
വിവരണം
Ayiloor Iyc എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും POLITICS-KERALA മാന്യമായ രാഷ്ട്രീയ ചര്‍ച്ചയ്ക്കൊരിടം എന്ന ഗ്രൂപ്പിലേക്ക് 2019 സെപ്റ്റംബർ 8 ന് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “‘നടുറോഡിൽ നല്ല കൃഷി” ഓണം പ്രമാണിച്ച് കേരളത്തിന് പുതുമയാർന്ന പദ്ധതിയുമായി പിണറായി സർക്കാർ” എന്ന അടിക്കുറിപ്പിൽ നടുറോഡിൽ നെൽച്ചെടികൾ നടുന്ന ഒരു ചിത്രമാണ് പോസ്റ്റിലുള്ളത്.

| FB post | archived link |
പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം ഈ റോഡ് കേരളത്തിലേതാണ് എന്നാണ്. നടുറോഡിൽ തിരുവാതിര കളിക്കുന്നു എന്ന അവകാശവാദവുമായി പ്രചരിപ്പിച്ച ഒരു വീഡിയോയുടെ വസ്തുതാ അന്വേഷണം ഞങ്ങൾ നടത്തി തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. ലേഖനം താഴെ വായിക്കാം.
ഈ ചിത്രവും അതേ വിഭാഗത്തിൽ പെടുന്നതാണോ അതോ വ്യാജ അവകാശവാദമാണോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ ഈ ചിത്രം ഗൂഗിൾ റിവേഴ്‌സ് ഇമേജ് വഴി പരിശോധിച്ചു നോക്കി. ഈ ചിത്രം വ്യത്യസ്ത വിവരണങ്ങളുമായി ഇന്റർനെറ്റിൽ ലഭ്യമാണ്. ചില ഫേസ്‌ബുക്ക് പോസ്റ്റുകളും ചിത്രം ഇന്തോനേഷ്യയിൽ നിന്നുമുള്ളതാണെന്ന് അവകാശപ്പെടുന്നു.

ചിത്രം ഇന്തോനേഷ്യയിൽ നിന്നുമുള്ളതാകാൻ യാതൊരു സാധ്യതയുമില്ല. കാരണം ചിത്രത്തിലെ റോഡ് സൈഡിൽ ഹിന്ദി ഭാഷയിലുള്ള ബോർഡ് വ്യക്തമായി കാണാം.

തുടർന്നുള്ള അന്വേഷണത്തിൽ ഞങ്ങൾക്ക് ഒഡിഷ സൺടൈംസ് എന്ന മാധ്യമം പ്രസിദ്ധീകരിച്ച ഒരു ലേഖനം ലഭിച്ചു. 2016 ഒക്ടോബർ 8 നു പ്രസിദ്ധീകരിച്ച ലേഖനം ഒറീസയിലെ ഗ്രാമവാസികൾ തകർന്ന റോഡുകൾക്കെതിരെ നടത്തിയ വ്യത്യസ്തമായ പ്രതിഷേധത്തിന്റേതാണ്.

“ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിലെ സുനബേദ പഞ്ചായത്തിലെ നിരവധി ഗ്രാമങ്ങളിലെ നിവാസികൾ ചെളി നിറഞ്ഞ റോഡിൽ നെല്ല് നട്ടുപിടിപ്പിച്ച് വ്യത്യസ്തമായ പ്രതിഷേധം നടത്തി.
സുനബേദ പഞ്ചായത്തിലെ ഉമർകോട്ട് ബ്ലോക്കിന് കീഴിലുള്ള ഗ്രാമവാസികൾ ഹരിഗാവ്-ഉമർകോട്ടിനെ ബന്ധിപ്പിക്കുന്ന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. അവരുടെ എല്ലാ അഭ്യർത്ഥനകളും വിഫലമായതിനെ തുടർന്ന്, പ്രതിഷേധ സൂചകമായി അവർ റോഡിൽ നെല്ല് നട്ടുപിടിപ്പിച്ചു,
ബിജാപൂർ, മജിഗുഡ, ചാലൻഗുഡ ഗ്രാമങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ ഒരു കിലോമീറ്ററോളം സഞ്ചരിച്ച് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തുന്നു. റോഡ് ഉപയോഗക്ഷമമല്ലാത്തതിനാൽ ആളുകൾ സാധാരണ പാതയേക്കാൾ ആറ് കിലോമീറ്റർ അധികം സഞ്ചരിച്ച് ഇതര റൂട്ടിലാണ് പോകുന്നത്.
റോഡ് നന്നാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഞങ്ങളുടെ അഭ്യർത്ഥനകൾ ആരും ശ്രദ്ധിച്ചില്ല. മഴക്കാലത്ത്, റോഡ് ഒരു മരണ കെണിയായി മാറുകയും ആളുകൾ പലപ്പോഴും അപകടങ്ങൾ നേരിടുകയും ചെയ്യുന്നു. ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധ ആകർഷിക്കുന്നതിനായി ഞങ്ങൾ നെല്ല് നട്ടുപിടിപ്പിച്ചു, ”ഒരു ഗ്രാമീണർ പറഞ്ഞു.
വാഹനമോടിക്കുന്നവരുടെ ജീവിതം മാത്രമല്ല, അതിലൂടെ നടക്കുന്ന ആളുകൾക്കും ചെളിയാത്ര ജീവിതം ദുഷ്കരമാക്കിയിട്ടുണ്ടെന്ന് മറ്റൊരു ഗ്രാമീണർ അഭിപ്രായപ്പെട്ടു.”
ഇതാണ് വാർത്തയുടെ ഉള്ളടക്കം. ഈ ചിത്രം മറ്റു പോസ്റ്റുകളിൽ വ്യത്യസ്ത വിവരങ്ങൾ ചേർത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഈ ലേഖനം പ്രസിദ്ധീകരിച്ച തിയതിക്ക് ശേഷമാണ്. അതിനാൽ ഈ ലേഖനത്തിൽ പറയുന്നതാണ് വിശ്വസനീയമായി കണക്കാക്കാൻ കഴിയുന്നത്.
ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാകുന്നത് ഈ റോഡ് കേരളത്തിലുള്ളതല്ല മറിച്ച് ഒഡിഷയിലെ നാബാരംഗ്പ്പുർ ജില്ലയിലെ സുനബേദ പഞ്ചായത്തിലെ റോഡാണ്. കേരളത്തിലെ റോഡാണിതെന്ന പ്രചാരണം തെറ്റാണ്.
നിഗമനം
ഈപോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം പൂർണ്ണമായും തെറ്റാണ്. നെൽച്ചെടികൾ നട്ടു പ്രതിഷേധം അറിയിക്കുന്ന ഈ റോഡ് കേരളത്തിലേതല്ല. ഒഡിഷയിലെ നാബാരംഗ്പ്പുർ ജില്ലയിലെ സുനബിദ പഞ്ചായത്തിലെ റോഡാണിത്. തെറ്റിധാരണ സൃഷ്ടിക്കാനായി കേരളത്തിലേത് എന്ന മട്ടിൽ പ്രചരിപ്പിക്കുകയാണ്. അതിനാൽ തെറ്റായ വിവരണമുള്ള ഈ പോസ്റ്റ് ഷെയർ ചെയ്യാതിരിക്കാൻ മാന്യ വായനക്കാർ ശ്രമിക്കുക.
Title:തകർന്ന റോഡ് നന്നാക്കാത്തതിനെതിരെ റോഡിൽ ഞാറ് നാട്ടുള്ള പ്രതിഷേധം കേരളത്തിലേതാണോ..?
Fact Check By: Vasuki SResult: False


