
വിവരണം
മഹാരാജാസ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം.ആര്‍ഷോയുടെ വിവാദ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പി.എം.ആര്‍ഷോ നല്‍കിയ ഗൂഡാലോചന പരാതിയില്‍ സ്റ്റേ ഇല്ലാ. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ ആര്‍ഷോയുടെ പരാതിയുടെ മേലുള്ള അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിന് സ്റ്റേ ഇല്ലായെന്നും ചോദ്യ ചെയ്യലിനോട് സഹകരിക്കണമെന്നും കോടതി പറഞ്ഞു എന്ന വാര്‍ത്ത ഇന്നലെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഹൈക്കോടതി വിധിക്കെതിരെ രംഗത്ത് വന്നു എന്ന തരത്തില്‍ ഒരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ക്കെതിരായ കേസ് ഹൈക്കോടതിയുടേത് മാധ്യമ സ്വാതന്ത്ര്യത്തെ തകര്‍ക്കാനുള്ള ശ്രമം.. വ്യാപക വിമര്‍ശനം.. എന്ന ന്യൂസ് കാര്‍ഡ് ഏഷ്യാനെറ്റ് നല്‍കിയെന്നതാണ് പ്രചരണം. സുധി രാജന്‍ തമ്പി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോടതി നടപടിയെ വിമര്‍ശിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലൊരു ന്യൂസ് കാര്‍ഡ് ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് കൊണ്ട് പങ്കുവെച്ചിട്ടുണ്ടോ എന്ന് അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഏഷ്യാനെറ്റ് ന്യൂസ് വെബ് ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ പ്രചരിക്കുന്നത് കൃത്രിമമായി നിര്‍മ്മിച്ച വ്യാജ ന്യൂസ് കാര്‍ഡാണെന്നും ഹൈക്കോടതിയെ ചോദ്യം ചെയ്തുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലൊരു ന്യൂസ് കാര്‍ഡ് പങ്കുവെച്ചിട്ടില്ലായെന്നും അവര്‍ മറുപടി നല്‍കി. മാത്രമല്ലാ പ്രചരണം വ്യാജമാണെന്ന് വിശദീകരിച്ച് ഏഷ്യാനെറ്റ് ന്യൂസിന്‍റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ പ്രതികരണം പങ്കുവെച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും വ്യാജ ന്യൂസ് കാര്‍ഡ് പ്രചരണത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ച പ്രതികരണം കണ്ടെത്താന്‍ കഴിഞ്ഞു-
നിഗമനം
ഏഷ്യാനെറ്റ് ന്യൂസ് തന്നെ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഏഷ്യാനെറ്റ് ന്യൂസ് ഹൈക്കോടതിക്കെതിരെ ഇത്തരമൊരു പരാമര്‍ശം ഉന്നയിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത..
Written By: Dewin CarlosResult: False
