
വിവരണം
വഴിച്ചേരി മാർക്കറ്റിൽ 3 പേർക്ക് covid, Market closed എന്ന തലക്കെട്ട് നല്‍കി ഒരു ചിത്രവും സഹിതം ജൂണ്‍ 27 മുതല്‍ ഒരു വാട്‌സാപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. ഇതെ സന്ദേശവും ചിത്രവും ചിലര്‍ ഫെയ്‌സ്ബുക്കിലും മെസ്സഞ്ചിറിലും പ്രചരിപ്പിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ നഗരപ്രദേശമായ ആലപ്പുഴ നഗരസഭയിലെ വഴിച്ചേരി വാര്‍ഡിലെ മാര്‍ക്കറ്റില്‍ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും അതിനാല്‍ മാര്‍ക്കറ്റ് പോലീസ് അടച്ചു പൂട്ടി നിരോധനം ഏര്‍പ്പെടുത്തി എന്നുമാണ് പ്രചരണം.
വാട്‌സാപ്പിലെ പ്രചരണത്തിന്‍റെ സ്ക്രീന്‍ഷോട്ട്-
പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുന്ന ചിത്രം-
എന്നാല്‍ വഴിച്ചേരി എന്ന സ്ഥലത്ത് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടോ? രോഗം സ്ഥിരീകരിച്ചതിനാലാണോ ഗതാഗതം നിരോധച്ചത്? മാര്‍ക്കറ്റ് അടച്ച് പൂട്ടിയോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
സംഭവത്തെ കുറിച്ച് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി വഴിച്ചേരി നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു തോമസുമായി ഫോണില്‍ ബന്ധപ്പെട്ടു. കൗണ്‍സിലര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്-
മൊത്ത വ്യാപാരത്തിനും ചില്ലറ വ്യാപരത്തിനും പച്ചക്കറിയും മത്സ്യവും മാംസവും എല്ലാം സുലഭമായി ലഭിക്കുന്ന സ്ഥലമാണ് വഴിച്ചേരി മാര്‍ക്കറ്റ്. പച്ചക്കറി ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ചരക്കുലോറികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുമാണ്. ആരോഗ്യവകുപ്പും സര്‍ക്കാരും നല്‍കുന്ന കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. മാസ്‌ക് ഉപയോഗിക്കാതെ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും പതിവാണ്. വഴിച്ചേരി എന്നത് ഒരു മാര്‍ക്കറ്റ് പ്രദേശം മാത്രമെന്നതിന് പുറമെ ജനവാസ കേന്ദ്രം കൂടിയാണ്. വലിയ തിരക്കുള്ള സ്ഥലമായത് കൊണ്ട് തന്നെ ഇതരസംസ്ഥാനങ്ങളില്‍ വരുന്നവരുമായുള്ള സമ്പര്‍ക്കം ആപത്തായി മാറാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ആരോഗ്യവകുപ്പും പോലീസും ഇടപെട്ട് ചരക്ക് ലോറികള്‍ മാര്‍ക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കാന്‍ വേണ്ടി മാത്രമാണ് ബാരിക്കേഡ് സ്ഥാപിച്ചത്. ട്രാഫിക്ക് പോലീസാണ് ബാരിക്കേഡ് സ്ഥാപിച്ചത്. അല്ലാതെ വഴിച്ചേരിയില്‍ ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും കൗണ്‍സിലര്‍ ബിന്ദു തോമസ് വ്യക്തമാക്കി
ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴും അവരും കൗണ്‍സിലര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിവെച്ചു.
ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വ്യാജ പ്രചരണത്തെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചതും കണ്ടെത്താന്‍ കഴിഞ്ഞു-
നിഗമനം
തിരക്ക് ഒഴിവാക്കാന്‍ മാര്‍ക്കറ്റ് റോഡിലെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വേണ്ടി മാത്രമാണ് പോലീസ് ബാരക്കേഡ് സ്ഥാപിച്ചതെന്ന് വ്യക്തമായി കഴിഞ്ഞു. ഇതുവരെ ആര്‍ക്കും തന്നെ ഈ പ്രദേശത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ആലപ്പുഴ വഴിച്ചേരി മാര്‍ക്കറ്റ് റോഡ് പ്രദേശത്ത് കോവിഡ് സ്ഥിരീകരിച്ചതിനെ തുറന്ന് റോഡ് അടച്ചുപൂട്ടി എന്ന പ്രചരണം വ്യാജം..
Fact Check By: Dewin CarlosResult: False
