
വിവരണം
കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മുഖ്യപ്രതി സ്വപ്‌നാ സുരേഷാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി വകുപ്പിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ ഒരു പ്രത്യാരോപണവും വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ ഇന്നലെ മുതല്‍ (ജൂലൈ 6) പ്രചരിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായി ആരോപിക്കപ്പെട്ടിരിക്കുന്ന സ്വപ്നാ സുരേഷ് കെപിസിസി ജനറല്‍ സെക്രട്ടറിയായ തമ്പാനൂര്‍ രവിയുടെ മരുമകളാണെന്നതാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണം. ഇത്തരത്തിലൊരു പോസ്റ്റാണ് വീ ലവ് ഷൈലജ ടീച്ചര്‍ എന്ന ഗ്രൂപ്പില്‍ ഖലീഫ നാസ് സ്നേഹതീരം എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്നത്. സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യ ആസൂത്രക കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവിയുടെ മരുമകൾ…. എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 495ല്‍ അധികം റിയാക്ഷനുകളും 318ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ വിവാദമായ കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയുടെ മരുമകളാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങളുടെ പ്രതിനിധി കെപിസിസി ആസ്ഥനവുമായി ഫോണില്‍ ബന്ധപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിക്കെിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ പ്രചരണം നടക്കുകയാണെന്ന് മറുപടിയും ലഭിച്ചു. കൂടാതെ തമ്പാനൂര്‍ രവി ഈ വിഷയത്തില്‍ പ്രതികരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടെന്നും ഓഫിസ് പ്രതിനിധി അറിയിച്ചു. ഇതുപ്രകാരം തമ്പാനൂര്‍ രവിയുടെ ഔദ്യോഗിക ഫെയ്‌സബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും വിഷയത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം കണ്ടത്താന്‍ കഴിഞ്ഞു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെയാണ്-
“കോണ്‍സുലേറ്റ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപനാ സുരേഷ് എന്‍റെ മരുമകൾ ആണ് എന്ന തരത്തിൽ ചില സൈബർ സഖാക്കൾ പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സ്വപനാ സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്‍റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാൻ നടത്തുന്ന ശ്രമമായി ആണ് ഞാൻ ഇതിനെ കാണുന്നത്. ഇത്തരത്തിൽ വ്യാജ വാർത്തകൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചവർക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി നിയമ നടപടി സ്വീകരിക്കുന്നതാണ്.”
ഇതിനുപുറമെ വ്യാജ പ്രചരണത്തിനെതിരെ ഡിജിപിക്ക് തമ്പാനൂര്‍ രവി നല്‍കിയ പരാതിയുടെ പകര്‍പ്പും ഞങ്ങള്‍ക്ക് ലഭിച്ചു-

നിഗമനം
തമ്പാനൂര്‍ രവിക്കോ അദ്ദേഹത്തിന്‍റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ലാത്ത സ്വപ്ന എന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയെ തന്‍റെ മരുമകളായി ചിത്രീകരിച്ച് നടത്തുന്ന പ്രചരണങ്ങള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി തമ്പാനൂര്‍ രവി തന്നെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രചരണങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

Title:സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയുടെ മരുമകള്‍ എന്ന പ്രചരണം വ്യാജം..
Fact Check By: Dewin CarlosResult: False
