
വിവരണം
Arcus Mediaz എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 8 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 14 മണിക്കൂറുകൾ കൊണ്ട് 400 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കേരള പോലീസ് നൽകുന്ന ഒരു മുന്നറിയിപ്പാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. പരമാവധി ഷെയർ ചെയ്യേണ്ട പോസ്റ്റ് എന്ന അടിക്കുറിപ്പുമായി പ്രചരിപ്പിക്കുന്ന പോസ്റ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ ഇതാണ് ” കേരള പോലീസ് മുന്നറിയിപ്പ്. താങ്കളുടെ ആധാർ കാർഡ് നമ്പർ ചോദിച്ചുകൊണ്ട് ഏതു സമയത്തും ഒരു കോൾ വരാൻ സാധ്യതയുണ്ട്. അവർ ഏതെങ്കിലും മൊബൈൽ കമ്പനിക്കാരാണെന്ന് (ഐഡിയ, എയർടെൽ, വൊഡാഫോൺ) പറയും. താങ്കളെ വിളിച്ച് 1 അമർത്താൻ പറയും. എന്നിട്ട് ആധാർ നമ്പർ എൻട്രി ചെയ്യാൻ പറയും. അത് കഴിഞ്ഞാൽ വേറെ സംഖ്യകൾ അമർത്തിയതിനു ശേഷം വരുന്ന OTP തരാൻ പറയും. OTP (ONE TIME PASSWORD ) കൊടുത്ത് കഴിഞ്ഞാൽ ആധാറുമായി ബന്ധപ്പെട്ടിട്ടുള്ള താങ്കളുടെ ബാങ്ക് അക്കൗണ്ട് കാലിയാകും. അതുകൊണ്ട് ബാങ്കുകാരോ മറ്റു മൊബൈൽ കമ്പനിക്കാരോ എന്ന പേരിൽ ആര് വിളിച്ചാലും നേരിട്ട് എത്തിക്കാം എന്ന് പറയുക. ചതിയിൽ പെടാതെയിരിക്കുക. കേരളാ പോലീസ്”

archived link | FB post |
ബാങ്ക് ഇടപാടുകൾ ഓൺലൈൻ ആക്കിയതോടെ ഇടപാടുകാർക്ക് ബാങ്കിലെത്താതെ തന്നെ പണമിടപാടുകൾ സൗകര്യപ്രദമായി നടത്താൻ സാധിക്കുന്നുണ്ട്. എന്നാലും ഓൺലൈൻ ബാങ്ക് ഇടപാട് തട്ടിപ്പിന്‍റെ ഒറ്റപ്പെട്ട വാർത്തകൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ നാം കാണാറുണ്ട്.ഈ സാഹചര്യത്തിൽ പോലീസ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് പൊതുജനങ്ങൾക്കായി നൽകിയിരുന്നോ ..? ഈ അറിയിപ്പിന്‍റെ വിശദാംശങ്ങൾ നമുക്ക് അന്വേഷിച്ചു നോക്കാം.
വസ്തുതാ വിശകലനം
കേരള പോലീസ് പൊതുജനങ്ങളുമായി ഇപ്പോൾ ഏറ്റവും കൂടുതൽ സംവദിക്കുന്നത് അവരുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണെന്ന് നാം കാണുന്നതാണ്. അതുകൊണ്ട് ഇങ്ങനെയൊരു വാർത്തയ്ക്കായി ഞങ്ങൾ ആദ്യം കേരള പൊലീസിന്‍റെ ഫേസ്‌ബുക്ക് പേജ് സന്ദർശിച്ചു നോക്കി. എന്നാൽ ഇങ്ങനെയൊരു പോസ്റ്റ് അവർ നൽകിയിട്ടില്ല. അവർ ഒടുവിൽ മുന്നറിയിപ്പായി ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് താഴെ കൊടുത്തിരിക്കുന്ന പോസ്റ്റാണ് :
archived link | police FB post |
തുടർന്ന് ഞങ്ങൾ കേരള പോലീസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് തിരഞ്ഞു. ചില വാർത്താ കുറിപ്പുകളും മറ്റും ഇങ്ങനെ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ അവിടെ നിന്നും പോസ്റ്റിലുള്ള വാർത്തയെപ്പറ്റി യാതൊരു വിശദാംശങ്ങളും ലഭ്യമായില്ല.
തുടർന്ന് ഞങ്ങൾ തിരുവനന്തപുരം ആസ്ഥാനമായ കേരളാ പോലീസിന്‍റെ മീഡിയ സെന്‍ററുമായി ബന്ധപ്പെട്ടു. അവിടെ നിന്നും മീഡിയ സെന്‍റർ ഡെപ്യുട്ടി ഡയറക്ടർ പ്രമോദ് കുമാർ അറിയിച്ചത് ഈ വാർത്ത തെറ്റാണ് എന്നാണ്. “കേരളാ പോലീസ് ഇതുവരെ ഇങ്ങനെയൊരു മുന്നറിയിപ്പ് ഒരിടത്തും പ്രസിദ്ധീകരിച്ചിട്ടില്ല. ഇങ്ങനെയൊരു മുന്നറിയിപ്പുമായി കേരള പൊലീസിന് ഒരു ബന്ധവുമില്ല.”
കേരള പോലീസ് വാർത്താ മാധ്യമങ്ങൾ വഴിയോ അവരുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ആണ് പൊതുജനങ്ങൾക്കുള്ള മുന്നറിപ്പുകൾ നൽകുന്നത്.
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നത് ഈ മുന്നറിയിപ്പ് കേരള പോലീസ് പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ്.
നിഗമനം
ഈ പോസ്റ്റിൽ പറയുന്ന മുന്നറിയിപ്പ് കേരളം പോലീസ് പൊതു ജങ്ങൾക്ക് നൽകിയിട്ടില്ല. പോലീസ് പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത് മുകളില്‍ വിവരിച്ചത് പോലെ അവരുടെ ഔദ്യോഗിക രീതിയിലാണ്. ഈ പോസ്റ്റ് കേരള പോലീസിന്‍റെ പേരിൽ പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Title:ഓൺലൈൻ ബാങ്ക് തട്ടിപ്പിനെ പറ്റിയുള്ള ഈ മുന്നറിയിപ്പ് കേരള പോലീസിന്‍റെതാണോ..?
Fact Check By: Vasuki SResult: False
