
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഉയർന്ന തീരുവ ചുമത്തിയ നടപടിക്ക് ശേഷം ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. പിന്നീട് ചൈനയുമായുള്ള അടുപ്പം വളരുന്നതിന്‍റെ സൂചനയായി നരേന്ദ്ര മോദി ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കുത്ത് ചൈന സന്ദര്‍ശനം നടത്തുകയുണ്ടായി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിനോട് പറഞ്ഞുവെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍ പഴയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മുന്‍ കോണ്‍ഗ്രസ് ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയും ചൈനീസ് പ്രതിനിധി സംഘത്തെ സ്വീകരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ വീഡിയോയാണെന്നും പ്രധാനമന്ത്രിയെ മാറ്റി നിര്‍ത്തി അതിഥികളെ സ്വീകരിച്ചത് സോണിയ ഗാന്ധിയാണെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ചൈനയുടെ പ്രസിഡന്റിനെ കാണാ൯ ഇറച്ചിക്കടയുടെ വാതുക്കൽ പട്ടി കാവൽ നില്ക്കുന്നതുപോലെ കാത്തുകിടന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യ൯ പ്രധാനമന്ത്രി
മ൯മോഹനും , മദാമ്മക്കും
അന്ന് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഒരു പട്ടിയുടെ വിലപോലും ചൈന കൊടുത്തിരുന്നില്ല ,
തലേക്കെട്ടുകാര൯ pm നെ സൈഡാക്കി മദാമ്മ പ്രധാനമന്ത്രികളിച്ച ആ നശിച്ച കാലം
” ചരിത്രം വഴിമാറും ചില൪വരുമ്പോൾ “
ഇന്ന് റെഡ്കാ൪പെറ്റ് വിരിച്ച് ഔദ്യോഗീകബഹുമതിയോടെ ഇന്ത്യ൯ പ്രധാനമന്ത്രിയെ ചൈന സ്വീകരിക്കുന്നത് കണ്ട് കുരുപൊട്ടുന്ന കൊങ്ങികൾ ഈ video കണ്ട് വിലയിരുത്തുക !!!”
എന്നാല്‍ വീഡിയോ ന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തേതല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2015 ജൂണ്‍ 16-ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും സമാന വീഡിയോകളും ചിത്രങ്ങളും ലഭിച്ചു.
പോസ്റ്റുകളിലെ വിവരണം അനുസരിച്ച് അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയും ഒരു ചൈനീസ് പ്രതിനിധി സംഘവും തമ്മിലുള്ള കൂടിക്കാഴ്ചയാണിത്. ആ സമയത്ത് മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നില്ല. 2004 മുതല്‍ 2014 വരെയുള്ള വിവിധ കാലങ്ങളിലാണ് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത്.
ചൈനീസ് പ്രതിനിധി സംഘവും സോണിയ ഗാന്ധിയും തമ്മിലുള്ള വാര്‍ത്തകള്‍ ലഭ്യമാണ്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഓഫ് ചൈനയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ ഷാങ് ഡെജിയാങ്, 2015 ജൂണ്‍ 16-ന് സോണിയ ഗാന്ധിയെയും മന്‍മോഹന്‍ സിങ്ങിനെയും അവരുടെ വസതിയില്‍ വെച്ച് കണ്ടുമുട്ടി എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. അന്നത്തെ ഇന്ത്യന്‍ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഷാങ് ഡെജിയാങ് സോണിയ ഗാന്ധിയെ വസതിയിലെത്തി സന്ദര്‍ശിച്ചത്.
ഷാങ് ഡെജിയാങ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് 2015 ജൂണ്‍ 15ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സീ ന്യൂസ് 2015 ജൂണ്‍ 16ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പ്രതിനിധി സംഘത്തെ സ്വീകരിക്കുന്ന ചിത്രം കാണാം:

നിഗമനം
ചൈനീസ് പ്രതിനിധി സംഘത്തെ മന്‍മോഹന്‍ സിംഗും സോണിയാ ഗാന്ധിയും ചേര്‍ന്ന് സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരുന്ന കാലത്തേതല്ല. 2015ല്‍ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയുടെ വസതിയില്‍ ചൈനീസ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തുന്ന ദൃശ്യങ്ങളാണിത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ദൃശ്യങ്ങളില്‍ ചൈനീസ് പ്രതിനിധി സംഘത്തെ സ്വീകരിക്കുമ്പോള്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരുന്നില്ല, സത്യമറിയൂ…
Fact Check By: Vasuki SResult: False
