വിവരണം

ദ് കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിയുന്നില്ലാ. പശ്ചിമ ബംഗാളില്‍ സിനിമ നിരോധിച്ചു കൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രസ്താവന ഇറക്കി. കേരളത്തില്‍ നിരോധനമില്ലെങ്കിലും വിരളമായ തീയറ്ററുകളില്‍ മാത്രമാണ് സിനിമ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതെ സമയം ഐഎസ് തലവന്‍ കേരളത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ആശയത്തെ വിമര്‍ശിച്ചുകൊണ്ട് ഇന്ത്യയില്‍ ഒരു സിനിമ ഇറങ്ങാന്‍ പോകുന്നത് ഞങ്ങള്‍ അറിഞ്ഞു. ഇന്ത്യ അതില്‍ നിന്നും പിന്മാറണം. ഞങ്ങളുടെ ആശയത്തോട് അനുകൂല നിലപാട് സ്വീകരിക്കുന്ന കേരളത്തിനോട് എന്നും നന്ദി ഉണ്ടാകും. ഞങ്ങള്‍ ഒരിക്കല്‍ കേരളത്തിലേക്ക് വരും- ഐഎസ് തലവന്‍ അബു ഹസന്‍ അല്‍ ഹുസൈനി പറഞ്ഞു എന്ന തരത്തില്‍ മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പേരിലാണ് സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. ക്രിസ്ത്യന്‍ ഡിഫന്‍സ് ഫോഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അച്ചു പ്രണവ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 36ല്‍ അധികം റിയാക്ഷനുകളും 25ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഐഎസ് തലവന്‍ ഇത്തരമൊരു സന്ദേശം ദ് കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുണ്ടോ? ഈ പ്രസ്താവന മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയായി പ്രസിദ്ധീകരിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ പ്രചരിക്കുന്ന വാര്‍ത്തയുടെ കീ വേര്‍ഡുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇത്തരമൊരു വാര്‍ത്തയെ കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചില്ലാ. മനോരമ ഓണ്‍ലൈന്‍ വെബ്സൈറ്റ് പരിശോധിച്ചെങ്കിലും അതിലും ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ലായെന്നും സ്ഥിരീകരിക്കാന്‍ സാധിച്ചു.

പിന്നീട് ഞങ്ങളുടെ പ്രതിനിധി മനോരമ ഓണ്‍ലൈന്‍ വിഭാഗവുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. മനോരമ ഓണ്‍ലൈന്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും ആരോ വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. മാത്രമല്ല അബു ഹുസൈന്‍ അല്‍ ഖുറേഷി സിറിയയില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു. തുര്‍ക്കി പ്രസിഡന്‍റാണ് ഈ വിവരം പുറത്ത് വിട്ടത്.

നിഗമനം

ഐഎസ് തലവന്‍ കേരളത്തെ പുകഴ്ത്തി പ്രസ്താവന നടത്തിയെന്നും ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്നും പറഞ്ഞതായി മനോരമ ഓണ്‍ലൈനിന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജമായി നിര്‍മ്മിച്ചതാണ്. മനോരമ ഓണ്‍ലൈന്‍ പ്രതിനിധി തന്നെ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഐസ് തലവന്‍ കേരളത്തെ കുറിച്ച് പറഞ്ഞ പ്രസ്താവന എന്ന തരത്തില്‍ മനോരമ ഓണ്‍ലൈനിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False