
വിവരണം
തിരുവനന്തപുരം എംപി ഡോ.ശശി തരൂരുമായി ബ്രൂട്ട് ഇന്ത്യാ നടത്തിയ ഒരു അഭിമുഖത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ഹോം ടൂര്‍ നടത്തുന്ന വീഡിയോയുടെ ഒരു ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അതായത് അവതാരകനെ ശശി തരൂര്‍ വീട് പരിചയപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ കിടപ്പ് മുറി തുറന്ന് കാണിക്കുമ്പോള്‍ അകത്തെ ഭിത്തിയില്‍ സെക്‌സ് ടോയ്‌സ് കാണുന്നതാണ് 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ. വാട്‌സാപ്പില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫാക്‌ട് ചെക്ക് ചെയ്യാന്‍ ഞങ്ങള്‍ക്ക് ലഭിച്ച വീഡിയോ സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് ഇതാണ്-
പ്രചരിക്കുന്ന വീഡിയോ-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബ്രൂട്ട് ഇന്ത്യാ ശശി തരൂരുമായി നടത്തിയ അഭിമുഖത്തില്‍ ഇങ്ങനെയൊരു രംഗമുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ യൂട്യൂബില്‍ ശശി തരൂര്‍ ബ്രൂട്ട് ഇന്‍റര്‍വ്യൂ (Shashi Tharoor Brut Interview) എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും യഥാര്‍ത്ഥ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. ബ്രൂട്ട് ഇന്ത്യാ എന്ന ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നിന്നും 2022 ജനുവരി 5ന് പങ്കുവെച്ചിട്ടുള്ള അഭിമുഖത്തിന് 13.44 മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്. ഇതിന്‍റെ തുടക്കത്തിലെ 2 മിനിറ്റാണ് സമൂഹമാധ്യമത്തിലെ പ്രചരണത്തിനായി ഉപയോഗിച്ചിട്ടുള്ളതെന്ന് വീഡിയോ പരിശോധിച്ചതില്‍ നിന്നും വ്യക്തമായി. Watch Brut host Nihal Ranjit in conversation with Dr. Tharoor at his Delhi home. Hear him talk about getting trolled on Twitter, his iconic hair flip and much more. എന്നതാണ് വീഡിയോയുടെ ഡിസ്ക്രിപ്ഷനായി നല്‍കിയിരിക്കുന്നത്. അതായത് ശിശി തരൂരിന്‍റെ ഡല്‍ഹി വീട്ടിലെ വിശേഷങ്ങളാണ് അഭിമുഖത്തിന്‍റെ ഉള്ളടക്കം. വീഡിയോയുടെ 1.13 മിനിറ്റ് മുതല്‍ 1.21 മിനിറ്റ് വരെയുള്ള ഭാഗം കട്ട് ചെയ്ത് എഡിറ്റ് ചെയ്തതാണ് പ്രചരിക്കുന്ന വീഡിയോ. യഥാര്‍ത്ഥ വീഡിയോയില്‍ ഒരു മുറിയില്‍ നിന്നും അടുത്ത മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഏറ്റവും അധികം താന്‍ ചിലവഴിക്കുന്ന സ്ഥലമിതാണെന്നും അദ്ദേഹത്തിന്‍റെ ബുക്കുകളുടെ കവറുകള്‍ ഭിത്തിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതുമാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഭാഗം എഡിറ്റ് ചെയ്താണ് ശശി തരൂരിന്‍റെ കിടപ്പ് മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ സെക്‌സ് ടോയ്‌സാണ് കാണുന്നതെന്ന രീതിയില്‍ പ്രചരപ്പിക്കുന്നത്.
ബ്രൂട്ട് ഇന്ത്യാ അഭിമുഖത്തിന്‍റെ യഥാര്‍ത്ഥ വീഡിയോയിലെ പ്രസക്ത ഭാഗം-
നിഗമനം
ശശി തരൂരുമായി ബ്രൂട്ട് ഇന്ത്യ നടത്തിയ അഭിമുഖത്തിന്‍റെ സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള ഭാഗം കട്ട് ചെയ്ത് വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച വീഡിയോയാണ് തെറ്റായ രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ശശി തരൂരിന്‍റെ ഈ അഭിമുഖത്തിലെ ദൃശ്യങ്ങള്‍ വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False
