
വിവരണം
2008 ഓഗസ്റ്റില്‍ കേരളത്തിലെ ആദ്യത്തെ എടിഎം മെഷീന്‍ മൂന്നാറില്‍ എസ്ബിഐ സ്ഥാപിച്ചപ്പോള്‍ അതിന്‍റെ മുന്‍പില്‍ ചെങ്കൊടി കെട്ടി സമരം ചെയ്തു. ബാങ്ക് ജീവനക്കാരുടെ പണി പോകുമെന്നായിരുന്നു ആരോപണം. എന്ന പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നം ഉള്‍പ്പടെ ചേര്‍ത്തൊരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വിജയന്‍ അയിരൂര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,500ല്‍ അധികം ഷെയറുകളും 230ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Facebook Post | Archived Link |
എന്നാല്‍ കേരളത്തിലെ ആദ്യ എടിഎം മെഷീന്‍ സ്ഥാപിച്ചത് 2008ല്‍ മൂന്നാറാണോ? അന്നാണോ ഇടത് പാര്‍ട്ടി അതിനെതിരെ സമരം ചെയ്തത്? എസ്ബിഐയുടെ എടിഎം ആണോ കേരളത്തില്‍ ആദ്യമായി സ്ഥാപിച്ചത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
എടിഎം സമരം എന്ന കീവേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ കേരളത്തിലെ ആദ്യ എടിഎമ്മിനെ കുറിച്ച് മലയാള മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് കണ്ടെത്താന്‍ കഴിഞ്ഞു. നാല് വര്‍ഷം മുന്‍പ് അതായത് 2016 ഡിസംബര്‍ ഒന്നിനാണ് മനോരമ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ ആദ്യ എടിഎം അടച്ചു പൂട്ടുന്നു എന്നതാണ് വാര്‍ത്ത. റിപ്പോര്‍ട്ട് ഇങ്ങനെയാണ്- 1993 ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരം വെള്ളയമ്പലത്ത് ബ്രിട്ടിഷ് ബാങ്ക് ഓഫ് ദ് മിഡില്‍ ഈസ്റ്റ് (ഇപ്പോഴത്തെ എച്ച്എസ്ബിസി) ആദ്യ എടിഎം മെഷീന്‍ സ്ഥാപിക്കുന്നത്. എന്നാല്‍ ബാങ്കിന്‍റെ വെള്ളയമ്പലം ബ്രാഞ്ച് അടച്ചുപൂട്ടുന്നതോടെയാണ് ആദ്യ എടിഎമ്മും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബാങ്ക് ജീവനക്കാരുടെ തൊഴിലിനെ ബാധിക്കുമെന്ന പേരില്‍ ഇടത് തൊഴിലാളി സംഘടനകള്‍ സമരം ചെയ്തിരുന്നു എന്നും ദിവസങ്ങള്‍ക്കുള്ളില്‍ സമരം തണുക്കുകയും സമരം ചെയ്തവര്‍ തന്നെ എടിഎം ഉപയോഗിച്ച് തുടങ്ങിയെന്നും മനോരമ റിപ്പോര്‍ട്ട് വിശദമാക്കന്നു.
മലയാള മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട്-

Manorama Online | Archived Link |
നിഗമനം
ഇന്നത്തെ എച്ച്എസ്ബിസി അതായത് 1993ലെ ബ്രിട്ടിഷ് ബാങ്ക് ഓഫ് ദ് മിഡില്‍ ഈസ്റ്റാണ് കേരളത്തില്‍ ആദ്യമായി എടിഎം സ്ഥാപിച്ചതെന്ന് വ്യക്തമായി കഴിഞ്ഞു. പോസ്റ്റില്‍ അവകാശവാദം ഉന്നയിക്കുന്നത് പോലെ എസ്ബിഐയുമല്ല 2008ല്‍ മൂന്നാറിലുമല്ല ആദ്യ എടിഎം സ്ഥാപിച്ചതെന്ന് വ്യക്തമായി കഴിഞ്ഞു. അതെ സമയം ഇടത് സംഘടനകള്‍ എടിഎമ്മിനെതിരെ സമരം ചെയ്തിരുന്നു എന്ന വാദം സത്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് പോസ്റ്റ് ഭാഗികമായി തെറ്റാണെന്ന് അനുമാനിക്കാം.

Title:കേരളത്തിലെ ആദ്യ എടിഎം 2008ല്‍ മൂന്നാറില്‍ സ്ഥാപിച്ചപ്പോഴാണോ ഇടത് പാര്‍ട്ടികള്‍ എടിഎം വിരുദ്ധ സമരം ചെയ്തത്?
Fact Check By: Dewin CarlosResult: Parlty False
