കെഎംസിസിയുടെ നേതൃത്വത്തില്‍ മലയാളികളുമായി നൂറ് ബസുകള്‍ കേരളത്തിലേക്ക് എത്തുമെന്ന പ്രചരണം വ്യാജം..

രാഷ്ട്രീയം | Politics

വിവരണം

കെഎംസിസിയുടെ നേതൃത്വത്തില്‍ ഹരിയാനയിലെ ലുധിയാനയില്‍ നിന്നും മലയാളികളുമായി നൂറ് ബസുകള്‍ കേരളത്തിലേക്ക് പുറപ്പെട്ടു. അത്യാധുനിക സംവിധാനങ്ങളുള്ള ബസുകളിലാണ് ഇവരെ കൊണ്ടുവരുന്നത്. മുസ്‌ലിം ലീഗ് ഹരിയാന സ്റ്റേറ്റ് പ്രസിഡന്‍റ് ഖലീല്‍ ഖാലിദ് ഫ്ലാഗ് ഓഫ് ചെയ്തു.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്ന ദൗത്യങ്ങള്‍ സര്‍ക്കാരിന് പുറമെ പല സന്നദ്ധ സംഘടനകളും നടത്തുന്നുണ്ട്. അത്തരത്തിലൊന്നാണ് ഇതെന്നും അവകാശവാദം ഉന്നയിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അബ്‌ദുള്‍ ഹക്കീം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,000ല്‍ അധികം ഷെയറുകളും 230ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

FB PostArchived Link

എന്നാല്‍ ഹരിയാന സംസ്ഥാനത്തെ സ്ഥലമാണോ പോസ്റ്റില്‍ അവകാശവാദം ഉന്നയിക്കുന്ന ലുധിയാന? അങ്ങനെയെങ്കില്‍ തന്നെ അവിടെ നിന്നും മലയാളികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം കെംഎംസിസി ഏറ്റെടുത്തിട്ടുണ്ടോ? കെഎംസിസിയുടെ നൂറ് ബസുകളില്‍ ഒന്നിന്‍റെ ചിത്രമാണോ പോസ്റ്റിലുള്ളത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന സ്ഥലം തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. ഹരിയാനയില്‍ ലുധിയാന എന്ന ഒരു സ്ഥലമില്ല. എന്നാല്‍ പഞ്ചാബിലെ പ്രശ്സതമായ നഗരമാണ് ലുധിയാന. പിന്നീട് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രമാണ് ഞങ്ങള്‍ പരിശോധിച്ചത്. ബസിന്‍റെ ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഫ്ലിക്കര്‍ എന്ന ഇമേജ് ഷെയറിങ് വെബ്‌സൈറ്റില്‍ നിന്നും യഥാര്‍ത്ഥ ചിത്രം കണ്ടത്താന്‍ കഴിഞ്ഞു. ഇംഗ്ലണ്ടിലെ നോര്‍ത്ത് ആന്‍സ്റ്റണ്‍ ടോഡ്‌വിക്ക് റോഡിലൂടെ പോകുന്ന ബസിന്‍റെ ചിത്രം എന്ന പേരില്‍ 2017 മാര്‍ച്ച് 29ന് ചിത്രം പങ്കുവെച്ചിട്ടുണ്ട്. എസ്എ 52 ഡി ഡബ്ലിയുസി എന്നതാണ് ഈ ബസിന്‍റെ യഥാര്‍ത്ഥ രജീസ്ട്രേഷന്‍. ഇന്ത്യന്‍ രജിസ്ട്രേഷനല്ല ഇതെന്നും കൂടാതെ കെഎംസിസി എന്ന എഴുത്തും യഥാര്‍ത്ഥ ചിത്രത്തിലില്ല. കെഎംസിസി എന്നത് എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് ഇതുകൊണ്ട് തന്നെ മനസിലാക്കാം.

മാത്രമല്ല കെഎംസിസി ഭാരവാഹിയുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ലുധിയാനയില്‍ നിന്നും ഇങ്ങനെയൊരു സര്‍വീസ് കെഎംസിസി നടത്തിയിട്ടില്ലെന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചു.

ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

ഫ്ലിക്കര്‍ വെബ്‌സൈറ്റില്‍ പങ്കുവെച്ചിരിക്കുന്ന യഥാര്‍ത്ഥ ചിത്രം-

നിഗമനം

അന്വേഷണത്തില്‍ നിന്നും പോസ്റ്റിലെ മുഴുവന്‍ വിവരങ്ങളും അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് വ്യക്തമായതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കെഎംസിസിയുടെ നേതൃത്വത്തില്‍ മലയാളികളുമായി നൂറ് ബസുകള്‍ കേരളത്തിലേക്ക് എത്തുമെന്ന പ്രചരണം വ്യാജം..

Fact Check By: Dewin Carlos 

Result: False