
വിവരണം
റിലീസിങ് ദിനത്തില്‍ തീയറ്റര്‍ കേന്ദ്രീകരിച്ചും സമൂഹമാധ്യമങ്ങളിലൂടെയുള്ള റിവ്യു നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ കോടതിയുടെ ഇടപെടല്‍ എന്ന തരത്തിലൊരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആരോമലിന്‍റെ ആദ്യ പ്രണയം എന്ന സിനിമയുടെ സംവിധായകന്‍ മുബീന്‍ നൗഫല്‍ നല്‍കിയ ഹൈകോടതിയാണ് ഇന്നലെ (ഒക്ടോബര്‍ 10) പരിഗണിച്ചത്. ഇതിന് പിന്നാലെ വ്ളോഗര്‍മാരുടെ സിനിമ റിവ്യു റിലീസിന് 7 ദിവസം കഴിഞ്ഞു മതിയെന്ന് ഹൈകോടതിയുടെ ഉത്തരവിറങ്ങിയെന്നാണ് പ്രചരണം. ഒരു പത്രവാര്‍ത്ത കട്ടിങ്ങാണ് ഇത്തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ഡീഞ്ഞ്യോയുടെ ശിഷ്യന്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി ഷെയറുകളും റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിനിമ റിവ്യു 7 ദിവസങ്ങള്‍ക്ക് ശേഷം മതിയെന്ന് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
റിലീസിന് ശേഷം 7 ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമെ സിനിമ റിവ്യു പാടുള്ളു എന്ന് ഹൈക്കോടതി ഉത്തരവിറക്കിയിട്ടില്ലായെന്നും തെറ്റായ വാര്‍ത്തയാണ് പ്രചരിച്ചതെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കവെ വിഷയത്തില്‍ വ്യക്തത വരുത്തിയത്. അതെസമയം സിനിമ വ്യവസായത്തെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലായെന്നും ഫോണ്‍ കയ്യിലുണ്ടെന്ന് കരുതി ആരെയും ബ്ലാക്ക് മെയില്‍ ചെയ്യാമെന്ന ധരണ വേണ്ടയെന്നും ഇത്തരക്കാര്‍ മാത്രം കോടതി ഉത്തരവിനെ ഭയപ്പെട്ടാല്‍ മതിയെന്നും വ്യക്തമാക്കി. സിനിമ റിവ്യു നിയന്ത്രിക്കാന്‍ പ്രത്യേക പ്രോട്ടോക്കോള്‍ നിലവിലില്ലായെന്ന് സംസ്ഥാന പോലീസ് മേധാവിയും ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രമോദ് കുമാറുമായി ഫാക്ട് ക്രെസെന്‍ഡോ മലയാളം ബന്ധപ്പെട്ട് ഇത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിഗമനം
സിനിമ റിലീസിന് ഏഴ് ദിവസങ്ങള്‍ക്ക് ശേഷം മാത്രമെ റിവ്യു ചെയ്യാന്‍ അനുവദിക്കു എന്ന് ഹൈക്കോടതി ഉത്തരവിറക്കിയിട്ടില്ലായെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:സിനിമ റിവ്യു റിലീസിന് 7 ദിവസത്തിന് ശേഷം മതിയെന്ന് ഹൈകോടതി ഉത്തരവിറക്കിയിട്ടില്ലാ.. പ്രചരണം വ്യാജം..
Written By: Dewin CarlosResult: False
