
വിവരണം
സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം എല്ലാവരും വീടുകളിൽ തന്നെ വരുമാനമില്ലാത്ത കഴിയുന്നതിനാൽ കറണ്ട് ബിൽ ഇളവ് ചെയ്തു നൽകണമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ആവശ്യമുയർന്നിരുന്നു. എന്നാല്‍€സർക്കാർ ബില്ല് അടക്കാൻ ഉള്ള തീയതി മാത്രമാണ് ഇതുവരെ ഇളവുചെയ്തു നൽകിയത്. ഇതിനിടെ വൈദ്യുതിബിൽ വർദ്ധിപ്പിച്ചു എന്ന വാർത്തയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് ഏറ്റവുമൊടുവിൽ വൈദ്യുതിബിൽ വർധിപ്പിച്ച ഉത്തരവിറങ്ങിയത്. അതിനുശേഷം ഇതുവരെ വൈദ്യുതി ബിൽ വർധിപ്പിച്ചിട്ടില്ല എന്നാണ് കെഎസ്ഇബിയുടെ പിആർഒ റാം മഹേഷ് ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയത്. ഇതിനിടെ മറ്റൊരു വാർത്ത ഇപ്പോൾ പ്രചരിക്കുന്നുണ്ട്. വാർത്ത ഇങ്ങനെയാണ് വിജയന്‍റെ മതേതരത്വം പൂത്തുലഞ്ഞ അപ്പോൾ ഇസ്ലാം ക്രിസ്ത്യൻ പള്ളികൾക്ക് കറണ്ട് ബിൽ യൂണിറ്റിന് 2.85 രൂപ, ഹിന്ദു ക്ഷേത്രങ്ങൾക്ക് 8 രൂപ

ഈ വാർത്തയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ പരക്കെ പ്രചാരം ലഭിക്കുന്നുണ്ട്. എന്നാൽ ഈ വാർത്ത സത്യമല്ല. വാർത്തയുടെ യാഥാർത്ഥ്യം എന്താണെന്ന് താഴെ കൊടുക്കുന്നു:
വസ്തുത വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ യാഥാർത്ഥ്യം അറിയാൻ വാർത്താ മാധ്യമങ്ങൾ പരിശോധിച്ചപ്പോൾ ഇത്തരത്തിലൊരു വാർത്ത ആരും പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അതിനുശേഷം ഞങ്ങള്‍ കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പരിശോധിച്ചു. കെഎസ്‌ഇബി വാര്‍ത്തകള്‍ എന്ന പേജില്‍ പ്രസ്തുത പ്രചരണത്തിനെതിരെ അവര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
“ലോക്ക് ഡൗൺ കാലയളവിൽ KSEB യ്‌ക്കെതിരെ നിരവധി വ്യാജ ആരോപണങ്ങളാണ് ഉയർന്നുവന്നത്. അവയുടെയൊക്കെ മുനയൊടിഞ്ഞതും നമ്മൾ കണ്ടു.
ഒടുവിൽ ചില കുബുദ്ധികൾ പ്രചരിപ്പിച്ച ആരോപണത്തിലെ വരികളിതാണ്…
“മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗ് മെത്തേഡ്… ക്രിസ്ത്യൻ പള്ളി – 2.85/-, മസ്ജിദ്- 2.85/-, ക്ഷേത്രത്തിനു യൂണിറ്റ് – 8 രൂപ”. എന്നാണു ആരോപണം.
ഇതിലെ യാഥാർത്ഥ്യം എന്താണ് എന്ന് പരിശോധിക്കാം…
വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ എന്ന Quasi Judicial Body അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ് തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ചാണ് കെ എസ് ഇ ബി ബിൽ തയ്യാറാക്കുന്നത്.
500 യൂണിറ്റിന് താഴെ ഉപയോഗിച്ചാൽ, ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 5.70 രൂപയും, 500 യൂണിറ്റിനു മുകളിൽ ഉപയോഗിച്ചാൽ ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 6.50 രൂപയുമാണ് നിരക്ക്.
ഇതിനു പുറമേ, ഫിക്സഡ് ചാർജ് ആയി ഒരു കിലോവാട്ടിന് പ്രതിമാസം 65 രൂപയും ഈടാക്കുന്നതാണ്.
ഇതാണ് വാസ്തവം.
ഇതുപോലെ തന്നെയാണ് അടുത്തിടെയായി KSEB യ്‌ക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങളുടെയും സ്ഥിതി.
ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ KSEB എന്ന ജനങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന പൊതു മേഖലാ സ്ഥാപനത്തെ നശിപ്പിക്കാൻ കഴിയില്ല.
വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക”

ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും ഇങ്ങനെയൊരു താരിഫ് പുതുക്കല്‍ ഉണ്ടായിട്ടില്ല എന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണം നൽകിയിട്ടുണ്ട്. ഇക്കാര്യം ഞങ്ങൾ വൈദ്യുതി വകുപ്പിന്‍റെ പബ്ലിക് റിലേഷൻസ് ഓഫീസർ റാം മഹേഷിനോട് ചോദിച്ചു ഉറപ്പ് വരുത്തിയിരുന്നു.
പോസ്റ്റില്‍ നൽകിയിരിക്കുന്ന വാർത്ത യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. ക്രിസ്ത്യൻ മുസ്ലീം പള്ളികൾക്ക് ഒരു വൈദ്യുതി താരിഫും മറ്റുള്ളവർക്ക് ഹിന്ദു ക്ഷേത്രങ്ങൾക്ക് മറ്റൊരു വൈദ്യുതി താരിഫും കെഎസ്ഇബി നിശ്ചയിച്ചിട്ടില്ല. മറ്റു തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഒക്കെ വ്യാജപ്രചരണങ്ങൾ ആണ്.

Title:വ്യത്യസ്ത ആരാധാനാലയങ്ങള്‍ക്ക് കെഎസ്ഇബി വിവേചനപരമായി വൈദ്യുത താരിഫ് നിശ്ചയിച്ചു എന്ന വാർത്ത തെറ്റാണ്…
Fact Check By: Vasuki SResult: False
