
വിവരണം
ഉത്തര്‍പ്രദേശിൽ ഒരു കിലോ ഉള്ളിക്കു വില 8 രൂപ.
കേരളത്തിൽ എത്രയാണ് ഉള്ളിക്കുവില? എന്ന തലക്കെട്ട് നല്‍കിയൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് നിരവധി ഫെയ്‌സ്ബുക്ക് ഗ്രൂപ്പകളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നമ്മുടെ സ്വന്തം അരൂര്‍ എന്ന ഗ്രൂപ്പില്‍ മിഥുന്‍ കെ.ആര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 100ല്‍ അധികം റിയാക്ഷനുകളും 740ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഉള്ളിയുടെ വില കുത്തനെ ഉയര്‍ന്നിരിക്കുന്ന ഈ സാഹചര്യത്തിലും ഉത്തര്‍പ്രദേശില്‍ എട്ടു രൂപയ്ക്ക് ഉള്ളി കിട്ടുമോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഒക്‌ടോബര്‍ 23നാണ് ഉത്തര്‍പ്രദേശില്‍ ഉള്ളിവില എട്ട് രൂപ മാത്രമാണെന്ന പേരിലുള്ള പോസ്റ്റ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്നത്. ഉള്ളിവില വര്‍ദ്ധനയെ കുറിച്ച് ഗൂഗിളില്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും വിഷയത്തെ കുറിച്ചുള്ള രണ്ട് ലേഖനങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ പ്രധാനപ്പെട്ട മേഖലകളിലെ ഉള്ളിവിലയുടെ പട്ടിക പത്രിക എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 21ലെ റിപ്പോര്‍ട്ട് പ്രകാരം 30 മുതല്‍ വരെ കുറഞ്ഞ വിലയും 70 രൂപ വരെ ഉയര്‍ന്ന വിലയുമാണ് യുപിയില്‍ ഒരു കിലോ ഉള്ളിയുടെ വില എന്ന് പത്രിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒക്ടോബര്‍ 23ന് ഡെക്കാന്‍ ഹെറാള്‍ഡ് ഉള്ളിവിലയിലെ വന്‍ വിലവര്‍ദ്ധനയെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഉത്തര്‍പ്രദേശിലെ വാരണസിയില്‍ ഒരു കിലോ ഉള്ളിക്ക് 70 രൂപയാണ് അന്നത്തെ വിലയെന്നാണ് റിപ്പര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് ഫെയ്‌സ്ബുക്കില്‍ ഉത്തര്‍പ്രദേശില്‍ കിലോ എട്ടു രൂപയ്ക്ക് ഉള്ളി കിട്ടുമെന്ന് പ്രചരണം നടക്കുമ്പോള്‍ തന്നെ ഉത്തര്‍പ്രദേശില്‍ 70 രൂപ ഉള്ളിക്ക് വിലയുണ്ടെന്നതാണ് വാസ്‌തവം.
ഒക്ടോബര്‍ 23ന് തന്നെ മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ലേഖനം ഇനി പരിശോധിക്കാം. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കും ഉള്ളി കയറ്റുമതി ചെയ്യുന്ന മഹാരാഷ്ട്രയിലെ നാസിക്കിലെ ലസല്‍ഗാവിലെ ഉള്ളി മൊത്തവ്യാപര മേഖലയിലെ വിലക്കയറ്റത്തെ കുറിച്ചും നിലവിലെ പ്രതിസന്ധിയെ കുറിച്ചുമാണ് മുംബൈ മിറര്‍ ലേഖനം. ഒക്ടോബര്‍ 23ന് ലസല്‍ഗാവിലെ മൊത്തവ്യാപര മാര്‍ക്കറ്റിലെ ശരാശരി വില 62 രൂപയായിരുന്നു എന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട്. ചില്ലറ വ്യാപാരത്തിനായി മാര്‍ക്കറ്റില്‍ വരുമ്പോള്‍ കിലോ നൂറ് രൂപയോളം വരുമെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.
അതായത് രാജ്യത്തെ ഏറ്റവും വലിയ ഉള്ളികൃഷിയുടെയും കയറ്റുമതിയുടെയും നാടായ ലസല്‍ഗാവില്‍ മൊത്തവ്യാപര വില പ്രകാരം ഒരു കിലോ ഉള്ളിക്ക് 62 രൂപ വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശില്‍ എട്ട് രൂപയ്ക്ക് ഉള്ളി ലഭിക്കുമെന്ന വ്യാജ പ്രചരണം.
ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട്-

ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ പ്രധാനപ്പെട്ട മേഖലകളിലെ ഉള്ളിവിലയുടെ പട്ടിക പത്രിക എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 21ലെ റിപ്പോര്‍ട്ട് പ്രകാരം 30 മുതല്‍ വരെ കുറഞ്ഞ വിലയും 70 രൂപ വരെ ഉയര്‍ന്ന വിലയുമാണ് യുപിയില്‍ ഒരു കിലോ ഉള്ളിയുടെ വില എന്ന് പത്രിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്-
പത്രികയുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള യുപിയിലെ ഉള്ളിവിലയുടെ പട്ടിക-

മുംബൈ മിറര്‍ റിപ്പോര്‍ട്ട്-

നിഗമനം
രാജ്യത്തെ ഏറ്റവും വലിയ ഉള്ളികൃഷി മേഖലയായ മഹാരാഷ്ട്രയിലെ നാസിക്കിലെ ലസല്‍ഗാവില്‍ പോലും മൊത്തവ്യാപര രംഗത്ത് ഒരു കിലോ ഉള്ളിക്ക് 62 രൂപയിലധികം വിലവര്‍ദ്ധനവുണ്ടായിരുന്നു. ചില്ലറ വ്യാപര മാര്‍ക്കറ്റുകളില്‍ രാജ്യത്ത് എമ്പാടും ഉള്ളിവില നൂറ് രൂപ കടന്നിരുന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉത്തര്‍പ്രദേശില്‍ ഒരു കിലോ ഉള്ളിക്ക് 8 രൂപ എന്ന പ്രചരണം തികച്ചും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
