
ബീഹാറിലെ വോട്ടർ പട്ടികയില്‍ കൃത്രിമങ്ങൾ നടന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തതയുള്ള വോട്ടർ പട്ടിക നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് 20ലധികം ജില്ലകളിലായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന വോട്ട് അധികാര്‍ യാത്രയ്ക്ക് ജനപങ്കാളിത്തം കുറവാണ് എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
യാത്രയില്‍ ആളില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ രാഹുല്‍ഗാന്ധിയുടെ വാഹനവും അകമ്പടി വാഹനങ്ങളും കടന്നുവരുന്നത് കാണാം. വോട്ട് അധികാര്‍ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഭാവി പ്രധാനമന്ത്രി രാഹുൽ ഗാന്ധിയുടെ യാത്രക്ക് ആളില്ല റോഡുകൾ ശൂന്യമാണ്
• പൊതുജനങ്ങൾ ഇല്ല, കോൺഗ്രസ് പ്രവർത്തകർ പോലും ഇല്ല”
എന്നാല്‍ ഈ ദൃശ്യങ്ങള്‍ പഴയതാണെന്നും ബീഹാര്‍ യാത്രയുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ PTI വാര്‍ത്താ ഏജന്‍സിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കണ്ടെത്തി.
https://www.instagram.com/reel/DNe5rFwA0wn/?utm_source=ig_web_copy_link
ബീഹാറിലെ ഔറംഗാബാദിലെ സൂര്യക്ഷേത്രം സന്ദര്‍ശിക്കുന്ന രാഹുല്‍ഗാന്ധിയുടെ ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വോട്ടര്‍ അധികാര്‍ യാത്രയുടെ രണ്ടാംദിവസമായിരുന്നു സന്ദര്‍ശനമെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവും കൂടെയുണ്ടായിരുന്നുവെന്നും പിടിഐ റിപ്പോര്‍ട്ടിലുണ്ട്.
ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട മറ്റ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ദി ട്രിബ്യൂണ്‍ നല്‍കിയ വാര്‍ത്തയില്‍ പ്രചരിക്കുന്ന വീഡിയോയിലെ അതേ വാഹനങ്ങള്‍ കാണാം.
ക്ഷേത്രദര്‍ശനത്തിന് മുന്‍പോ ശേഷമോ നടന്ന യാത്രയിലെ ദൃശ്യങ്ങളാകാമിത്. ക്ഷേത്രദര്‍ശന സമയത്ത് ക്ഷേത്രത്തിനകത്തേക്ക് കുറച്ചുപേര്‍ മാത്രമാകാം കയറിയതെന്ന സൂചന ലഭിച്ചു.
നിന്നും വോട്ടര്‍ അധികാര്‍ യാത്രയുടെ രണ്ടാം ദിനമായ ഓഗസ്റ്റ് 18നാണ് രാഹുല്‍ ഗാന്ധി സൂര്യ ക്ഷേത്രത്തിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞുള്ള ദൃശ്യങ്ങള്‍ തിരഞ്ഞപ്പോള്‍ ലൈവ് ഹിന്ദുസ്ഥാന്‍ വീഡിയോയില്‍ വോട്ട് അധികാര്‍ യാത്രയ്ക്ക് ഔറംഗബാദില്‍ മികച്ച ജനപങ്കാളിത്തമുണ്ടായിരുന്നുവെന്ന് കാണാന്‍ കഴിഞ്ഞു.
നിഗമനം
ബീഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ ആളില്ലെന്ന തരത്തില്‍ പ്രചരിക്കുന്നത് യാത്രയ്ക്കിടയില്‍ രാഹുല്‍ ഗാന്ധി കുറച്ച് പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം ക്ഷേത്രദര്‍ശനം നടത്തിയ സമയത്തെ ദൃശ്യങ്ങളാണ്. വോട്ടര്‍ അധികാര്‍ യാത്രയില്‍ ആളില്ലെന്ന പ്രചരണം തെറ്റിധരിപ്പിക്കുന്നതാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:രാഹുൽ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ജനപങ്കാളിത്തമില്ലെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…
Fact Check By: Vasuki SResult: Misleading
