2024 ലോക്സഭാ തെരെഞ്ഞെടുപ്പ് ഏഴാം ഘട്ടം ജൂണ്‍ ഒന്നിന് പൂര്‍ത്തിയാകും. ഏകദേശം ഒരു മാസക്കാലമായി രാജ്യം മുഴുവന്‍ ജൂണ്‍ നാലിന് പുറത്തുവരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് ഫലത്തിനായുള്ള കാത്തിരിപ്പിലാണ്. ബി‌ജെ‌പിയും ഇന്ത്യ മുന്നണിയും തമ്മിലാണ് പ്രധാന മല്‍സരം. ഇരുകൂട്ടരുടെയും അണികള്‍ പ്രധാനമന്ത്രി ആരാകുമെന്ന ചര്‍ച്ചയിലാണ്. ഇതിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചു എന്ന മട്ടില്‍ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.

പ്രചരണം

മനോരമ ന്യൂസിന്‍റെ പേരിലുള്ള ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്‍റെ പ്രസ്താവന എന്ന നിലയില്‍ കൊടുത്തിട്ടുള്ള വാചകങ്ങള്‍ ഇങ്ങനെയാണ്: “ഇന്ത്യ മുന്നണിക്ക് അധികാരം കിട്ടിയാൽ പ്രധാനമന്ത്രിയാവാൻ തയ്യാർ പിണറായി വിജയൻ”

FB postarchived link

ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇൻഡ്യാ മുന്നണി അധികാരത്തിലെത്തിയാൽ

കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി...

ലീഗിൽ ചർച്ച സജീവം,,

ആരൊക്കെ മന്ത്രിമാർ എന്ന ചർച്ച സ്റ്റാലിന്റെ dmk യിൽ

പ്രധാനമന്ത്രിയുടെ ഉപദേക്ഷ്ട്ടാവായി റീ പൊട്ടൻ ചാനലിൽ നിന്നും മൊട്ടയും നികേഷും 🤣🤣

കേരളത്തിലെ മാപ്രകൾ ദിവസവും എല്ലാ പാർട്ടികളിലേയും നേതാക്കളെ വിളിക്കും...... ചർച്ചയുടെ പേരിൽ "വായിൽ വരുന്നത് കോതക്കു പാട്ട്" എന്ന തരത്തിൽ അവർ തള്ളിമറിക്കും...... പുട്ടിനു പീരപോലെ അവതാരകൻ്റെ തള്ളലാണ് അസഹനീയം.......

ജൂൺ 4 വരെ കാത്തിരിക്കുന്നതിനു പകരം കാണികൾക്ക് പ്രഷർ കൂട്ടി റേറ്റിംഗ് കൂട്ടുക എന്നതാണ് ഇവരുടെ മാധ്യമ പ്രവർത്തനം........ ജനാധിപത്യത്തിൽ ജനങ്ങളാണ് അവസാന വാക്ക്..... അതവർ പെട്ടിയിലാക്കിക്കഴിഞ്ഞു........ ജൂൺ 4 ന് ജനത്തിൻ്റെ വിധി അംഗീകരിക്കുക മാത്രമേ നിവൃത്തിയുള്ളു......”

എന്നാല്‍ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്ന് അന്വേഷണത്തില്‍ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി.

വസ്തുത ഇതാണ്

പ്രചരണത്തിന്‍റെ വസ്തുത അറിയാന്‍ ഞങ്ങള്‍ ആദ്യം മനോരമ ന്യൂസ് ചാനലുമായി ബന്ധപ്പെട്ടു. മനോരമ ന്യൂസിന്‍റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ പ്രചരണം നടത്തുകയാണെന്ന് വാര്‍ത്താ വിഭാഗം ഞങ്ങളെ അറിയിച്ചു. “ന്യൂസ് കാര്‍ഡ് നോക്കിയാല്‍ അതില്‍ മനോരമ ഓണ്‍ലൈന്‍ ലോഗോ ആണുള്ളതെന്ന് കാണാം. മനോരമ ചാനല്‍ വെബ്സൈറ്റിന്‍റെ പേര് അതിന്‍റെ കൂടെ വച്ചിരിക്കുകയാണ്. മനോരമ ഓണ്‍ലൈനിലോ ന്യൂസ് ചാനലിലോ പ്രധാനമന്ത്രിയാവാൻ തയ്യാറാണെന്ന് പിണറായി വിജയന്‍ പറഞ്ഞതായി ഞങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടില്ല.”

മനോരമ ന്യൂസ് ചാനലിന്‍റെ ലോഗോ: മനോരമ ഓണ്‍ലൈന്‍ ലോഗോയില്‍ നിന്നും വ്യത്യസ്തമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ 79 മത് പിറന്നാള്‍ ദിനത്തില്‍ മനോരമ ഓണ്‍ലൈന്‍ പതിപ്പില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നല്‍കിയ ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്താണ് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

തുടര്‍ന്ന് ഞങ്ങള്‍ കൂടുതല്‍ വ്യക്തതക്കായി മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറി പി‌എം മനോജുമായി സംസാരിച്ചു. പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ് മുഖ്യമന്ത്രിയുടെ പേരില്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി ഒരിടത്തും ഇത്തരത്തില്‍ യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചു.

വ്യാജ പ്രചരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരില്‍ നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു.

നിഗമനം

ഇന്ത്യ മുന്നണിക്ക് അധികാരം കിട്ടിയാൽ പ്രധാനമന്ത്രിയാവാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായി വാര്‍ത്ത നല്‍കിയിരിക്കുന്ന മനോരമ ന്യൂസ് കാര്‍ഡ് വ്യാജമാണ്. മനോരമയുടെ വ്യാജ ന്യൂസ് കാര്‍ഡ് നിര്‍മ്മിച്ച് മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മനോരമയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് പിണറായി വിജയന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു...

Fact Check By: Vasuki S

Result: False