
വിവരണം
തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബെയില്‍ നിന്നും കഴിഞ്ഞ ദിവസം ഒരു ട്രെയിന്‍ വന്നിരുന്നു. ട്രെയിനില്‍ വന്നവരെ സ്വീകരിക്കാനും പ്രദേശത്തെ ആളുകളും പോലീസും ഉണ്ടായിരുന്നു. അവരെ ക്വാറന്റൈന് ചെയ്യാനും മറ്റും സജ്ജരായിട്ടാണ് പോലീസും മറ്റുള്ളവരും നിന്നിരുത്. എന്നാല്‍ അവരില്‍ ഭൂരിഭാഗം ആളുകളും പിന്നിലെ ഡോറിലൂടെ പോലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു. അതുകൊണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തുക. ശ്രദ്ധിക്കുക, ആരും പുറത്തിറങ്ങാതിരിക്കുക വളരെ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക. തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് ഒരു ഓഡിയോ സന്ദേശം വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 1.16 മിനിറ്റുള്ള പുരുഷന്റെ ശബ്ദത്തിലുള്ള ഓഡിയോയാണ് വാട്സാപ്പില്‍ പ്രചരിക്കുന്നത്.
പ്രചരിക്കുന്ന വാട്സാപ്പ് ഓഡിയോ ഇതാണ്-
WhatsApp Video 2020-06-10 at 7.39.09 PM from Dewin Carlos on Vimeo.
എന്നാല്‍ മലപ്പുറം ജില്ലയിലെ തിരൂരില്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോ? മുംബൈയില്‍ നിന്നും ട്രെയിനില്‍ എത്തിയവര്‍ ക്വാറന്റൈനില്‍ കഴിയാന്‍ തയ്യാറാകാതെ ആരോഗ്യ പ്രവര്‍ത്തകരെയും പോലീസിനെയും കബളിപ്പിച്ച് കടന്നു കളഞ്ഞു എന്ന പ്രചരണം സത്യമാണോ? വസ്തുത എന്താണെന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
പ്രചരണത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി തിരൂര്‍ നഗരസഭ അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടു. വാട്സാപ്പിലെ ശബ്ദസന്ദേശം ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്നും ഇത് തികച്ചും അടിസ്ഥാനരഹിതവും വ്യാജവുമാണെന്നും നഗരസഭ അധികൃതര്‍ പ്രതികരിച്ചു.
കൂടാതെ തിരൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ വ്യാജ പ്രചരണത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയതായും വാര്‍ത്ത കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പരാതി സ്വീകരിക്കുന്ന ചിത്രം സഹിതമാണ് തിരൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.
ചേമ്പര്‍ ഓഫ് കൊമേഴ്സ് നല്കിയ പരാതിയുടെ പൂര്‍ണ്ണരൂപം-
തിരുർ:ബോംബെയിൽ നിന്നും തിരൂരിൽ എത്തിയ ട്രെയിനിലെ യാത്രക്കാർ ഒരു പരിശോധനക്കും സഹകരിക്കാതെ, ഗൂഡ്സ് റോഡ് വഴി ഒളിച്ചു പോയതായി നവമാധ്യമങ്ങൾ വഴി ( വോയിസ് മെസ്സേജ്, ടെക്സ്റ്റ് മെസേജ് ) പ്രചരിപ്പിച്ചതിനു പിന്നിൽ ജില്ലയുടെ സാംസ്ക്കാരിക തലസ്ഥാനവും, പ്രമുഖ വാണിജ്യ നഗരവുമായ തിരുരിനെ ബോധപൂർവം ഇക്ഴ്ത്താനുള്ള ചില നിഗൂഡ ശക്തികളുടെ ശ്രമത്തിൻ്റെ ഭാഗമാണ്.
അതിനാൽ, ഈ വ്യാജ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്തി ,ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ സൈബർ ആക്റ്റ് പ്രകാരമുള്ള ശിക്ഷാ നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട്തിരുർ ചേമ്പർ ഓഫ് കൊമേഴ്സ്ജനറൽ സി ക്രട്ടറി സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകി,*
പി.പി.അബ്ദുൽ റഹ് മാൻ
ജനറൽ സിക്രട്ടറി (10-06 .2020)

നിഗമനം
തിരൂര്‍ നഗരസഭ അധികൃതര്‍ തന്നെ പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജ സന്ദേശത്തെ കുറിച്ച് പോലീസ് കേസ് രജിസ്ടര്‍ ചെയ്ത് അന്വേഷണവും നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വാട്സാപ്പ് പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:മുംബൈയില്‍ നിന്നും ട്രെയിനില്‍ തിരൂരില്‍ എത്തിയവര്‍ ക്വാറന്റൈന് കഴിയാന്‍ തയ്യാറാകാതെ മുങ്ങിയെന്ന വാട്സാപ്പ് പ്രചരണം വ്യാജം..
Fact Check By: Dewin CarlosResult: False
