വിവരണം

മഹാരാജാസ് കോളജിലെ രാഷട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിന്‍റെ രക്തസാക്ഷി ദിനാചരണത്തില്‍ എസ്എഫ്ഐ നൃത്തം ചെയ്ത് ആഘോഷിച്ചു എന്ന ഒരു വീ‍ഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്യുന്ന വേദിയുടെ പുറകിലായി അഭിമന്യുവിന്‍റെ ഒരു ചിത്രം വീഡിയോയില്‍ കാണാം. അഭിമന്യുവിന്‍റെ രക്തസാക്ഷി ദിനാചരണമാണിതെന്നും രക്തസാക്ഷിയായ അഭിമന്യുവിനെ അപമാനിക്കുന്നതിന് തുല്യമാണിതെന്നുമാണ് വീഡിയോ പങ്കുവെച്ചുള്ള വമര്‍ശനം.

സഖാവ്: അഭിമന്യൂവിന്റെ രക്തസാക്ഷി ദിനം ആചരിക്കുകയാണ്. മഹാരാജാസ് കോളേജിൽ എല്ലാവരും ഇവരൊക്കെ വീട്ടിൽ ആരെങ്കിലും മരിച്ചാൽ ഇങ്ങനെ ആണോ ആചരിക്കുന്നത് ? എന്ന തലക്കെട്ട് നല്‍കി യൂത്ത് കോണ്‍ഗ്രസ് കീഴാറ്റൂര്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോ കാണാം-

Facebook Video Archived Screen Record

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അഭിമന്യു രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി നടന്ന പരിപാടിയുടെ വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്യുന്ന വേദിയുടെ പുറകിലെ ബാനറാണ് ആദ്യം ഞങ്ങള്‍ പരിശോധിച്ചത്. മഹാരാജാസ് കോളജ് യൂണിയന്‍ 2022-23 മാഗസിന്‍ പ്രകാശനം എന്നായിരുന്നു ബാനറില്‍ എഴുതിയിരുന്നത്. ഇതെ കുറിച്ചുള്ള വിശദാംശങ്ങളറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ അഭിനവുമായി ഫോണില്‍ ബന്ധപ്പെട്ടു. വ്യാജമായ തലക്കെട്ടോടെ തെറ്റ്ദ്ധരിപ്പിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് അഭിനവ് പറഞ്ഞു. ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കോളജ് യൂണിയന്‍ മാഗസിന്‍ പ്രകാശനത്തിന്‍റെ ഭാഗമായി നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്തതിന്‍റെ വീഡിയോയാണിത്. അഭിമന്യു രക്തസാക്ഷിദിനാചരണവുമായി വീഡിയോക്ക് യാതൊരു ബന്ധവുമില്ലാ. വേദിയില്‍ കൃത്യമായി മാഗസിന്‍ പ്രകാശനമെന്ന ബാനറും വീഡിയോയില്‍ തന്നെ കാണാന്‍ സാധിക്കും അതിന് പുറകിലായി മുന്‍പ് തന്നെ സ്ഥാപിച്ച അഭിമന്യുവിന്‍റെ ചിത്രമാണ് കാണാന്‍ കഴിയുന്നതെന്നും ഇത് സ്ഥിരമായി അവിടെ സ്ഥാപിച്ചിരിക്കുന്ന ചിത്രമാണെന്നും അഭിനവ് പറഞ്ഞു.

പ്രചരിക്കുന്ന വീഡിയോയിലെ കീ ഫ്രെയിം പരിശോധിച്ചതില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്യുന്ന വേദിക്ക് പുറകിലായി മാഗസിന്‍ പ്രകാശനമെന്ന് എഴുതിയിരിക്കുന്നത് വ്യക്തമായി കാണാന്‍ കഴിയും-

നിഗമനം

2022-23 വര്‍ഷത്തെ മഹാരാജാസ് കോളജ് യൂണിയന്‍ മാഗസിന്‍ പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ട് കോളജില്‍ നടന്ന പരിപാടിയില്‍ നൃത്തം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോയാണ് തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അഭിമന്യു രക്തസാക്ഷി ദിനാചരണവുമായി വീഡിയോയിക്ക് യാതൊരു ബന്ധവുമില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:അഭിമന്യു രക്തസാക്ഷി ദിനം നൃത്തം ചെയ്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആഘോഷിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False