
വിവരണം
മുൻ സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട് ധ്വാജപ്രണാമം മിത്രമേ എന്ന തലക്കെട്ട് നല്‍കി ചന്ദ്രിക ദിനപത്രത്തിന്‍റെ ഫെയ്‌സബുക്ക് പേജായ ചന്ദ്രിക ഡെയ്‌ലി എന്ന പേജില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഐവൈസി ആന്‍ഡ് കെഎസ്‌യു ഇടവ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 173ല്‍ അധികം റിയാക്ഷനുകളും 53ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് ബിജിപെയില്‍ ചേരുമെന്ന പ്രചരണം സത്യമാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ ചന്ദ്രിക ഡെയ്‌ലി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഈ വാര്‍ത്ത നല്‍കിയിട്ടുണ്ടോ എന്നാണ് ഞങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു വാര്‍ത്ത ചന്ദ്രികയുടെ പേജില്‍ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ ഫാക്‌ട് ക്രെസെന്‍ഡോയുടെ ഒരു വായനക്കാരന്‍ ഞങ്ങള്‍ക്ക് ചന്ദ്രിക ഡെയ്‌ലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ ലിങ്ക് വാട്സാപ്പില്‍ അയച്ചു നല്‍കിയിരുന്നു. ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന അതെ വാര്‍ത്തയുടെ ലിങ്ക് തന്നെയാണതെന്ന് സ്ഥിരീകരിക്കാനും സാധിച്ചു. പിന്നീട് നീക്കം ചയ്തതാണെന്ന് ഇതില്‍ നിന്നും മനസിലാക്കാം.
സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവായ പ്രകാശ് കാരാട്ട് സിപിഎം വിടുന്ന എന്നത് ഗുരുതരമായ ഒരു രാഷ്ട്രീയ ആരോപണമാണ്. ഇതിനെ കുറിച്ച് വ്യക്തത വരുത്താന്‍ പ്രകാശ് കാരാട്ടുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്നും ചന്ദ്രികയാണ് പ്രചരപ്പിച്ചതെന്നും പിന്നീട് അവര്‍ അത് നീക്കം ചെയ്ത് മാപ്പ് പറഞ്ഞെന്നും പ്രകാശ് കാരാട്ട് മറുപടി നല്‍കി.
ചന്ദ്രിക ഡെയ്‌ലി തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണോ ഇത്തരമൊരു വാര്‍ത്ത നല്‍കയതെന്നും തെറ്റ് മനസിലാക്കി വാര്‍ത്ത നീക്കം ചെയ്തതാണോ എന്നും അറിയാന്‍ ചന്ദ്രികയുടെ ഹെഡ് ഓഫിസ് സ്ഥിതി ചെയ്യുന്ന കോഴിക്കോട് ബ്യൂറോയുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിശദീകരണം ചന്ദ്രികയുടെ ഭാഗത്ത് നിന്നും ഇതുവരെ ലഭ്യമായിട്ടില്ല. ചന്ദ്രിക ദിവപത്രത്തിന്‍റെ വിശദീകരണം ലഭിച്ച ശേഷം ഞങ്ങള്‍ ഈ വാര്‍ത്തയില്‍ കൂട്ടിച്ചേര്‍ക്കുന്നതാണ്.
ചന്ദ്രിക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് പിന്നീട് നീക്കം ചെയ്ത വാര്‍ത്തയുടെ ലിങ്ക് (Screenshot)-

നിഗമനം
ചന്ദ്രിക വ്യാജ വാര്‍ത്ത നല്‍കിയതാണെന്നും പിന്നീട് അവര്‍ തന്നെ അത് നീക്കം ചെയ്തെന്നും പ്രകാശ് കാരാട്ട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ശരിവയ്ക്കുന്ന തരത്തില്‍ ചന്ദ്രിക അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും വാര്‍ത്ത നീക്കം ചെയ്തതായും ഞങ്ങളുടെ അന്വേഷണത്തില്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

Title:സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
