ബി‌ജെ‌പിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയ നിരീക്ഷകനായി എത്തുന്ന ശ്രീജിത്ത് പണിക്കരെ അപലപിച്ച് ബി‌ജെ‌പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ നടത്തിയ പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ആയിട്ടുണ്ട്. ഈ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.

പ്രചരണം

തൃശൂരില്‍ സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബി‌ജെ‌പി സംസ്ഥാന നേതൃത്വം ശ്രമിച്ചുവെന്ന് ചില ആക്രി നിരീക്ഷകര്‍, കള്ള പണിക്കര്‍മാര്‍ ചാനലില്‍ വന്നിരുന്നു പറഞ്ഞു എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ഇതിന് പിന്നാലെ “കള്ള പണിക്കർ പരാമർശം ശരിയല്ല സുരേന്ദ്രൻ തിരുത്തണം മാപ്പ് പറയണം

ജി.സുകുമാരൻ നായർ” – എന്ന് എന്‍‌എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചു എന്ന പ്രചരണമാണ് നടക്കുന്നത്. അതായത്, എന്‍‌എസ്‌എസ് കരയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കെ സുരേന്ദ്രന്‍റെ പരാമര്‍ശത്തോട് ഇങ്ങനെ പ്രതികരിച്ചു എന്ന വാര്‍ത്തയുള്ള ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്.

archived link

എന്നാല്‍ വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ പ്രചരണത്തിന്‍റെ വസ്തുത അറിയാനായി ആദ്യം ഏഷ്യാനെറ്റ് ന്യൂസ് വിഭാഗവുമായി സംസാരിച്ചു. ഇത്തരത്തില്‍ ഒരു വാര്‍ത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഏഷ്യാനെറ്റിന്‍റെ പേരും ലോഗോയും ദുരുപയോഗം ചെയ്ത വ്യാജ ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നതെന്നും സീനിയര്‍ റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി.

പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കി ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ പതിപ്പില്‍ റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്.

archived link

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ എന്‍‌എസ്‌എസ് ആസ്ഥാനവുമായി ബന്ധപ്പെട്ടു. ജി സുകുമാരന്‍ നായരുടെ ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചത് ഇങ്ങനെ: പൂര്‍ണ്ണമായും വ്യാജ പ്രചരണമാണിത്. ജി സുകുമാരന്‍ നായര്‍ സര്‍ ഒരിടത്തും ഇങ്ങനെ ഒരു പ്രതികരണം നടത്തിയിട്ടില്ല. ഈ വിഷയത്തില്‍ അദ്ദേഹം യാതൊരു പ്രതികരണങ്ങളും ഇതേവരെ നടത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.”

ശ്രീജിത്ത് പണിക്കരെ കുറിച്ച് കെ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം സംബന്ധിച്ച് എന്‍‌എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ എന്തെങ്കിലും അഭിപ്രായ പ്രകടനം നടത്തിയിരുന്നുവെങ്കില്‍ അത് മാധ്യമ വാര്‍ത്തയാകുമായിരുന്നു. എന്നാല്‍ ഒരു മാധ്യമവും ഇങ്ങനെ വാര്‍ത്ത കൊടുത്തിട്ടില്ല.

നിഗമനം

പോസ്റ്റിലെ ന്യൂസ് കാര്‍ഡ് വ്യാജമാണ്. കള്ള പണിക്കർ പരാമർശം ശരിയല്ല സുരേന്ദ്രൻ തിരുത്തണം മാപ്പ് പറയണം- ജി.സുകുമാരൻ നായർ എന്ന വാചകങ്ങളുമായി ഏഷ്യാനെറ്റ് ഇങ്ങനെ ന്യൂസ് കാര്‍ഡ് നല്‍കിയിട്ടില്ല. ജി സുകുമാരന്‍ നായര്‍ ഇങ്ങനെ പ്രസ്താവന ഒരിടത്തും നടത്തിയിട്ടുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:എന്‍‌എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വ്യാജ പ്രസ്താവനയുമായി പ്രചരിക്കുന്നത് ഏഷ്യാനെറ്റ് വ്യാജ ന്യൂസ് കാര്‍ഡ്...

Written By: Vasuki S

Result: False