
വിവരണം
ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദമായ ഒരു അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവാദ ന്യൂഡ് മോഡലായ നിള നമ്പ്യാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആസിയയുടെ അഭിമുഖമാണ് വിവാദമായത്. തന്നെ ഇസ്ലാം സമുദായത്തില്‍ നിന്നും പുറത്താക്കിയതോടെയാണ് നിള നമ്പ്യാര്‍ എന്ന പേര് തിരഞ്ഞെടുത്തതെന്ന വെളിപ്പെടുത്തലാണ് വിവാദത്തിന് കാരണമായത്. എന്നാല്‍ ഇപ്പോള്‍ നിള നമ്പ്യാര്‍ എന്ന ആസിയയോടൊപ്പം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം എടുത്ത സെല്‍ഫി എന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ആസിയ താത്തയും പൊതിച്ചോറും.. ലാല്‍ സലാം.. നവോത്ഥാന നായികമാര്‍.. എന്ന തലക്കെട്ട് നല്‍കി തുളസി രാമ തുളസി എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചിന്താ ജെറോം നിള നമ്പ്യാര്‍ക്കൊപ്പം പകര്‍ത്തിയ സെല്‍ഫിയാണോ പ്രചരിക്കുന്നത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോമുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. താന്‍ ഇത്തരത്തിലൊരു ചിത്രം അവര്‍ക്കൊപ്പം പകര്‍ത്തിയിട്ടില്ലായെന്നും എഡിറ്റ് ചെയ്ത വ്യാജ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും ചിന്ത പ്രതികരിച്ചു. ഇത്തരം വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. തന്‍റെ സുഹൃത്തും ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ വൈഷ്ണവി ശൈലേഷുമായി എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച സെല്‍ഫിയാണ് വൈഷ്ണവിയുടെ മുഖം എഡിറ്റ് ചെയ്ത് മറ്റൊരു വിവാദ മോഡലിന്‍റെ ചിത്രം ചേര്‍ത്ത് പ്രചരിപ്പിക്കുന്നതെന്നും ചിന്ത വ്യക്തമാക്കി.
ചിന്തയുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ പങ്കുവെച്ചതില്‍ നിന്നും ജൂലൈ നാലിന് പങ്കുവെച്ച യഥാര്‍ത്ഥ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞു.
ചിന്താ ജെറാം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രം ഇതാണ്-
നിഗമനം
ജനാധിപത്യ മഹിള അസോസിയേഷന്‍ അംഗമായ വൈഷ്ണവി ശൈലേഷുമായി ചിന്താ ജെറോം പകര്‍ത്തി ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പങ്കുവെച്ച ചിത്രമാണ് വിവാദ ന്യൂഡ് മോഡല്‍ നിള നമ്പ്യാര്‍ക്കൊപ്പമുള്ള ചിന്തയുടെ സെല്‍ഫി എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:നിള നമ്പ്യാരുമായി ചിന്തയുടെ സെല്‍ഫിയെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
