങ്ങളുടെ ഹിന്ദി ടീം ഇതേ വീഡിയോയുടെ മുകളിൽ വസ്തുതാ അന്വേഷണം നടത്തിയിരുന്നു. താഴെയുള്ള ലിങ്ക് സന്ദർശിച്ച് വായിക്കാവുന്നതാണ്.
२०१९ कुम्भ मेले के शाही स्नान वीडियो को सी.ए.ए समर्थन रैली के नाम से वायरल किया जा रहा है |
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പൗരത്വ ബില്ലിനെ അനുകൂലിച്ച് നിരത്തിലിറങ്ങിയ നാഗ സന്യാസിമാരുടെ ദൃശ്യങ്ങളല്ല ഇത്. 2019 ലെ കുംഭമേളയ്‌ക്കെത്തിയ സന്യാസിമാരുടെ ദൃശ്യങ്ങളാണിത്. പൗരത്വ ബില്ലിനെ അനുകൂലിച്ച് നാഗസന്യാസിമാർ നിരത്തിലിറങ്ങിയതായി ഇതുവരെ വാർത്തകളില്ല.

Title:ഈ നാഗസന്യാസിമാർ പൗരത്വ ബില്ലിനെ അനുകൂലിച്ച് നിരത്തിലിറങ്ങിയതല്ല….
Fact Check By: Vasuki SResult: False
