
വിവരണം
ജലീലെ എന്‍റെ മകന്‍റെ കൂടെ ഞാന്‍ പോയത് സിവില്‍ സര്‍വീസ് ടെസ്റ്റിനല്ലേ അല്ലാതെ നിങ്ങളുടെ പാര്‍ട്ടി സെക്രട്ടറിയെ പോലെ മോന്‍റെ ഡിഎന്‍എ ടെസ്റ്റിനല്ലല്ലോ.. എന്ന വാചകം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രി കെ.ടി.ജലീലിനെതിരെ പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഐന്‍സി ഓണ്‍ലൈന്‍ എന്ന പേരിലുള്ള പേജില്‍ ഒക്ടോബര്‍ 18ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 913ല്‍ അധികം ലൈക്കുകളും 574ഷെയറുകളും ലഭിച്ചിട്ടുണ്ട്.
Archived Link |
എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രി കെ.ടി.ജലീലിനെതിരെ ഇത്തരമൊരു പ്രസ്‌താവന നടത്തിയിട്ടുണ്ടോ? സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരോക്ഷമായി വിമര്‍ശിച്ചാണോ ചെന്നിത്തല മറുപടി പറഞ്ഞത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
സിവില്‍ സര്‍വീസ് പരീക്ഷയില്‍ മകന് ഉയര്‍ന്ന റാങ്ക് ലഭിക്കാന്‍ രമേശ് ചെന്നിത്തല ഇടപെടല്‍ നടത്തിയെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ.ടി.ജലീല്‍ ആരോപണം ഉന്നയിച്ചിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയുടെ സമയത്ത് ചെന്നിത്തല ഡെല്‍ഹിയില്‍ ഉണ്ടായിരുന്നു എന്നും മകന്‍റെ റാങ്ക് 608 എന്നത് തിരുത്തി 210 ആക്കി മാറ്റിയത് ചെന്നിത്തലയുടെ സ്വാധീനമാണെന്നുമായിരുന്നു മന്ത്രിയുടെ ആരോപണം. ഇതിന് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞ വാചകങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നതാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വരികള്‍.
എന്നാല്‍ ഒക്‌ടോബര്‍ 18ന് വാര്‍ത്ത സമ്മേളനത്തിനായിരുന്നു രമേശ് ചെന്നിത്തല കെ.ടി.ജലീലിന്‍റെ ആരോപണങ്ങള്‍ക്ക് പരിഹാസ രൂപേണ മറുപടി നല്‍കിയത്. വാര്‍ത്ത സമ്മേളനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ മുഖ്യധാരമാധ്യമങ്ങള്‍ എല്ലാം തന്നെ തത്സമയം സംപ്രേഷണം ചെയ്തതുമാണ്. അതില്‍ എവിടെയും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രമേശ് ചെന്നിത്തല പറഞ്ഞു എന്ന പേരില്‍ പ്രചരിപ്പിക്കുന്ന വാചകങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് ഞങ്ങളുടെ പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞു. കെ.ടി.ജലീലിനെതിരെയുള്ള മറുപടിയില്‍ എവിടെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ട് രമേശ് ചെന്നിത്തല പ്രസ്താവന നടത്തിയിട്ടില്ല. മാത്രമല്ല അദ്ദേഹത്തിന്‍റെ വരികള്‍ ഇത്രമാത്രമാണ്-
എന്‍റെ മകന്‍റെ ഇന്‍റര്‍വ്യു നടക്കുമ്പോള്‍ ഞാനല്ലാതെ മറ്റാരെങ്കിലുമാണോ പോവേണ്ടത്.. നിങ്ങളുടെ ഒക്കെ മക്കളെ സ്കൂളില്‍ ചേര്‍ക്കാന്‍ പോകുന്നതുമൊക്കെ നിങ്ങള്‍ തന്നെയല്ലേ.. എന്‍റെ മോനൊടപ്പം ഞാനല്ലാതെ പിന്നെ വേറെ അച്ഛനെ കൊണ്ട് കൊടുക്കണോ.. അതില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തേണ്ട കാര്യമൊന്നുമില്ല.. (രമേശ് ചെന്നിത്തല, ഒക്ടോബര്‍ 18ന് നടന്ന വാര്‍ത്ത സമ്മേളനം)
പ്രസ്തുത ഭാഗങ്ങള്‍ മനോരമ ന്യൂസിന്‍റെ വാര്‍ത്ത റിപ്പോര്‍ട്ട് (വീഡിയോ സഹിതം)
കൂടാതെ പോസ്റ്റിലെ വാചകങ്ങള്‍ രമേശ് ചെന്നിത്തല പറഞ്ഞതല്ലെന്ന് അദ്ദേഹത്തിന്‍റെ പ്രൈവെറ്റ് സെക്രട്ടറി സുമോദും ഞങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.
നിഗമനം
രമേശ് ചെന്നിത്തല പറയാത്ത വാചകങ്ങള്‍ അദ്ദേഹത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുകയാണെന്ന് കണ്ടെത്തി കഴിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പരോക്ഷമായി രൂക്ഷഭാഷയില്‍ വിമര്‍ശനം നടത്തിയെന്ന പോസ്റ്റിലെ അവകാശവാദം തീര്‍ത്തും വസ്‌തുത വിരുദ്ധമാണ്. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ഈ വാചകങ്ങള്‍ പരോക്ഷമായി രൂക്ഷഭാഷയില്‍ കോടിയേരി ബാലകൃഷ്ണനെതിരെ രമേശ് ചെന്നിത്തല പറഞ്ഞതാണോ?
Fact Check By: Dewin CarlosResult: False
