വിവരണം

പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ഥനെന്ന വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് അലയടിക്കുന്നത്. സഹപാഠികളും കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളും ചേര്‍ന്ന് ഹോസ്റ്റലില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടിയെന്നാണ്. 18 പേരില്‍ 10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ പിടിയിലായവരില്‍ കെഎസ്‌യു പ്രവര്‍ത്തകരുമുണ്ടെന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലുള്ള ന്യൂസ് കാര്‍ഡാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. തിങ്ക് ഓവര്‍ കേരള 3.0 എന്ന ഗ്രൂപ്പില്‍ കബീര്‍ എരുമേലി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം-

Facebook Post Archived Screenshot

വാട്‌സാപ്പിലും ന്യൂസ് കാര്‍ഡ് വ്യാപകമായി പ്രചരിക്കുന്നുണ്ട്-

എന്നാല്‍ ഏഷ്യാനെറ്റ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫെയ്‌സ്ബുക്ക് പേജാണ് പരിശോധിച്ചത്. ഇതില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് തന്നെ പ്രചരണം വ്യാജമാണെന്ന് സ്ഥിരീകരിച്ച് പ്രതികരണ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്‍റെ ഉള്ളടക്കം.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രതികരണം-

Asianet News FB Post

ഫാക്‌ട് ക്രെസെന്‍ഡോ മലയാളം നടത്തിയ അന്വേഷണത്തില്‍ പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ കെഎസ്‌‌യുവിന് യൂണിറ്റ് ഇല്ലായെന്നാണ് ലഭിച്ച വിവരം. എസ്‌എഫ്ഐയും എഐഎസ്എഫും മാത്രമാണ് ഇവിടെ പ്രവര്‍തിത്തുന്ന സംഘടനകള്‍. അതുകൊണ്ട് തന്നെ പ്രചരണത്തിന് അടിസ്ഥാനമില്ലായെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കും.

നിഗമനം

ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡാണെന്ന് അവര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ കെഎസ്‌യു യൂണിറ്റ് ഇല്ലായെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ കെഎസ്‌യു പ്രവര്‍ത്തകരുമെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False