അപ്രതീക്ഷിതമായ ഉരുൾപൊട്ടലിൽ തകർന്ന് ഇല്ലാതായ വയനാട് മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളെ ഇനി പുനർനിർമ്മിക്കേണ്ടതുണ്ട്. അതിന് ഏറ്റവും വലിയ റിസോഴ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്. ഇതിനായി ലോകത്തിന്‍റെ വിവിധ മേഖലകളിലെ സുമനസ്സുകളില്‍ നിന്ന് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ ലഭിക്കുന്നുണ്ട്. ദുരിതാശ്വാസ നിധിയുടെ വിനിയോഗം സുതാര്യമല്ലെന്നും പലതരം ക്രമക്കേടുകളും അഴിമതികളും അതിൽ നടക്കുന്നുണ്ടെന്നും ആരോപിച്ച് പലരും സാമൂഹ്യ മാധ്യമങ്ങളിൽ തങ്ങളുടെ അഭിപ്രായം പങ്കുവെക്കുന്നുണ്ട്.

ദുരിതാശ്വാസ നിധി തട്ടിപ്പാണെന്ന് വ്യാജപ്രചരണം നടത്തിയ ചിലർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്ത് കെഎസ്എഫ്ഇക്ക് ലാപ്ടോപ്പ് വാങ്ങാൻ നൽകിയതായി ഒരു ആരോപണം പ്രചരിക്കുന്നുണ്ട്

പ്രചരണം

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ അഖിൽ മാരാർ എന്ന വ്യക്തി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന ചില ആരോപണങ്ങളാണ് നമ്മൾ ഇവിടെ പരിശോധിക്കുന്നത്. സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്ന് കെഎസ്എഫ്ഇക്ക് കൊടുത്ത 81.43 കോടി രൂപ എടുത്തുവെച്ച് കെഎസ്എഫ്ഇ വിദ്യാർത്ഥികൾക്ക് ലോൺ പദ്ധതി പ്രകാരം ലാപ്ടോപ്പ് നൽകുകയും ലഭിച്ച വിദ്യാർത്ഥികൾ ലോൺ കൊടുത്ത തുക കെഎസ്എഫ്ഇയിലേക്ക് തിരിച്ചടയ്ക്കുകയും ചെയ്തു എന്നാണ് അഖിൽ മാരാർ ഉന്നയിക്കുന്ന പ്രധാന ആരോപണം.

വീഡിയോയുടെ തുടക്കത്തിൽ അഖിൽമാരാര്‍ കെഎസ്എഫ്ഇയുടെ പേഴ്സണൽ സ്റ്റാഫ് അംഗവുമായി സംസാരിക്കുന്ന സംഭാഷണം കേൾപ്പിക്കുന്നുണ്ട്, അത് ഇങ്ങനെ:

ചോദ്യം: വിദ്യാശ്രീ പദ്ധതി വഴി ഗവൺമെൻറ് സൗജന്യമായി ആണോ ലാബ് ടോപ്പ് വിതരണം കൊടുത്തത് എന്നറിയാനാണ് വിളിച്ചത്

ഉത്തരം: മാസംതോറും 500 രൂപ തിരിച്ചടവുള്ള സ്കീം ആയിരുന്നു അത് ചോദ്യം: ഗവൺമെൻറ് എന്തിനാണ് കെഎസ്ഇബിക്ക് പൈസ തരുന്നത് ഉത്തരം: അത് ഗവൺമെൻറ് തന്ന പൈസ അല്ല കെഎസ്എഫ്ഇയുടെ പൈസയാണ്

ചോദ്യം: മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത് ഗവൺമെൻറ് തന്ന പൈസ ആണ് എന്നാണല്ലോ

ഉത്തരം: ആ ഭാഗം തെറ്റാണ് അത് കെഎസ്എഫ്ഇയുടെ പൈസയാണ്.

സംഭാഷണം അപൂര്‍ണ്ണമാക്കി നിര്‍ത്തിയശേഷം, മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ നിന്നും അടർത്തിയെടുത്ത ഒരു ഭാഗം കേൾപ്പിക്കുന്നു, അതിങ്ങനെ: "ഈ തുക കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി ലാപ്ടോപ്പ് വാങ്ങാൻ കെഎസ്എഫ്ഇക്ക് നൽകിയ തുകയാണ്"

ശേഷം അഖിൽ മാരാർ തുടരുന്നു… “മുഖ്യമന്ത്രി പറഞ്ഞത് കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ലാപ്ടോപ്പ് നൽകാൻ വേണ്ടി കെഎസ്എഫ്ഇ സഹായിച്ചത് എന്നാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് 2021 സെപ്റ്റംബർ പതിനേഴാം തീയതിയാണ് ആ സമയത്ത് കോവിഡിന്റെ പ്രശ്നങ്ങളൊക്കെ ഏറെക്കുറെ കഴിഞ്ഞു നമ്മുടെ നാട് ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങി നവംബർ ഒന്നു മുതൽ നമ്മുടെ സ്കൂളുകൾ പൂർണമായും തുറക്കുകയും ചെയ്തു 2020 ജൂൺ മുതൽ 2021 ജൂൺ വരെ കാലയളവ് ഒരു അധ്യായവർഷം പൂർണമായും വീട്ടിലിരുന്ന് പഠിച്ച സമയത്തൊന്നും തന്നെ ഗവൺമെന്റിന് ഈ പദ്ധതി കൊണ്ടുവരാൻ കഴിഞ്ഞില്ല…

പിന്നീടാണ് കൊണ്ടുവന്നത് കുട്ടികൾക്ക് ലാപ്ടോപ്പ് അടുത്തതിൽ ഒക്കെ സന്തോഷം പക്ഷേ കെഎസ്എഫ്ഇ ഇതിനുള്ള ശേഷിയില്ല എന്നൊക്കെ ഗവൺമെൻറ് എവിടുന്നാണ് തീരുമാനിച്ചത് കെഎസ്എഫ്ഇ ലോണ്‍ കൊടുക്കുകയല്ലേ ചെയ്തത് സൌജന്യമായി കൊടുക്കുകയാണോ മുഖ്യമന്ത്രി ചെയ്തത് എന്ന് പറയുന്നത് സഹായം എന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് 47000 കുട്ടികളെ ഗവൺമെൻറ് സഹായിച്ചു എന്നു പറയുന്നത് എന്ത് ലോജിക്കിന്റെ അടിസ്ഥാനത്തിൽ ആണെന്ന് മുഖ്യമന്ത്രിയുടെ കണക്കിന്റെ കൂടി അടിസ്ഥാനത്തിൽ ഞാൻ പറയാം.

തുടർന്ന് വീണ്ടും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ നിന്നുള്ള ഭാഗം കേൾപ്പിക്കുന്നു....- “മുഖ്യമന്ത്രിയുടെ പദ്ധതിയും കൂടി സംയോജിപ്പിച്ച് സർക്കാർ 81 പോയിൻറ് 4 3 ലക്ഷം രൂപ കെഎസ്എഫ്ഇക്ക് നൽകി ഇതുവഴി ആകെ 47673 വിദ്യാർത്ഥികൾക്ക് ആ ഘട്ടത്തിൽ നൽകാനുമായി ഇതാണ് വസ്തുത.”

“അടുത്തത് മുഖ്യമന്ത്രി പറയുന്നത് 47673 കുട്ടികൾക്ക് ലാപ്ടോപ്പ് വാങ്ങാന്‍ വേണ്ടിയാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് 81.43 കൂടി കൊടുത്തതെന്ന് പറയുന്നു കെഎസ്എഫ്ഇ സൗജന്യമായി നൽകിയതല്ല. ഈ തുക കെഎസ്എഫ്ഇയിലേക്ക് തിരിച്ചടവാണ്. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഈ സ്കീമിൽ ലാപ്ടോപ്പ് വാങ്ങിയവരുടെ വീട്ടിൽ ചെല്ലണം. കെഎസ്എഫ്ഇയിലേക്ക് തുക കൃത്യമായി അടച്ചു എന്നതിൻറെ കണക്കുകൾ എടുക്കണം അവർ തിരിച്ചടച്ചിട്ടുണ്ടെങ്കിൽ ഗവൺമെൻറ് കൊടുത്തു എന്നു പറയുന്ന 81.47 കോടി രൂപ എവിടെ ഇതിന് മുഖ്യമന്ത്രി ഉത്തരം പറയണം”- ഇതാണ് വീഡിയോയില്‍ നിരത്തി കാണിക്കുന്ന ആരോപണങ്ങള്‍.

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വസ്തുതകൾ വികലമായി കാണിച്ച് വ്യാജ ആരോപണമാണ് പോസ്റ്റിലൂടെ ഉന്നയിക്കുന്നതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇങ്ങനെ

കെ‌എസ്‌എഫ്‌ഇയുടെ വിദ്യാശ്രീ പദ്ധതിയും സര്‍ക്കാര്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ ലാപ്ടോപ്പ് നല്കിയ വിദ്യാകിരണം പദ്ധതിയും രണ്ടും രണ്ടാണ്. കെ‌എസ്‌എഫ്‌ഇയുടെ വിദ്യാശ്രീ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നീതിയില്‍ നിന്നും പണം നല്‍കിയിട്ടില്ല. ഈ വസ്തുത മനസ്സിലാക്കാതെയാണ് അഖില്‍ മാരാര്‍ ആരോപണം ഉന്നയിക്കുന്നതെന്ന് വ്യക്തമായി.

വിദ്യാശ്രീ പദ്ധതി എന്താണെന്ന് ആദ്യം നോക്കാം.

കുടുംബശ്രീ അംഗങ്ങളുടെ വിദ്യാർത്ഥികളായ മക്കൾക്ക് സ്കൂൾ വിദ്യാഭ്യാസ സഹായമായി വിദ്യാശ്രീ പദ്ധതി പ്രകാരം ലാപ്ടോപ്പ് നൽകാനാണ് കെ എസ് എഫ് ഇ. കുടുംബശ്രീ മിഷനുമായി കരാർ ഉണ്ടാക്കിയത്. ലാപ്ടോപ്പ് മുൻകൂറായി കെ എസ് എഫ് ഇ കുടുംബശ്രീ അംഗങ്ങൾക്ക് നൽകുകയും അതിന്റെ വില പ്രതിമാസം 500 രൂപ വീതം തിരിച്ചടയ്ക്കുകയും ചെയ്യണമെന്നതാണ് വ്യവസ്ഥ.

36 മാസത്തവണകളിൽ, 33 മാസവും മുടക്കമില്ലാതെ അടയ്ക്കുന്ന പക്ഷം അവസാന മൂന്നു മാസം ഒഴിവാകും. അതല്ലെങ്കിൽ മാർക്കറ്റിൽ നിന്നും ലാപ്ടോപ്പ് നേരിട്ടുവാങ്ങി ബില്ല് കെ എസ് എഫ് ഇ യിൽ സമർപ്പിച്ചാൽ പണം അവർക്ക് നൽകും. കോവിഡ് കാലത്ത് വിദ്യാഭ്യാസം ഓൺലൈൻ ആക്കിയ സാഹചര്യത്തിലാണ് ഈ പദ്ധതി കൊണ്ടുവന്നത്. പൂര്‍ണ്ണമായും കെ‌എസ്‌എഫ്‌ഇ നടപ്പിലാക്കിയ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നീതിയില്‍ നിന്നും ഒരു രൂപ പോലും ചിലവാക്കിയിട്ടില്ല.

എന്താണ് വിദ്യാകിരണം പദ്ധതി

കോവിഡ് സമയത്ത് പൊതുവിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കാനായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് സമൂഹ സഹായത്തോടെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് വഴി പ്രഖ്യാപിച്ചതാണ് 'വിദ്യാകിരണം’ പദ്ധതി. സമൂഹത്തിലെ ദുർബല വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വളരെ മിതമായ നിരക്കിൽ ലാപ്‌ടോപ്പുകൾ നൽകുന്നതിനായി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസ് ലിമിറ്റഡും (കെഎസ്എഫ്ഇ) കുടുംബശ്രീയുമായി സഹകരിച്ച് സർക്കാർ കെഎസ്എഫ്ഇ-വിദ്യാശ്രീ പദ്ധതി ആരംഭിച്ചു.

കോവിഡ് -19 പാൻഡെമിക് കാരണം സംസ്ഥാനത്തെ സ്കൂളുകളിൽ ഓൺലൈൻ വിദ്യാഭ്യാസം, ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായി സർക്കാർ വിദ്യാകിരണം പദ്ധതിയും ആരംഭിച്ചു. CMDRF ന് കീഴിലാണ് വിദ്യാകിരണം പദ്ധതി (CMEEF) രൂപീകരിച്ചിട്ടുള്ളത്.

ദരിദ്രരായ കുടുംബങ്ങളിലെയും പാവപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി CMDRF-ന് കീഴിൽ ഒരു ഉപ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വിദ്യാകിരണം പദ്ധതി (മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ ശാക്തീകരണ ഫണ്ട്- ഫണ്ടിന്‍റെ ഉറവിടം എല്ലാ സ്രോതസ്സുകളിൽ നിന്നും സ്വമേധയാ ഉള്ള സംഭാവനകളാണ്) വഴി ഗുണമേന്മയുള്ള ലാപ്‌ടോപ്പുകൾ/ടാബ്‌ലെറ്റുകൾ എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നു.

ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) എന്ന ഏജൻസിക്കായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഇതിനായി ഈ സ്കീമിന് കീഴിൽ ഒരു പ്രത്യേക അക്കൗണ്ട് സജ്ജീകരിച്ചിരുന്നു. KITE-ന് ലഭിക്കുന്ന CSR ഫണ്ട് ഉപയോഗിച്ച് ഐടി വകുപ്പ് ലാപ്‌ടോപ്പുകൾ വാങ്ങി വിതരണം ചെയ്യും. ഈ സ്‌കീമിന് കീഴിൽ CMDRF-CMEEF-ൽ ലഭിക്കുന്ന സംഭാവനകൾ ഐടി വകുപ്പ് ലാപ്‌ടോപ്പുകൾ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുകയും അത് പൊതുവിദ്യാഭ്യാസ വകുപ്പ് വഴി വിതരണം ചെയ്യുകയും ചെയ്യും.(ഗവ: ഉത്തരവ് പ്രകാരം)

അയ്ജായത് കെ‌എസ്‌എഫ്‌ഇയുടെ കൈവശം മിച്ചമുണ്ടായിരുന്ന ലാപ്ടോപ്പുകള്‍ വിദ്യാകിരണം പദ്ധതി പ്രകാരം വിതരണം ചെയ്യാനായി ദുരിതാശ്വാസ നിധിയില്‍ നിന്നും 81.45 കോടി രൂപ കെ‌എസ്‌എഫ്‌ഇക്കു നല്‍കി സര്‍ക്കാര്‍ 45313 ലാപ്ടോപ്പുകള്‍ വാങ്ങി. എന്നിട്ട് സൌജന്യമായി അവ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. ഇങ്ങനെ വാങ്ങിയ ലാപ്ടോപ്പുകള്‍ കൂടാതെ കൈറ്റ് ഏജന്‍സി വഴി 2360 ലാപ്ടോപ്പുകള്‍ കൂടി വാങ്ങി. ഇതിനായി വിദ്യാകിരണം പോര്‍ട്ടല്‍ വഴി സി‌എം‌ഡി‌ആര്‍‌എഫിന് ലഭിച്ച തുകയായ 2.99 കോടി രൂപയും കൈറ്റിന് വിവിധ സ്ഥാപനങ്ങൾ സിഎസ്ആർ തുകയായി നൽകിയ ഫണ്ടുകളും ചേർത്ത് 4,04,22,151/-കോടി രൂപ ആകെ ചെലവഴിച്ചു. ഇതിനെല്ലാം സര്‍ക്കാര്‍ രേഖകളുണ്ട്.

മുഖ്യമന്ത്രി ഓഗസ്റ്റ് 6 ന് നടത്തിയ പത്ര സമ്മേളനത്തില്‍ കെ‌എസ്‌എഫ്‌ഇ, വിദ്യാശ്രീ, വിദ്യാകിരണം പദ്ധതികള്‍ എന്താണെന്നും സി‌എം‌ഡി‌ആര്‍‌എഫിലെ പണം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും ഇവയ്ക്കെതിരെ നടക്കുന്ന വ്യാജ പ്രചരണം എന്താണെന്നും വസ്തുത എന്താണെന്നും വിശദീകരിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ: “മുഖ്യമന്ത്രിയുടെ സി എം ഡി ആർ എഫ് ഇലക്ട്രോണിക് പ്ലാറ്റ്ഫോമിൽ സുതാര്യതയോടെയാണ് നിയന്ത്രിക്കുന്നത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധി സംഭാവനകൾ വരുന്നത് നിലവിൽ രവീന്ദ്രകുമാർ അഗർവാൾ ആണ് നിധിയുടെ ചുമതലക്കാരൻ.

സംഭാവനകൾ എസ് ബി ഐ തിരുവനന്തപുരം സിറ്റി മെയിൻ ബ്രാഞ്ച് അക്കൗണ്ടിലേക്കും മറ്റ് മൂന്ന് അക്കൗണ്ടുകളിലേക്കുമാണ് വരുന്നത്. ബെനിഫിഷ്യറികൾക്ക് ഈ അക്കൗണ്ടുകളിൽ നിന്നുമാണ് പണം എത്തുക. പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറിവും സീലും ഇല്ലാതെ സിഎംഡിആർഎഫ് ഉപയോഗിക്കാൻ സാധ്യമല്ല. ദുരിതാശ്വാസനിധിയുടെ അഡ്മിനിസ്ട്രേഷൻ റവന്യൂ വകുപ്പിനാണ്. അതായത് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മാത്രമായി നിക്ഷേപിക്കാനോ പിൻവലിക്കാനോ സാധിക്കില്ല. ധനകാര്യ കൈമാറ്റം റവന്യൂ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമേ സാധിക്കൂ . വർഷാവർഷം ഓഡിറ്റുള്ള അക്കൗണ്ട് ആണിത്.

കെഎസ്എഫ്ഇയുടെ കാര്യം സോഷ്യൽ മീഡിയ വഴി നടക്കുന്ന വ്യാജ പ്രചരണം ആണ് സി എം ഡി ആർ എഫിൽ നിന്നും കെഎസ്എഫ്ഇക്ക് ലാപ്ടോപ്പ് വാങ്ങാൻ 81.43 കോടി രൂപ അനുവദിച്ചു എന്നുള്ളത് തീർത്തും തെറ്റായതും ജനങ്ങളിൽ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം നടത്തുന്നതുമാണ്. ഈ തുക കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിനായി ലാപ്ടോപ്പ് വാങ്ങാൻ കെഎസ്എഫ്ഇക്ക് നൽകിയ തുകയാണ്. കുടുംബശ്രീ പ്രവർത്തകരുടെ വിദ്യാർഥികളായ മക്കൾക്ക് വിദ്യാശ്രീ പദ്ധതിയും വിദ്യാഭ്യാസ പദ്ധതിയും സംയോജിപ്പിച്ച് സർക്കാർ 81.43 കോടി രൂപ കെഎസ്എഫ്ഇ നൽകി. ഇതുവഴി ആകെ 47,673 വിദ്യാർത്ഥികൾക്ക് നൽകാനായി ഇതാണ് വസ്തുത.”

ഇതില്‍ നിന്നും ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് പോസ്റ്റിലെ വീഡിയോയില്‍ വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത്. കൈറ്റ് എന്ന സര്‍ക്കാര്‍ ഏജന്‍സിയുടെ വെബ്സൈറ്റില്‍ ഈ ലാപ്ടോപ്പുകള്‍ ഏതൊക്കെ സ്കൂളുകളിലാണ് ഇപ്പോഴുള്ളതെന്ന് കണക്കുകള്‍ സഹിതം വ്യക്തമാക്കിയിട്ടുണ്ട്.

കൈറ്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് രേഖകള്‍ സഹിതം വ്യാജ പ്രചരണത്തിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ കെ‌എസ്‌എഫ്‌ഇയുടെ എം‌ഡി ഡോ. എസ്‌കെ സനിലുമായി സംസാരിച്ചു. “കെ‌എസ്‌എഫ്‌ഇ വിദ്യാശ്രീ പദ്ധതിയും സര്‍ക്കാരിന്‍റെ വിദ്യാകിരണം പദ്ധതിയും രണ്ടാണെന്നിരിക്കെ അത് മറച്ചുവച്ചുകൊണ്ട് വ്യാജ പ്രചരണം നടത്തുകയാണ്. പ്രചരണം നടത്തിയ വ്യക്തി കെ‌എസ്‌എഫ്‌ഇ എം‌ഡിയുമായി സംസാരിക്കാതെ സ്റ്റാഫിനോട് മാത്രം സംസാരിച്ച് പ്രചരണം നടത്തുകയാണ്. മാത്രമല്ല വിദ്യാശ്രീ പദ്ധതിയെ കുറിച്ചാണ് ആ വ്യക്തി ചോദിച്ചത്, അതിനുള്ള മറുപടി വ്യക്തമായി തന്നെ ഇവിടെ നിന്ന് പറയുകയും ചെയ്തു. കെ‌എസ്‌എഫ്‌ഇ എന്ന സ്ഥാപനത്തിന് ഈ ദുഷ്പ്രചരണം വളരെ വേദനയുണ്ടാക്കി”

കെ‌എസ്‌എഫ്‌ഇയുടെ വിശദീകരണം:

പോസ്റ്റിലെ പ്രചരണം തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതും ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്ന് കെഎസ്എഫ്ഇക്ക് കൊടുത്ത 81.43 കോടി രൂപ എടുത്തുവെച്ച് കെഎസ്എഫ്ഇ വിദ്യാർത്ഥികൾക്ക് തിരിച്ചടവുള്ള പദ്ധതി പ്രകാരം നൽകുകയും ലാപ്ടോപ്പ് ലഭിച്ച വിദ്യാർത്ഥികൾ ലോൺ തുക കെഎസ്എഫ്ഇയിലേക്ക് തിരിച്ചടയ്ക്കുകയും ചെയ്തു എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കോവിഡ് കാലത്ത് കുടുംബശ്രീ അംഗങ്ങളുടെ മക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിദ്യാശ്രീ പദ്ധതി പ്രകാരം കെ‌എസ്‌എഫ്‌ഇ മാസം 500 രൂപ തവണകളായി ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. വിദ്യാകിരണം പദ്ധതിക്കായി 81.43 കോടി രൂപ നല്‍കി കെ‌എസ്‌എഫ്‌ഇയുടെ കൈവശം ബാക്കി വന്ന ലാപ്ടോപ്പുകള്‍ സര്‍ക്കാര്‍ വാങ്ങി സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. കെ‌എസ്‌എഫ്‌ഇയുടെ കൈവശം ബാക്കി വന്ന ലാപ്ടോപ്പുകള്‍ കൂടാതെ വേറെയും ലാപ്ടോപ്പുകള്‍ വിദ്യാകിരണം പദ്ധതി പ്രകാരം കൈറ്റ് എന്ന സര്‍ക്കാര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തി വിതരണം ചെയ്തു.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്ന് കെഎസ്എഫ്ഇ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങാന്‍ പണം നല്‍കി ഫണ്ട് ദുരുപയോഗവും അഴിമതിയും നടത്തിയെന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത അറിയൂ...

Fact Check By: Vasuki S

Result: False