ചിത്രത്തില്‍ കാണുന്നത് സിപിഎംമ്മില്‍ നിന്നും രാജിവെച്ച ബ്രാഞ്ച് സെക്രട്ടറിയോ?

രാഷ്ട്രീയം | Politics

വിവരണം

കോഴിക്കോട് തൊട്ടില്‍പ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അനീഷ് രാജന്‍ രാജിവെച്ച് ബിജെപിയിലേക്ക് എന്ന തലക്കെട്ട് നല്‍കി ഒരാളുടെ ചിത്രം സഹിതമുള്ള പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. SECULAR THINKERS മതേതര ചിന്തകർ എന്ന ഗ്രൂപ്പില്‍ നിരഞ്ജന്‍ ഉണ്ണി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 367 ലൈക്കുകളും 12 ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.

Archived Link

എന്നാല്‍ ചിത്രത്തിലുള്ളത് കോഴിക്കോട് തൊട്ടില്‍പ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അനീഷ് രാജന്‍ തന്നെയാണോ? ഇത്തരത്തിലാരെങ്കിലും സിപിഎമ്മില്‍ നിന്നും രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ടോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പോസ്റ്ററില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിളില്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്‌തപ്പോഴാണ് ഇത് സിപിഎം ബ്രാഞ്ച് സെക്രട്ടറി അനീഷ് രാജന്‍ അല്ലെന്നും എന്നാല്‍ ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം മാഹേല ജയവര്‍ദനെയാണെന്നും കണ്ടെത്താന്‍ കഴിഞ്ഞത്. ജയവര്‍ദനെയുടെ ചിത്രമാണ് സിപിഎം തൊട്ടില്‍പ്പാലം ബ്രാഞ്ച് സെക്രട്ടറി അനീഷ് രാജന്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ജയവര്‍ദനയുടെ അതെ ചിത്രം തന്നെ എക്കണോമിക്‌സ് ടൈംസിന്‍റെ  ലേഖനത്തിലും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല കോഴിക്കോട് തൊട്ടില്‍പ്പാലത്തില്‍ അനീഷ് രാജന്‍ എന്ന പേരില്‍ ഒരു ബ്രാഞ്ച് സെക്രട്ടറിയില്ലെന്ന് പ്രാദേശികമായി നടത്തിയ അന്വേഷണത്തില്‍ നിന്നും അറിയാനും കഴിഞ്ഞു.

Archived Link

നിഗമനം

ശ്രീലങ്കന്‍ ക്രിക്കറ്റ് താരമായിരുന്ന ജയവര്‍ദ്ദനയുടെ ചിത്രം ഉപയോഗിച്ചാണ് സിപിഎം നേതാവാണെന്ന പേരില്‍ പോസ്റ്റ് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിക്കഴിഞ്ഞു. മാത്രമല്ല അനീഷ് രാജന്‍ എന്ന പേരില്‍ തൊട്ടില്‍പ്പാലത്ത് ഒരു ബ്രാഞ്ച് സെക്രട്ടറിയുമില്ല. അതുകൊണ്ട് തന്നെ പോസ്റ്റില്‍ പ്രചരിക്കുന്ന വിവങ്ങള്‍ പൂര്‍ണമായി വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ചിത്രത്തില്‍ കാണുന്നത് സിപിഎംമ്മില്‍ നിന്നും രാജിവെച്ച ബ്രാഞ്ച് സെക്രട്ടറിയോ?

Fact Check By: Dewin Carlos 

Result: False