വിവരണം

ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ചതിന് രാജിവെച്ച മന്ത്രി സ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍റെ സ്ഥാനത്ത് പകരം മന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് പറഞ്ഞു എന്ന പേരിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. സജി ചെറിയാന്‍ രാജിവെച്ച ഒഴിവില്‍ മന്ത്രിയാകാന്‍ തയ്യാര്‍ - കെ.വി.തോമസ് എന്ന പേരില്‍ അദ്ദേഹത്തിന്‍റെ പ്രസ്താവന എന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് കാര്‍ഡാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ദീപ ജോസഫ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 235ല്‍ അധികം റിയാക്ഷനുകളും 21ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.വി.തോമസ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തില്‍ ഒരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഇത്തരത്തിലൊരു വാര്‍ത്ത അവര്‍ പങ്കുവെച്ചിട്ടുണ്ടോ എന്ന് അറിയാന്‍ പരിശോധിച്ചെങ്കിലും യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യാജമാണെന്ന് ഏഷ്യാനെറ്റ് പ്രതികരിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചതായും കണ്ടെത്താന്‍ കഴിഞ്ഞു.

കെ.വി.തോമസ് തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. കെ.വി.തോമസന്‍റെ പ്രതികരണം ഇങ്ങനെ-

“നിരന്തരമായി എനിക്കെതിരെ തെറ്റായ വാർത്തകൾ കൊടുക്കുന്ന ശ്രീ. അഭിലാഷ് മോഹനനെതിരായി ഞാൻ പരാതി കൊടുത്തിട്ടുണ്ട്.

ഇന്ന് ടിയാൻ ഇറക്കിയിരിക്കുന്ന വാർത്ത "സജി ചെറിയാൻ രാജിവെച്ച ഒഴിവിൽ മന്ത്രിയാകാൻ തയ്യാർ" എന്നാണ്.

ഇയാൾക്കെതിരെ നിയമപരമായ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്കും സിറ്റി പോലീസ് കമ്മീഷണർക്കുമാണ് പരാതി കൊടുത്തിരിക്കുന്നത്.”

എന്നാല്‍ അഭിലാഷ് മോഹഹന്‍ എന്ന വ്യക്തിയുടെ പ്രൊഫൈല്‍ പരിശോധിച്ചെങ്കിലും അദ്ദേഹം ഇത് നീക്കം ചെയ്തതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ച പോസ്റ്റ്-

Asianet News FB Post

കെ.വി.തോമസന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

KV Thomas FB Post

നിഗമനം

ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടാണെന്ന് അവര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. കെ.വി.തോമസും താന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സജി ചെറിയാന്‍ രാജിവെച്ച സാഹചര്യത്തില്‍ താന്‍ മന്ത്രിയാകാന്‍ തയ്യാറെന്ന് കെ.വി.തോമസ് പറഞ്ഞോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

Fact Check By: Dewin Carlos

Result: False