
വിവരണം
ഇന്ത്യ എന്നല്ല.. ഭാരതം അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ അങ്ങനെ വേണം പറയാന്‍, രാജ്യസ്നേഹത്തിനായി ഇന്ത്യന്‍ ഭരണഘടനയില്‍ കേന്ദ്രം തിരുത്ത് വരുത്തണം-സുപ്രീം കോടതി. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജയ് ശ്രീറാം എന്ന പ്രൊഫൈലില്‍ നിന്നും സംഘരാഷ്ട്രം എന്ന ഫെയസ്ബുക്ക് ഗ്രൂപ്പില്‍ മെയ് 31ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 379ല്‍ അധികം റിയാക്ഷനുകളും 123ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതമെന്നോ ഹിന്ദുസ്ഥാനെന്നോ ആക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഭാരതം, ഹിന്ദുസ്ഥാന്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ സമാനമായ വിഷയത്തില്‍ മലായാളം മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഇതില്‍ 24 ന്യൂസ് ചാനല്‍ വെബ്‌സൈറ്റിലെ വാര്‍ത്തയാണ് ഞങ്ങള്‍ പരിശോധിച്ചത്. ‘ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നോ ഹിന്ദുസ്ഥാനെന്നോ ആക്കണം; സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജ്ജി’ എന്നതാണ് വാര്‍ത്തയുടെ തലക്കെട്ട് തന്നെ. അതായത് ഇന്ത്യാ രാജ്യത്തിന്‍റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജ്ജി മാത്രമാണിതെന്ന് വ്യക്തി. ഡല്‍ഹി സ്വദേശിയായ ഒരു കര്‍ഷകനാണ് കോടതിയില്‍ ഹര്‍ജ്ജി നല്‍കിയിരിക്കുന്നതെന്നും ഇന്ത്യ എന്ന നാമം കൊളോനിയല്‍ കാലത്തെ അനുസമരിപ്പിക്കുന്നതാണെന്നും ദേശീയത പ്രതിഫലിക്കുന്ന പേരാണ് രാജ്യത്തിന് വേണ്ടതെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജ്ജി. സുപ്രീം കോടതി ജൂണ്‍ രണ്ടിന് ഹര്‍ജ്ജി പരിഗണിക്കുമെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.
24 ന്യൂസ് വാര്‍ത്ത-

എന്നാല്‍ ജൂണ്‍ രണ്ടിന് ഹര്‍ജ്ജി കോടതി പരിഗണിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞങ്ങള്‍ പരിശോച്ചെങ്കിലും ലൈവ് ലോ (Live Law) ഉള്‍പ്പടെയുള്ള വെബ്‌സൈറ്റുകളില്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായില്ല. അതുകൊണ്ട് തന്നെ ഞങ്ങളുടെ പ്രതിനിധി സുപ്രീം കോടതി അഭിഭാഷകയായ അഡ്വ. രശ്‌മിത രാമചന്ദ്രനുമായി ഫോണില്‍ ബന്ധപ്പെട്ട് ഹര്‍ജ്ജിയെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ ഇന്ന് ഹര്‍ജ്ജി സുപ്രീം കോടതി പരഗണിച്ചില്ലെന്നും അടുത്ത ദിവസം പരഗണിക്കാന്‍ സാധ്യതയുണ്ടെന്നും രശ്‌മിത പറഞ്ഞു. ഈ ആവശ്യത്തില്‍ മുന്‍പും സുപ്രീം കോടതി ഹര്‍ജ്ജി പരിഗണിച്ചിട്ടുണ്ടെന്നും അപ്പോഴെല്ലാം തള്ളിക്കളയുകമാത്രമാണ് കോടതി സ്വീകരിച്ച നടപടിയെന്നും രശ്‌മിത വ്യക്തമാക്കി.
നിഗമനം
ഇന്ത്യയുടെ പേര് മാറ്റി ഭാരതമെന്നോ ഹിന്ദുസ്ഥാനെന്നോ ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വ്യക്തി നല്‍കിയ ഹര്‍ജ്ജി മാത്രമാണിതെന്ന് വ്യക്തമായി കഴിഞ്ഞു. കോടതി ഹര്‍ജ്ജി ഇതുവരെ പരിഗണിച്ചിട്ടുമില്ല അതുകൊണ്ട് തന്നെ കോടതി കേന്ദ്രസര്‍ക്കാരിനോട് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
അപ്ഡേറ്റ്
ഇന്ത്യയുടെ പേര് ഭാരതമെന്നോ ഹിന്ദുസ്ഥാനെന്നോ മാറ്റണമെന്ന ഹര്‍ജ്ജി സുപ്രീം കോടതി തള്ളി. എന്നാല്‍ ഹര്‍ജ്ജിക്കാരന്‍റെ ആവശ്യം നിവേദനമായി കേന്ദ്ര സര്‍ക്കാരിന് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ലൈവ് ലോ വെബ്‌സൈറ്റില്‍ ഹര്‍ജ്ജി കോടതി പരിഗണിച്ചത് സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാണ്.

Title:ഇന്ത്യയുടെ പേര് മാറ്റണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടോ?
Fact Check By: Dewin CarlosResult: False
