കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു എന്ന പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്ത്?

സാമൂഹികം

വിവരണം

ആലപ്പുഴ ജില്ലയിലെ ചാരുംമൂട് ആദിക്കാട്ടുകുളങ്ങരയില്‍ ഒരു സ്കൂള്‍ വിദ്യാര്‍ഥിയെ പകല്‍ സമയത്ത് നടുറോഡില്‍ ജീപ്പില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന ഒരു വിഡിയോ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ വൈറലായിട്ടുണ്ട്. ഡാഡി മീഡിയ  എന്ന പേരിലുള്ള പേജില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 1,300ല്‍ അധികം ഷെയറുകളും 80ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

കുട്ടിയോട് ജീപ്പില്‍ കയറാന്‍ ആവശ്യപ്പെടുകയും എന്നാല്‍ കുട്ടി കയറാന്‍ കൂട്ടാക്കഞ്ഞതോടെ സംഘം ചൂരല്‍ വടി ഉപയോഗിച്ച് അടിച്ചെന്നും വീഡിയോയില്‍ പറയുന്നു. ഭയന്ന് ഒരു വീട്ടിലേക്ക് ഓടിക്കയറിയ കുട്ടിയോട് തന്നെ വിവരങ്ങള്‍ ഗ്രഹനാഥന്‍ ചോദിച്ച് അറിയുന്നതാണ് വീഡിയോയിലുള്ളത്. അടികൊണ്ട് വയറിന്‍റെ ഒരു വശം വേദനയോട് കുട്ടി ചേര്‍ത്ത് പിടിച്ചിരിക്കുന്നതായും തട്ടിക്കൊണ്ടുപോകാന്‍ വന്ന സംഘം സഞ്ചരിച്ചത് കറുത്ത ജീപ്പാണെന്നും അതിന്‍റെ നമ്പര്‍ KL 64 D 777 ആണെന്നും കുട്ടി വീഡിയോയില്‍ പറയുന്നു.

വൈറല്‍ വീഡിയോ-

എന്നാല്‍ വീഡിയോ പ്രചരിച്ചതിനെ കുറിച്ച് പോലീസ് പറയുന്നതെന്താണ്?  ജീപ്പിന്‍റെ നമ്പര്‍ കുട്ടി പറഞ്ഞത് സത്യമോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സംഭവം നടന്ന ആദിക്കാട്ടുകുളങ്ങര നൂറനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്നതാണ്. നൂറനാട് എസ്ഐ വി.ബിജുവിനോട് ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ-

സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണ്. അന്നെദിവസം തന്നെ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞത് പ്രകാരം വാഹനത്തിന്‍റെ വണ്ടി നമ്പര്‍ പരിശോധിച്ച് ഇത് ചാലക്കുടി രജിസ്ട്രേഷന്‍ ആണെന്ന് തിരിച്ചറിഞ്ഞു. അര മണിക്കൂറിനുള്ളില്‍ തന്നെ ചാലക്കുടി പോലീസ് വാഹനം ഉടമയുടെ വീട്ടില്‍ എത്തി. എന്നാല്‍ ജീപ്പ് അവരുടെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഒരു കുടുംബത്തിന്‍റെ വീടാണത്. അവരുടെ വയോധികരായ മാതാപിതാക്കള്‍ മാത്രമാണ് ചാലക്കുടിയിലെ വീട്ടില്‍ താമസിക്കുന്നത്. മാത്രമല്ല അവരുടെ ജീപ്പ് മറ്റാര്‍ക്കും കൊടുത്തുവിടാറില്ലെന്നും വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്നു ആദിക്കാട്ടുകുളങ്ങരയില്‍ സംഭവം നടന്നു എന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലെ എല്ലാം സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നും കുട്ടി സൈക്കിളില്‍ പോകുന്നതല്ലാതെ അത്തരമൊരു ജീപ്പ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടിയെ ചുരലുകൊണ്ട് അടിച്ചെന്നും മര്‍ദ്ദിച്ചെന്നും പറഞ്ഞതിനാല്‍ വൈദ്യപരിശോധനയ്ക്കും വിധേനാക്കിയിരുന്നു. എന്നാല്‍ മര്‍ദ്ദനമേറ്റെന്നു പറഞ്ഞ ശരീരഭാഗങ്ങളില്‍ ഒന്നും തന്നെ യാതൊരു തരത്തിലുള്ള പരുക്കുകളുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 90 ശതമാനം ഇതൊരു നുണയാവാനാണ് സാധ്യതയെന്നാണ് പോലീസ് നിഗമനമെന്നും എന്നിരുന്നാലും വ്യാജ നമ്പര്‍ പ്ലേറ്റ് ഉപോയിഗിച്ച മറ്റൊരു വാഹനം ഇത്തരത്തില്‍ ഒരു കുറ്റകൃത്യം നടത്തിയിട്ടുണ്ടോ എന്ന അന്വേഷണം മാത്രമാണ് ഇനി നടത്താന്‍ ബാക്കിയുള്ളതെന്നും എന്നാല്‍ അങ്ങനെയൊന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എസ്ഐ വ്യക്തമാക്കി.

നിഗമനം

ഇതുവരെ നടന്ന വിശദമായ അന്വേഷണത്തില്‍ വീഡിയോയില്‍ പറയുന്നത് പ്രകാരമുള്ള വാഹനമോ അല്ലെങ്കില്‍ കുട്ടിയെ മര്‍ദ്ദിച്ചു എന്നതിനോ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. മാത്രമല്ല പോലീസ് ശേഖരിച്ച വിവരങ്ങള്‍ പൂര്‍ണമായും കുട്ടിയുടെ അവരാശവാദങ്ങള്‍ക്ക് നേര്‍വിപരീതവുമാണ്. അതുകൊണ്ട് തന്നെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ പ്രചരിക്കുന്ന വീഡിയോ പുര്നമായി വിശ്വാസയോഗ്യമല്ല എന്ന് അനുമാനിക്കാം.

Avatar

Title:കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു എന്ന പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്ത്?

Fact Check By: Dewin Carlos 

Result: Mixture