
കല്ലറയിൽ നിന്നുമുണ്ടായ അജ്ഞാത ശബ്ദത്തെ തുടർന്നുള്ള അന്വേഷണത്തിൽ രണ്ടാഴ്ച്ച മുൻപ് അടക്കം ചെയ്ത ആളെ ജീവനോടെ കണ്ടെത്തി…ശരീരം ഏകദേശം അഴുകിയ നിലയിലാണ് കണ്ടെത്തിയത്..!! ഈ തലക്കെട്ട് നല്‍കി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പില്‍ ഏറെ വൈറലായ ഈ വീഡിയോ ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ഞങ്ങള്‍ നായത്തോട്‌കാര്‍ എന്ന പേരിലുള്ള ഒരു പേജില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന വീഡിയോ ഇതിനോടകം നിരവധി പേര്‍ കണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ-

https://www.facebook.com/nayathodenayathode/videos/563278404446246/
എന്നാല്‍ വീഡിയോയില്‍ കാണുന്ന മനുഷ്യനെ യഥാര്‍ത്ഥത്തില്‍ ജീവനോടെ കല്ലറയില്‍ നിന്നും കണ്ടെത്തിയത് തന്നെയാണോ? വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
വീഡിയോയുടെ സ്ക്രീന്‍ഷോട്ട് എടുത്ത് റിവേഴ്‌സ് ഇമേജ് സര്‍ച്ച് ചെയ്തതില്‍ നിന്നും യഥാര്‍ത്ഥ സംഭവത്തെ കുറിച്ചുള്ള സൂചന ഞങ്ങള്‍ക്ക് ലഭിച്ചു. പിന്നീട് റഷ്യന്‍ സമൂഹമാധ്യമത്തില്‍ നിന്നും ലഭിച്ച ഒരു ലിങ്ക് പരിശോധിച്ചതില്‍ നിന്നും അതിലെ ഒരു കമന്‍റില്‍ റഷ്യന്‍ ഭാഷയില്‍ ഇത് കരടി ആക്രമിച്ചതാണെന്ന് വിവരം കണ്ടെത്താന്‍ കഴിഞ്ഞു. ഭാഷ ട്രാന്‍സ്‌ലേറ്റ് ചെയ്തപ്പോഴാണ് വാസ്‌തവം മനസിലാക്കിയത്. പിന്നീട് ഈ കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സര്‍ച്ച് ചെയ്‌തപ്പോള്‍ ഡെയ്‌ലി മെയില്‍ യുകെ, ദ് സ്കോട്ടിഷ് സണ്‍ എന്നീ വാര്‍ത്ത സൈറ്റുകളില്‍ നിന്നും വിശദമായ വാര്‍ത്ത റിപ്പോര്‍ട്ട് ലഭിച്ചു.

റഷ്യയിലെ ഒരു ഗുഹയില്‍ നിന്നും കണ്ടെത്തിയതാണ് വീഡിയോയില്‍ കാണുന്ന മനുഷ്യനെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇയാള്‍ മരിച്ച ശേഷം കല്ലറയില്‍ അടക്കം ചെയ്‌തയാളൊന്നുമല്ല. ഡെയ്‌ലി മെയില്‍ യുകെയുടെ മെയില്‍ ഓണ്‍ലൈന്‍ ജൂണ്‍ 26നു ഇതെകുറിച്ച് പുറത്ത് വിട്ട വാര്‍ത്ത ഇപ്രാകരമാണ്-
റഷ്യയില്‍ നിന്നും മംഗോളിയ ബോര്‍ഡിലേക്ക് പോകുമ്പോള്‍ അതിനടുത്തുള്ള തുവ എന്ന മേഖലയിലെ ഒരു ഗുഹയില്‍ നിന്നും വേട്ടപ്പട്ടികളാണ് ഇത്തരത്തില്‍ ഒരു മനുഷ്യ ശരീരം കണ്ടെത്തിയത്. മമ്മിയെന്ന് തോന്നിക്കുന്ന തരത്തില്‍ പഴകിയ മൃതദേഹമെന്ന് കരുതിയെങ്കിലും ഇയാള്‍ക്ക് ജീവനുണ്ടായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് ഇയാള്‍ വ്യക്തമാക്കുന്നത്. അലക്‌സാണ്ടര്‍ എന്നാണ് വീഡിയോയില്‍ കാണുന്ന മനുഷ്യന്‍റെ പേര്. ഏകദേശം ഒരു മാസം മുന്‍പ് വനമേഖലയില്‍ വെച്ച് കരടി ഇയാളെ ആക്രമിക്കുകയായിരുന്നു. പിന്നീട് കരടി അലക്‌സാണ്ടറിനെ അതിന്‍റെ ഗുഹയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. എന്നാല്‍ അപ്പോള്‍ തന്നെ കരടി അയാളെ ഭക്ഷിക്കാതെ പിന്നീടുള്ള ഭക്ഷണമായി സൂക്ഷിച്ചു വയ്ക്കുകയും ചെയ്‌തു. ആക്രമണത്തില്‍ നട്ടില്ലെന്ന് സാരമായി പരുക്കേറ്റ അല്‌ക്‌സാണ്ടറിന് ഗുഹയില്‍ നിന്നും രക്ഷപെടാന്‍ കഴിഞ്ഞില്ല. സ്വന്തം മൂത്രം കുടിച്ചാണ് ഈ ഒരു മാസം താന്‍ ജീവന്‍ നിലനിര്‍ത്തിയതെന്ന് അലക്‌സാണ്ടര്‍ ഡോക്‌ടര്‍മാരോട് പറഞ്ഞു. അല്‌ക്‌സാണ്ടറിന്‍റെ തൊലിയും മാംസവും പൂര്‍ണമായി ഉണങ്ങി രണ്ടു കണ്ണുകളും ഭാഗികമായി മാത്രം തുറക്കാന്‍ കഴിയും വിധമാണ് വേട്ടക്കാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കൈകളുടെ ചലിപ്പിക്കുന്നുണ്ടെന്നും ബോധത്തോടെ സംസാരിക്കുന്നുണ്ടെന്നും ഡോക്ർമാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത്രയും പരിതാപകരമായ അവസ്ഥയില്‍ ഇയാള്‍ക്ക് എങ്ങനെ ജീവന്‍ നിലനിന്നു എന്നത് അത്ഭുതപ്പെടുത്തുന്നതായും ഡോക്ടര്‍മാര്‍ പ്രതികരിച്ചതായി ഡെയ്‌ലി മെയില്‍ യുകെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Live News 247 YouTube News Video :
ദ് സ്കോട്ടിഷ് സണ്‍ എന്ന യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമവും ഇതെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്-

Archived Link | Archived Link |
നിഗമനം
യഥാര്‍ത്ഥ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ക്യാപ്ഷന്‍ നല്‍കി ജനങ്ങളെ പറ്റിക്കുന്ന തരത്തിലാണ് കരടിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടയാളിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. കല്ലറയില്‍ അടക്കം ചെയ്‌തയാളെ തിരികെ ജീവനോടെ കണ്ടെത്തി എന്ന പേരിലൊക്കയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഇത്തരം അടിസ്ഥാനരഹിതവും യുക്‌തിരഹിതവുമായ വീഡിയോകള്‍ വിശ്വസിച്ച് ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് വസ്‌തുത എന്താണെന്ന് ഒന്ന് അന്വേഷിക്കുന്നതാണ് ഉചിതം.

Title:വൈറല്‍ വീഡിയോ; ഈ മനുഷ്യനെ അടക്കം ചെയ്‌ത ശേഷം ജീവനോടെ കല്ലറിയില്‍ നിന്നും കണ്ടെത്തിയതോ?
Fact Check By: Harishankar PrasadResult: False
