
വിവരണം
സുഗുണൻ സുഗു എന്ന ഫേസ്‌ബുക്ക് പ്രൊഫൈലില്‍ നിന്നും സഖാവ് …The Real Comrade എന്ന ഗ്രൂപ്പിലേക്ക് 2019 ഓഗസ്റ്റ് 10 നു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “യഥാർത്ത ഹൈന്ദവന്‍റെ അഭിമാനം നമ്മടെ ടീച്ചർ സംരക്ഷിക്കുന്നു
പട്ടാമ്പിയിലെ ശശികല ടീച്ചറുടെ വീട് പൂർണ്ണമായും മുങ്ങി.. തൊട്ടടുത്തെ ദുരിദശ്യാസ ക്യാമ്പ് ആയ പള്ളി ഓഡിറ്റോറിയത്തിലേക്ക് മാറാൻ പറ്റില്ല എന്നും പറഞ്ഞു വീടിന്റെ മുകളിൽ കയറി പ്രതിഷേധിക്കുന്നു.” എന്ന വാചകവും ഹിന്ദു ഐക്യവേദി അധ്യക്ഷ പികെ ശശികല ടീച്ചറുടെ ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്.

archived link | FB page |
കേരളത്തിൽ 2019 ലെ പ്രളയം കൂടുതലും ബാധിച്ചത് കഴിഞ്ഞ തവണ പ്രളയം ബാധിക്കാത്ത പ്രദേശങ്ങളെ ആണ്.വാർത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രളയത്തെ പറ്റിയുള്ള വാർത്തകളാണ് മുഴുവനും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം രക്ഷാപ്രവർത്തകരും സർക്കാരും പോലീസ് സേനയും ജനങ്ങളെ നിർബന്ധ പൂർവ്വം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പോസ്റ്റിൽ ആരോപിക്കുന്നതു പോലെ ശശികല ടീച്ചറുടെ വീടിനെ പ്രളയം ബാധിച്ചോ..? സുരക്ഷാ നിർദ്ദേശ പ്രകാരം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറാൻ ടീച്ചർ വിസമ്മതം പ്രകടിപ്പിച്ചോ..? നമുക്ക് അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ശശികല ടീച്ചർ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പ്രതികരണങ്ങൾ നടത്തുന്ന വ്യക്തിയാണ്. അതിനാൽ ഈ സംഭവത്തെ പറ്റി എന്തെങ്കിലും പ്രതികരണങ്ങൾ അവർ നടത്തിയിട്ടുണ്ടോ എന്നറിയാനായി ഞങ്ങൾ അവരുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ പരിശോധിച്ചു. Sasikala Kp
എന്ന പ്രൊഫൈലിലും, ശശികല ടീച്ചർ, സംസ്ഥാന അദ്ധ്യക്ഷ ഹിന്ദു ഐക്യവേദി
എന്ന പേജിലും സമാന പോസ്റ്റ് സംബന്ധിച്ച വിശദീകരണം ടീച്ചർ നൽകിയിട്ടുണ്ട്. തൂത കുട്ടി എന്ന ഫേസ്‌ബുക്ക് പ്രൊഫൈൽ നിന്നും സമാന പോസ്റ്റ് പ്രസിദ്ധീകരിച്ചതിന്റെ സ്ക്രീൻഷോട്ടിനൊപ്പം “ഈ തൂതക്കുട്ടി ഏതാണെന്നറിയാൻ വല്ല വഴീം ണ്ടോ ?എന്റെ വീട് മുങ്ങിയോ ഇല്ലയോ എന്നതവിടെ നിക്കട്ടെ, എവിട്യാ പടച്ചോനെ ന്റെ നാട്ടിലീ പള്ളി ഓഡിറ്റോറിയം ! കുഴപ്പല്യാ ഞാൻ വല്ല പണിക്കരേം കണ്ട് രാശി വെച്ച് കണ്ടു പിടിച്ചോളാം !” എന്നാണു ശശികല ടീച്ചർ നർമ്മ രൂപത്തിൽ മറുപടി നൽകിയിരിക്കുന്നത്.
archived link | FB post |
archived link | FB post |
ഞങ്ങൾ പിന്നീട് Kutty Thootha എന്ന പ്രൊഫൈൽ സന്ദർശിച്ചു പോസ്റ്റ് പരിശോധിച്ചു. എന്നാൽ പ്രസ്തുത പോസ്റ്റ് നീക്കം ചെയ്തതായി കണ്ടെത്തി. അതേ പോസ്റ്റിൽ നിന്നുമുള്ള വാചകങ്ങളാണ് സുഗുണൻ സുഗു എന്ന പ്രൊഫൈലിൽ നിന്നും പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൂടുതൽ വിശദീകരണത്തിനായി ഞങ്ങൾ ശശികല ടീച്ചറിനോട് സംസാരിച്ചു. “എന്‍റെ വീട്ടിൽ വെള്ളത്തിന്‍റെ പ്രശ്നങ്ങളൊന്നുമില്ല. മാത്രമല്ല വീടിനടുത്ത് മുസ്‌ലിം പള്ളിയുമില്ല. കുട്ടി തൂതയുടെ പോസ്റ്റ് മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ. അദ്ദേഹമാണ് പോസ്റ്റിന്‍റെ തുടക്കക്കാരൻ. എന്‍റെ വീട് വെള്ളപ്പൊക്കത്തിലാണ് എന്ന വാർത്ത വെറും കള്ളമാണ്. ഇതൊക്കെ മനഃപൂർവമുള്ള വാർത്തകളല്ലേ..”
ഈ പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് വ്യാജമായ വാർത്തയാണ്. ശശികല ടീച്ചറിന്‍റെ വീടിനെ പ്രളയം ബാധിച്ചിട്ടില്ല. ഇത്തരത്തിൽ വന്നത് വ്യാജ വാർത്തയാണെന്ന് അവർ ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും വ്യാജമായ വാർത്തയാണ്. ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല ടീച്ചറിന്‍റെ വീട്ടിൽ വെള്ളപ്പൊക്കം വന്നു എന്ന മട്ടിൽ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റാണെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.
