
വിവരണം
പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം ബില്ലിലെ വില സംബന്ധിച്ച് ഉന്നയിച്ച പ്രശ്നങ്ങളായിരുന്ന കഴിഞ്ഞ ദിവസങ്ങളിലെ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും ആലപ്പുഴ കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് റെസ്റ്റോറന്‍റ് 184 രൂപ ഈടാക്കിയതിനെ തുടര്‍ന്ന് എംഎല്‍എ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് വരുകയായിരുന്നു. റെസ്റ്റോറന്‍റ് അമിത വിലയാണ് ഈടാക്കുന്നതെന്ന് ആരോപിച്ച് എംഎല്‍എ കളക്ടര്‍ക്ക് പരാതി നല്‍കുകയും പിന്നീട് റെസ്റ്റോറന്‍റില്‍ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധനയും നടത്തി. എന്നാല്‍ എംഎല്‍എയുടെ പരാതിക്ക് പിന്നാലെ കേരള കൗമുദി ദിനപത്രം എംഎല്‍എ ബില്ല് തുക നല്‍കാതെയാണ് പരാതി നല്‍കിയതെന്ന വാര്‍ത്ത നല്‍കി. ഹോട്ടല്‍ ഉടമ ലേഖകനോട് ഈ കാര്യം വിശദീകരിച്ചു എന്നു വാര്‍ത്തയില്‍ പറയുന്നു. ഈ വാര്‍ത്ത കട്ടിങ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാനും തുടങ്ങി. പ്രശാന്ത് രവീന്ദ്രന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വാര്‍ത്തയ്ക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ എംഎല്‍എ പണം നല്‍കാതെയാണോ ഹോട്ടലില്‍ നിന്നും മടങ്ങിയത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ ഞങ്ങളുടെ പ്രതിനിധി ആലപ്പുഴ എംഎല്‍എയായ പി.പി.ചിത്തരഞ്ജനുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം സംഭവത്തെ കുറിച്ച് മറുപടി പറഞ്ഞതിങ്ങനെയാണ്-
ഒരു സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന തനിക്ക് 5 രൂപയുടെ മുട്ട കൊണ്ട് ഉണ്ടാക്കുന്ന മുട്ടക്കറിക്ക് 50 രൂപയും പാലപ്പത്തിന് 15 രൂപയും ഈടാക്കിയപ്പോള്‍ ഇത് അമിത വിലയായി തന്നെയാണ് തോന്നിയത്. അമിത വിലയാണെന്ന ബോധ്യമുള്ളത് കൊണ്ട് തന്നെയാണ് റെസ്റ്റോറന്‍റിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ ഇതിന്‍റെ പേരില്‍ ചില മാധ്യമങ്ങള്‍ വ്യാജ പ്രചരണത്തിലൂടെ തന്‍റെ വായ അടപ്പിക്കാന്‍ ശ്രമിച്ചു. താന്‍ പണം നല്‍കിയോ ഇല്ലയോ എന്നത് റെസ്റ്റോറന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തെളിവ് സഹിതം ലഭിക്കുമെന്നും പണം നല്‍കിയ ശേഷമാണ് റെസ്റ്റോറന്‍റിലെ ഉത്തരവാദിത്തപ്പെട്ടവരോട് അമിത വിലയെ കുറിച്ച് പറഞ്ഞതും. വ്യാജ പ്രചരണങ്ങള്‍ തനിക്കെതിരെ പടച്ചു വിട്ടാല്‍ അതൊന്നും കണ്ട് തന്നെ വാടി പോകുന്നവനല്ലെന്നും എംഎല്‍എ പറഞ്ഞു.
കണിച്ചുകുളങ്ങരിയിലെ പീപ്പിള്‍സ് റെസ്റ്റോറന്‍റെ മാനേജിങ് പാര്‍ട്‌നര്‍ എം.ജെ.തോമസ് ഞങ്ങളോട് വിഷയത്തെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്-
പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ പണം നല്‍കിയ ശേഷമാണ് വിലയെ കുറിച്ച് അറിയിച്ചത്. അമിത വിലയാണ് ഈടാക്കുന്നതെന്ന പരാതി എംഎല്‍എ ഉന്നയിക്കുകയും ചെയ്തു. അതിന് ശേഷം 50 രൂപയുടെ മുട്ടക്കറിക്ക് 40 രൂപയായും 15 രൂപയുടെ അപ്പത്തിനും 10 രൂപയായി റെസ്റ്റോറന്‍റില്‍ നിരക്ക് കുറച്ചു എന്നും അദ്ദേഹം പറഞ്ഞു.
പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ വ്യാജ പ്രചരണത്തിനെതിരെ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് –
നിഗമനം
പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ ഭക്ഷണം കഴിച്ച ശേഷം പണം നല്‍കിയ ശേഷം മാത്രമാണ് റെസ്റ്റോറന്‍റില്‍ നിന്നും മടങ്ങിയതെന്ന് പീപ്പിള്‍സ് റെസ്റ്റോറന്‍റ് മാനേജിങ് പാര്‍ടര്‍ എം.ജെ.തോമസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ഭക്ഷണം കഴിച്ച് പണം നല്‍കാതെ മടങ്ങിയ ശേഷമാണ് പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ റെസ്റ്റോറന്‍റിനെതിരെ പരാതി നല്‍കിയതെന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False
