
വിവരണം
Asianet News
എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 നവംബർ 17 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നല്കിയിരിക്കുന്നത്. “വിജയത്തിന് പിന്നാലെ വെട്ടിനിരത്തൽ: വികെ പ്രശാന്തിനെ ഉദ്ഘാടക സ്ഥാനത്ത് നിന്ന് ഒഴിവാക്കി സിപിഎം” എന്ന അടിക്കുറിപ്പുമായി ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്.
archived link | FB Post |
“തിരുവനന്തപുരം സര്‍ക്കിൾ സഹകരണ യൂണിയന്‍റെ സഹകരണ വാരാഘോഷ പരിപാടിയിലെ ഉദ്ഘാടക സ്ഥാനത്ത് നിന്നാണ് അവസാന നിമിഷം വി കെ പ്രശാന്തിനെ ഒഴിവാക്കിയത്. വികെ പ്രശാന്തിന് പകരം കാട്ടാക്കട എംഎൽഎ ഐബി സതീഷിനെയാണ് താലൂക്ക് തല ഉദ്ഘാടകനായി എത്തിച്ചത്. സിപിഎം ആധിപത്യമുള്ള സഹകരണ യൂണിയനിൽ ഉദ്ഘാടന സ്ഥാനത്ത് സ്ഥാനത്ത് നിന്ന് അവസാന നിമിഷം ഉദ്ഘാടകനെ മാറ്റിയതിന് പിന്നിൽ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്‍റെ ഇടപെടൽ ഉണ്ടായെന്നാണ് ആരോപണം. ഉദ്ഘാടകൻ മാറിയ സാഹചര്യത്തിൽ ആദ്യമിറക്കിയ നോട്ടീസ് അടക്കം സംഘാടകര്‍ മാറ്റി ഇറക്കിയിരുന്നു….” ഇങ്ങനെയാണ് വാർത്തയുടെ വിവരണം.”
archived link | asianet news |
ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ താഴെ വായിക്കാം.
archived link | doolnews |
archived link | eastcoast daily |
archived link | manorama online |
2019 ലെ പ്രളയ സമയത്ത് മികച്ച ദുരിതാശ്വാസ പ്രവർത്തനം കാഴ്ചവച്ച് വാർത്തകളിൽ ഇടംപിടിച്ച നേതാവാണ് തിരുവനന്തപുരം മേയറായിരുന്ന വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്. വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ വികെ പ്രശാന്തിനെ സ്ഥാനാർത്ഥിയായി പാർട്ടി ഐകകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ പരിഗണന ലഭിച്ച വികെ പ്രശാന്തിനെ പാർട്ടി തന്നെ ഒഴിവാക്കിയോ..?
നമുക്ക് ഈ വാർത്തയുടെ വസ്തുത അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഈ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഞങ്ങൾ തിരഞ്ഞു നോക്കിയപ്പോൾ ചില ഓൺലൈൻ മാധ്യമങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടു. എല്ലാ മാധ്യമങ്ങളും ഏതാണ്ട് ഒരേ രീതിയിൽ തന്നെയാണ് വാർത്ത നൽകിയിരിക്കുന്നത്. വികെ പ്രശാന്തിനെ സിപിഎം തന്നെ സഹകരണ വാരാഘോഷത്തിന്‍റെ ഉദ്ഘാടക സ്ഥാനത്ത് നിന്നും ഒഴിവാക്കി എന്നുതന്നെയാണ് മാദ്ധ്യമവാർത്തകൾ.
എന്നാൽ വികെ പ്രശാന്തിന്റെ ഫേസ്‌ബുക്ക് പേജിൽ അദ്ദേഹം ഇത് സംബന്ധിച്ച വിയോജനക്കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. കുറിപ്പ് താഴെ കൊടുക്കുന്നു.
archived link | V K Prasanth |
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നെറ്റ്‌വർക്കിലെ തകരാർ മൂലം അദ്ദേഹത്തെ ലഭ്യമായില്ല. അദ്ദേഹത്തിന്‍റെ മറുപടി ലഭിച്ചാലുടൻ ഞങ്ങൾ ലേഖനത്തിൽ കൂട്ടിച്ചേർക്കുന്നതാണ്.
കൂടാതെ ഞങ്ങൾ സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി ചെയർമാനും കൺവീനറുമായ മുൻ എംഎൽഎ കോലിയക്കോട് കൃഷ്ണൻ നായരോട് വിശദീകരണം തേടി. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് വിശദീകരിച്ചത് ഇങ്ങനെയാണ്:
ഇത് പൂർണ്ണമായും വ്യാജ വാർത്തയാണ്. വികെ പ്രശാന്തിനെയാണ് ഞങ്ങൾ ആദ്യം ഉൽഘാടകനായി തീരുമാനിച്ചിരുന്നത്. എന്നാൽ ഉദ്ഘാടന തീയതിയിൽ അദ്ദേഹത്തിന് സ്വന്തം മണ്ഡലത്തിൽ ചില പരിപാടികളിൽ പങ്കെടുക്കേണ്ടുന്നതിനാൽ ചില അസൗകര്യങ്ങൾ വന്നു. അതിനാൽ അദ്ദേഹത്തിന് പകരം മറ്റൊരാളെ തീരുമാനിക്കുകയായിരുന്നു. പാർട്ടിയിലെ പ്രശ്നങ്ങൾ മൂലമാണ് പ്രശാന്തിനെ നീക്കം ചെയ്തത് എന്നൊക്കെ വെറുതെ നുണ പ്രചാരണമാണ്.”
വികെ പ്രശാന്തിന്റെ ഫേസ്ബുക്ക് പേജിലെ വിശദീകരണം ആധാരമാക്കി ന്യൂസ് 18 മലയാളം വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
archived link | malayalam news18 |
ഈ വാർത്തയിലെ വിവരങ്ങൾ തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാകുന്നു. സിപിഎം പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ട് വികെ പ്രശാന്ത് എംഎൽഎയെ സഹകരണ യൂണിയൻ വാരാഘോഷത്തിന്‍റെ ഉദ്ഘാടക സ്ഥാനത്തു നിന്ന് നീക്കിയിട്ടില്ല.
നിഗമനം
ഈ വാർത്തയിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും തെറ്റാണ്. സിപിഎം പാട്ടി ജില്ലാ നേതൃത്വത്തിന്‍റെ ഇടപെടൽ മൂലമല്ല വികെ പ്രശാന്ത് ഉദ്ഘാടക സ്ഥാനത്തു നിന്ന് ഒഴിവായത്. അദ്ദേഹത്തിന് സ്വന്തം മണ്ഡലത്തിൽ അതേ ദിവസം ഒഴിച്ചുകൂടാനാകാത്ത പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നു. അതിനാൽ വികെ പ്രശാന്തിന് പകരം കാട്ടാക്കട എംഎൽഎ ഐബി സതീഷ് ഉദ്ഘാടക സ്ഥാനത്ത് എത്തുകയായിരുന്നു. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു
അപ്ഡേറ്റ് : വികെ പ്രശാന്തിനോട് ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു. അദ്ദേഹം നല്കിയ വിശദീകരണം ഇങ്ങനെയാണ്: “എനിക്കു അതേ തിയതിയില്‍ മണ്ഡലത്തില്‍ പ്രോഗ്രാം ഉണ്ടായിരുന്നു. നേരത്തെ മറ്റൊരു ത്തിയതിയില്‍ നിശ്ചയിച്ചിരുന്ന പരിപാടി ഈ തിയതിയിലേയ്ക്ക് ചില തദശങ്ങള്‍ വന്നതുമൂലം മാറ്റിവച്ചതാണ്. എന്നെ പാര്‍ട്ടി ഒഴിവാക്കി എന്നത് വെറും നുണ പ്രചരണമാണ്. ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചതിനാല്‍ ഞാന്‍ തന്നെ ഫേസ്ബുക്കില്‍ വിശദീകരണം നല്കിയിരുന്നു.”
സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസുമായി ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെപി ശ്രീകുമാര്‍ ഞങ്ങളുടെ പ്രതിനിധിക്ക് നല്കിയ വിശദീകരണം താഴെ കൊടുക്കുന്നു:
“ഇത് പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ്. പാര്‍ട്ടിക്കുള്ളില്‍ ഭീന്നാഭിപ്രായമുണ്ടായതിനെ തുടര്‍ന്നല്ല വികെ പ്രശാന്ത് ഉല്‍ഘാടക സ്ഥാനത്ത് നിന്ന് മാറിയത്. അദ്ദേഹത്തിന് സ്വന്തം മണ്ഡലത്തിലെ ചില തിരക്കുകള്‍ ഉണ്ടെന്ന് പറഞ്ഞ് അസൌകര്യം അറിയിച്ചിരുന്നു. ഇതാണ് യാദാര്‍ഥ്യം. ബാക്കിയൊക്കെ നുണ പ്രചരണങ്ങളാണ്”

Title:സഹകരണ വാരാഘോഷ പരിപാടിയിലെ ഉദ്ഘാടക സ്ഥാനത്ത് നിന്നാണ് അവസാന നിമിഷം വികെ പ്രശാന്തിനെ ഒഴിവാക്കിയോ..?
Fact Check By: Vasuki SResult: False
