വിവരണം

കോവിഡ് 19 എന്ന വിനാശകാരിയായ വൈറസ് ചൈനയിൽ ഉത്ഭവിച്ച് മൂന്നു മാസത്തിനുള്ളിൽ ലോകരാജ്യങ്ങൾ മുഴുവൻ പടർന്നതിനിടെ വൈറസിന്‍റെ പിടിയിൽ അമർന്നവർ ഇന്നുവരെ 1711953 പേരാണ്. ഇതിൽ 103582 പേർ മരണത്തിന് കീഴടങ്ങി. ഇതുവരെ 387106 ആളുകൾ രോഗമുക്തി നേടിക്കഴിഞ്ഞു. ഇതുവരെ കൃത്യമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗത്തിന് അടിപ്പെട്ടവരിൽ നിരവധി പ്രമുഖരും ഉൾപ്പെടും.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ് 19 ബാധിതനായി ഇപ്പോഴും ചികിത്സയിലാണ്. ബ്രിട്ടനിലെ തന്നെ ചാൾസ് രാജകുമാരൻ, ഹോളിവുഡ് നടൻ ടോം ഹാങ്ക്സ് തുടങ്ങിയവർ രോഗമുക്തി നേടിവരുന്നു. സ്‌പെയിനിലെ രാജകുമാരിയായി മരിയ തെരേസ, ഗായകനായ ജോൺ പ്രിൻ, സാക്സഫോൺ വിദ്വാൻ മനു ദിബാങ്കോ തുടങ്ങിയവർ കോവിഡ് മൂലം മരണത്തിന് കീഴടങ്ങേണ്ടി വന്ന പ്രമുഖരാണ്.

ഇതിനിടയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാന് കോവിഡ് ബാധിച്ചു എന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി നടന്നു. തുടർന്ന് അദ്ദേഹത്തിന് രോഗമില്ലെന്ന് പാക് സർക്കാർ തന്നെ ഔദ്യോഗിക വിശദീകരണം നൽകിയിരുന്നു.

വീണ്ടും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി മറ്റൊരു വാർത്ത പ്രചരിച്ചു പോരുന്നു.

archived linkFB post

ഇമ്രാൻഖാന്‍റെ പത്നിക്കും ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചു എന്നതാണ് വാർത്ത. ഒരു ടിവി ചാനലിന്‍റെ സ്ക്രീൻഷോട്ട് സഹിതമാണ് വാർത്തയുടെ പ്രചരണം. എന്നാൽ ഇത് തെറ്റായ വാർത്തയാണെന്ന് ആദ്യമേതന്നെ നിങ്ങളെ അറിയിക്കുന്നു. ഏതാണ് യാഥാർഥ്യമെന്ന് വ്യക്തമാക്കാം

വസ്തുതാ വിശകലനം

ഞങ്ങൾ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞെങ്കിലും ഇത്തരത്തിൽ ഒരു വാർത്ത കണ്ടെത്താനായില്ല.

സ്ക്രീൻഷോട്ട് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഇത് കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണ് എന്ന് വ്യക്തമായി. ചാനലിന്‍റെ ലോഗോ ഇതിൽ അവ്യക്തമാക്കി വച്ചിരിക്കുകയാണ്. മാത്രമല്ല, breaking news എന്ന് മൂന്നിടത്താണ് നൽകിയിരിക്കുന്നത്. ആദ്യത്തെ breaking ലെ ‘EAKING’ മാത്രമേ കാണാനുള്ളൂ. സാധാരണ ഒരിടത്ത് മാത്രമേ ബ്രേക്കിംഗ് ന്യൂസ് എന്ന് ചാനൽ നൽകാറുള്ളൂ.

സ്ക്രീനിലെ ഏറ്റവും താഴത്തെ വരിയുടെ( ഡ്രൈവറുമായി സമ്പർക്കം പുലർത്തിയ ജോലിക്കാരനും നിരീക്ഷണത്തിൽ എന്നർത്ഥം) അവസാനം ചുവന്ന നിറത്തിൽ ഹിന്ദിയിൽ 'ദേശ്' എന്ന് എഴുതിയിരിക്കുന്നത് ആ വാചകവുമായി യാതൊരു ബന്ധവുമില്ലാത്ത വാക്കാണ്. പിന്നെയും ചില വാക്കുകൾ അതിൽ അവ്യക്തമാണ്. പച്ച നിറത്തിലെ ചതുരം ഉപയോഗിച്ച് ഞങ്ങൾ അവ അടയാളപ്പെടുത്തിയിട്ടുണ്ട്.

ആജ് തക് ടിവിയുടെ പൊതുവേയുള്ള യഥാർത്ഥ സ്ക്രീൻഷോട്ട് വായനക്കാരുടെ അറിവിലേക്കായി താഴെ കൊടുക്കുന്നു

സ്‌ക്രീനിൽ അവ്യക്തമായ വാക്കുകളൊന്നും ആജ്തക് ടിവി ചാനൽ നൽകാറില്ല എന്ന് സ്ക്രീൻഷോട്ടിൽ നിന്ന് വ്യക്തമാകും.

ഈ വാർത്ത ആജ് തക് ടിവി ചാനലിന്‍റെ മോർഫ് ചെയ്ത സ്ക്രീൻഷോട്ട് ഉപയോഗിച്ച് സൃഷ്‌ടിച്ച വ്യാജ സ്ക്രീൻഷോട്ടാണ്. യഥാർത്ഥത്തിൽ ഉള്ളതല്ല. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ഭാര്യയ്‌ക്കോ ഡ്രൈവർക്കോ കോവിഡ് ബാധിച്ചതായി ഇതുവരെ വാർത്തകളില്ല. ആജ് തക് ടിവി അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലോക് ഡൗൺ മൂലം അവരെ ലഭ്യമായില്ല. അവരുടെ വിശദീകരണം ലഭിച്ചാലുടൻ ലേഖനത്തിൽ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

നിഗമനം

ഈ പോസ്റ്റിൽ നല്കിയിരിക്കുന്നത് പൂർണ്ണമായും വ്യാജ വാർത്തയാണ്. ആജ്തക് ടിവിയുടെ കൃത്രിമ സ്ക്രീൻഷോട്ട് ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത വ്യാജ വാർത്ത മാത്രമാണിത്. ഇമ്രാൻ ഖാന്‍റെ ഭാര്യക്കോ ഡ്രൈവർക്കോ കോവിഡ് ബാധിച്ചതായി ഇതുവരെ വാർത്തകളില്ല.

Avatar

Title:ടിവി ചാനലിന്‍റെ കൃത്രിമ സ്ക്രീൻഷോട്ട് ഉപയോഗിച്ച്‌ ഇമ്രാൻ ഖാന്‍റെ ഭാര്യയ്ക്കും ഡ്രൈവർക്കും കോവിഡ് ബാധിച്ചു എന്ന വ്യാജ പ്രചരണം..

Fact Check By: Vasuki S

Result: False