ബ്ലൂ വെയിൽ ഗെയിമിനെതിരെയുള്ള ഈ മുന്നറിയിപ്പ് കേരള സൈബർ പോലീസിന്‍റെതാണോ..?

സാമൂഹികം

വിവരണം 

Cinema Darbaar

എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2018 ജൂൺ 19  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ” *CYBER CELL WARNING*?

Popcorn Carnival എന്ന് പറഞ്ഞോ മറ്റോ എന്തേലും Link നിങ്ങളുടെ facebook ലോ WhatsApp ലോ വന്നാൽ അത് open ചെയ്യരുത്. അത് ? Blue Whale? ഗെയിമിന്റെ Link ആണ്. open ചെയ്താൽ നിങ്ങളുടെ എല്ലാ Data യും Hack ചെയ്യപ്പെടും….

*Kerala Cyber Cell Information*

എല്ലാവരിലും എത്തിക്കു…Forward to Maximum..” എന്ന അടിക്കുറിപ്പിൽ ബ്ലൂ വെയിലിന്റെ ഒരു പ്രതീകാത്മക ചിത്രമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.  2017 മുതൽ ഫേസ്‌ബുക്കിൽ പ്രചരിച്ചു വരുന്ന ഈ പോസ്റ്റ് ഇപ്പോഴും ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

archived linkFB post

popcorn carnival എന്നപേരിലോ മറ്റോ വരുന്ന ലിങ്കുകൾ തുറക്കരുതെന്നും ഇടക്കാലത്ത് വിവാദമായ ബ്ലൂ വെയിൽ ഗെയിമിന്‍റെ ലിങ്കാണിതെന്നും കേരളാ സൈബർ സെൽ മുന്നറിയിപ്പ് തരുന്നു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം. ബ്ലൂ വെയിൽ ഗെയിം കളിച്ച് ഒരു കുട്ടി ആത്മഹത്യ ചെയ്ത വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 

കേരളത്തിലെ സൈബർ പോലീസ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് നൽകിയിരുന്നോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ പോസ്റ്റിലെ വാർത്ത സ്ഥിരീകരിക്കാനായി ഞങ്ങൾ കേരളാ പോലീസിന്‍റെ സൈബർ സെല്ലിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് അവർ നൽകിയതായി യാതൊരു സൂചനകളും വെബ്‌സൈറ്റിൽ കാണാനില്ല. കേരള പോലീസിന്‍റെ വെബ്‌സൈറ്റിലും ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് കാണാനില്ല. 

പോലീസ് മുന്നറിയിപ്പ് എന്ന നിലയിൽ പ്രചരിക്കുന്ന പോസ്റ്റുകളുടെ വസ്തുതാ അന്വേഷണം നടത്തേണ്ടി വരുമ്പോൾ ഞങ്ങൾ ആശ്രയിക്കുന്നത് കേരള പോലീസ് മീഡിയ സെല്ലിനെയാണ്. പോലീസിനെ സംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെയെല്ലാം വിവരങ്ങൾ കൈവശമുള്ളതുകൊണ്ട് വാർത്തയുടെ യാഥാർഥ്യം കൃത്യമായി ഞങ്ങൾക്ക് കൈമാറാറുണ്ട്. അതിനാൽ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ് കേരളാ സൈബർ പോലീസ് പുറത്തു വിട്ടതാണോ എന്നറിയാൻ ഞങ്ങൾ കേരള പോലീസ് മീഡിയ സെൽ ഡെപ്യുട്ടി ഡയറക്ടർ പ്രമോദ് കുമാറുമായി ബന്ധപ്പെട്ടു. ” കേരള സൈബർ പോലീസ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് എവിടെയും പ്രസിദ്ധീകരത്തിന്  നൽകിയിട്ടില്ല. കേരള പോലീസും നൽകിയിട്ടില്ല. ഇത് വ്യാജ പ്രചരണമാണ്” ഇതാണ് അദ്ദേഹം നല്കിയ മറുപടി.

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ് കേരള പോലീസിന്‍റെ പേരിൽ മറ്റാരോ വ്യാജമായി പ്രചരിപ്പിച്ചു തുടങ്ങിയതാണ് എന്നാണ്. അപകടകരമായ ബ്ലൂ വെയിൽ ഗെയിമിനെതിനെതിരെയുള്ള പോസ്റ്റായതിനാൽ അധികാരികതയ്ക്കായി പോലീസിന്‍റെ പേര് ഉപയോഗിച്ചതാകാം.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ബ്ലൂ വെയിൽ ഗെയിമിനെതിരെയുള്ള മുന്നറിയിപ്പായി പ്രചരിക്കുന്ന പോസ്റ്റ് കേരള സൈബർ പോലീസ് പ്രസിദ്ധീകരിച്ചതല്ല. സൈബർ സെല്ലിന്‍റെ പേര് അനധികൃതമായി ഉപയോഗിച്ച് പോസ്റ്റ് പ്രചരിപ്പിക്കുകയാണ്. അതിനാല്‍ ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു 

Avatar

Title: ബ്ലൂ വെയിൽ ഗെയിമിനെതിരെയുള്ള ഈ മുന്നറിയിപ്പ് കേരള സൈബർ പോലീസിന്‍റെതാണോ..?

Fact Check By: Vasuki S 

Result: False