മുഖ്യമന്ത്രിയെ വിമര്‍ശിച്ച് നടി മാലാ പാര്‍വതി, പ്രചരിക്കുന്നത്  വ്യാജ പ്രസ്താവന…

False സാമൂഹികം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ഗുരുതര ലൈംഗിക ആരോപണ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിനെതിറെയും ലൈംഗികാതിക്രമ പരാതി ഉയരുകയുണ്ടായി. പ്രസ്തുത ആരോപണത്തിന്മേല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുള്ള ആക്ഷേപണം പരക്കെ ഉയരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടി മാലാ പാര്‍വതി പ്രസ്താവന നടത്തി എന്നാരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.  

പ്രചരണം 

പിടി കുഞ്ഞുമുഹമ്മദ് ഇടതുപക്ഷ സഹയാത്രികന്‍ ആയതിനാലാണ്  ലൈംഗികാതിക്രമ കേസില്‍ മുഖ്യമന്ത്രി നടപടി എടുക്കാത്തതെന്ന് മാലാ പാര്‍വതി പ്രതികരിച്ചു എന്ന് സൂചിപ്പിച്ച് മാലാ പാര്‍വതിയുടെ ചിത്രത്തോടൊപ്പം പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ:  “പിണറായി വിജയനു പി.ടി കുഞ്ഞുമുഹമ്മദിന്റെ ലൈംഗിക പീഡന കേസിൽ നേരം വെളുക്കാത്തത്

അയാൾ സഖാവ് ആയതിനാലും ഇടതുപക്ഷം ആയതിനാലും

മാല പാർവതി”

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ വിശദാംശങ്ങള്‍ക്കായി കൂടുതല്‍ തിരഞ്ഞപ്പോള്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഇങ്ങനെ യാതൊന്നും പറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കി മാലാ പാര്‍വതി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വിശദീകരണം ലഭിച്ചു. 

2025 ഡിസംബര്‍ 11നാണ് മാലാ പാര്‍വതി ഫേസ്ബുക്ക് പേജില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

പിടി കുഞ്ഞുമുഹമ്മദിനെതിരായ കേസില്‍ താന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഈ വിഷയത്തില്‍ പങ്കുവച്ച അഭിപ്രായം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. പിടി കുഞ്ഞുമുഹമ്മദിന്‍റെ വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ മുഖ്യമന്ത്രി നടപടിയെടുത്തെന്നാണ് അറിവെന്നും കുറിപ്പില്‍ പറയുന്നു.

പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയില്‍ മാലാ പാര്‍വതി പങ്കിട്ട കുറിപ്പില്‍ മുഖ്യമന്ത്രിയെ പറ്റിയുള്ള പരാമര്‍ശമൊന്നുമില്ല. 

ഐഎഫ്എഫ്‌കെ സെലക്ഷന്‍ സ്‌ക്രീനിംഗിനിടെ മുന്‍ എംഎല്‍എയും സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്ന് ഒരു ചലച്ചിത്ര പ്രവര്‍ത്തക പരാതി ഉന്നയിക്കുകയുണ്ടായി. ഐഎഫ്എഫ്‌കെ സെലക്ഷന്‍ ജൂറിയുടെ ചെയര്‍മാനായിരുന്ന കുഞ്ഞുമുഹമ്മദ് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കന്റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും മനപൂര്‍വം കേസെടുക്കുന്നത് വൈകിപ്പിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചിട്ടുണ്ട്. കുഞ്ഞുമുഹമ്മദ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

നിഗമനം 

പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗീകാതിക്രമ പരാതിയില്‍ നടി മാലാ പാര്‍വതി മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തി എന്ന  പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മുഖ്യമന്ത്രിയെ വിമര്‍ശിച്ച് നടി മാലാ പാര്‍വതി, പ്രചരിക്കുന്നത് വ്യാജ പ്രസ്താവന…

Fact Check By: Vasuki S 

Result: False

Leave a Reply