
വിവരണം
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21.. നിയമം നവംബര്‍ 4ന് പ്രാബല്യത്തില്‍ വരും കേന്ദ്ര നിയമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും നിരനധി പേര്‍ ഈ സന്ദേശം പങ്കുവെക്കുന്നുണ്ട്. അത്തരത്തില്‍ ആര്‍.സുകുമാരന്‍ നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ചുവടെ-

എന്നാല്‍ നവംബര്‍ നാലിന് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കിയിട്ടുള്ള കേന്ദ്ര നിയമം പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപനം നടന്നിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്നും 21ലേക്ക് ഉയര്‍ത്തിയേക്കുമെന്ന വാര്‍ത്തകള്‍ നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് എപ്പോഴാണ് പ്രാബല്യത്തില്‍ വരുന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ വാര്‍ത്തകളില്‍ പറയുന്നില്ല.
അപ്പോള്‍ പിന്നെ നവംബര്‍ നാലിന് നിയം പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള അറിയിപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ വകുപ്പിന് നല്‍കിയിട്ടുണ്ടോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സമൂഹ്യക്ഷേമ വകുപ്പ് ഓഫിസുമായി ബന്ധപ്പെട്ടു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ ഇത്തരമൊരു നിയമം നവംബര്‍ നാലിന് നിലവില്‍ വരുമെന്ന് യാതൊരു അറിയിപ്പും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് ഓഫിസ് അധികൃതര്‍ അറിയിച്ചു. കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ പരിശോധിച്ചതിലും നിന്നും വ്യക്തമായി. കൂടാതെ ഞങ്ങള്‍ ഈ വസ്‌തുത അന്വേഷണം നടത്തുന്ന ഈ സമയം വരെ കേന്ദ്ര സര്‍ക്കാര്‍ നവംബര്‍ നാലിന് പെണ്‍കുട്ടികളുടെ വാവാഹപ്രായം സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുമെന്ന പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് വ്യക്തം.
ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പോസ്റ്റ് കണ്ണൂര്‍ ജേര്‍ണല്‍ എന്നയൊരു ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലിന്‍റെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അവരും ഇത് തെറ്റായ വിവരമാണെന്ന് മനസിലാക്കി പോസ്റ്റ് നേരത്തെ തന്നെ നീക്കം ചെയ്തിട്ടുണ്ട്.
നിഗമനം
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും അന്തിമമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആകുമെന്ന നിയമം നവംബര്‍ നാലിന് പ്രാബല്യത്തില്‍ വരുമെന്ന പ്രചരണം വ്യാജം..
Fact Check By: Dewin CarlosResult: False
