FACT CHECK: പാലക്കാട് നഗരസഭയില്‍ ജയ് ശ്രീരാം ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി അനുകൂല പ്രതികരണം നടത്തി എന്ന പ്രചാരണം തെറ്റാണ്…

രാഷ്ട്രീയം | Politics

വിവരണം 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നപ്പോള്‍ കേവല ഭൂരിപക്ഷം നേടി പാലക്കാട് നഗരസഭയുടെ ഭരണം ബിജെപിക്ക് ലഭിച്ചു. തുടര്‍ന്ന് നഗരസഭ കാര്യാലയത്തില്‍ ബിജെപിക്കാര്‍ ശിവജിയുടെ ചിത്രവും  ജയ് ശ്രീരാം എന്ന വാക്കുകളും എഴുതിയ ബാനര്‍ ഉയര്‍ത്തി ആഹ്ലാദ പ്രകടനം  നടത്തിയ നടപടി വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലും നടപടിയെ അപലപിച്ചു കൊണ്ടുള്ള ചര്‍ച്ചകളും വിമര്‍ശങ്ങളും, കൂടാതെ അനുകൂലിച്ചു കൊണ്ടുള്ള പോസ്റ്റുകളും ധാരാളമായി പ്രചരിച്ചു തുടങ്ങി. 

നഗരസഭയില്‍ ജയ് ശ്രീരാം ബാനര്‍  ഉയര്‍ത്തിയതിനെ പറ്റി മുസ്ലീംലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി അനുകൂല പരാമര്‍ശം നടത്തി എന്ന മട്ടില്‍ ഒരു പോസ്റ്റ് ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. “ദേശിയ പുരുഷനായ ശ്രീരാമന്‍റെ ഫ്ലെക്സ്‌ മുനിസിപ്പാലിറ്റിയില്‍ തൂക്കുന്നതില്‍ തെറ്റില്ല പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ അല്ലല്ലോ തൂക്കിയത്‌: പികെ കുഞ്ഞാലിക്കുട്ടി” ഇതാണ് പോസ്റ്റിലെ വാചകങ്ങള്‍. 

archived linkFB post

ഏതോ മാധ്യമ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടിന്‍റെ രൂപത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ ചിത്രത്തോടൊപ്പമാണ് പ്രചരണം. മാധ്യമം എതാണെന്നുള്ള കാര്യം സ്ക്രീന്‍ ഷോട്ടില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയില്ല. 

ഫാക്റ്റ് ക്രെസണ്ടോ വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചു. വ്യാജ പ്രചരണമാണെന്ന് കണ്ടെത്തി. 

വസ്തുത ഇതാണ് 

ഫേസ്ബുക്കില്‍ നിരവധിപ്പേര്‍ ഈ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിക്കുന്നുണ്ട്.

കുഞ്ഞാലിക്കുട്ടി എം പി ഇങ്ങനെയൊരു പ്രതികരണം നടത്തിയോ എന്നറിയാന്‍ ഞങ്ങള്‍ ആദ്യം മാധ്യമങ്ങളില്‍ വാര്‍ത്ത തിരഞ്ഞു. എന്നാല്‍ ഒരു മാധ്യമവും ഇത്തരത്തിലൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഞങ്ങള്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക്  പേജില്‍ തിരഞ്ഞു നോക്കി. എന്നാല്‍ ഇത്തരത്തിലൊ അല്ലെങ്കില്‍ സമാനത ഉള്ളതോ ആയ യാതൊരു പ്രതികരണങ്ങളും അദ്ദേഹം നടത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. 

തുടര്‍ന്ന് വസ്തുത അറിയാനായി ഞങ്ങളുടെ പ്രതിനിധി അദ്ദേഹത്തോട് സംസാരിച്ചു. “ഇത് പൂര്‍ണ്ണമായും തെറ്റായ പ്രചാരണമാണ്. ഞാന്‍ ഇക്കാര്യത്തില്‍ ഇങ്ങനെ ഒരു പ്രതികരണം നടത്തിയിട്ടില്ല, ഒരിക്കലും നടത്തുകയുമില്ല. ഇങ്ങനെയൊരു രാഷ്ട്രീയ സംഭവം നടക്കുമ്പോള്‍ മുതലെടുപ്പിനായി ചിലര്‍ ശ്രമം നടത്തുന്നതിന്റെ ഭാഗമാണിതെല്ലാം.”

പോസ്റ്റില്‍ നല്കിയിരിക്കുന്നതുപോലെ ഒരു പ്രതികരണം പി കെ കുഞ്ഞാലിക്കുട്ടി നടത്തിയിട്ടില്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയതിനെ അനുകൂലിച്ച് പി കെ കുഞ്ഞാലിക്കുട്ടി എംപി യാതൊരു പരാമര്‍ശങ്ങളും നടത്തിയിട്ടില്ല. ഇത്തരത്തില്‍ വരുന്നതെല്ലാം വ്യാജ പ്രചാരണങ്ങള്‍ മാത്രമാണ്.

Avatar

Title:പാലക്കാട് നഗരസഭയില്‍ ജയ് ശ്രീരാം ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി അനുകൂല പ്രതികരണം നടത്തി എന്ന പ്രചാരണം തെറ്റാണ്…

Fact Check By: Vasuki S 

Result: False