
വിവരണം
സ്വര്‍ണ്ണ കടത്ത് കേസിന്‍റെ അന്വേഷണം കേന്ദ്ര ഏജന്‍സിയായ എന്‍ഐഎ ഏറ്റെടുത്തശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തിരുന്നു. എന്‍ഐഎ യുടെ അന്വേഷണം പുരോഗമിക്കുമ്പോള്‍ കേരളം പലതരത്തിലുള്ള രാഷ്ട്രീയ സംഭവങ്ങള്‍ക്കും സാക്ഷിയാവുകയാണ്. ഭരണ പ്രതിപക്ഷ കഷികള്‍ പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുകയും പലയിടത്തും മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ തുടരുകയുമാണ്. ഇതിനിടെ സ്വര്‍ണ്ണ കടത്ത് വിഷയത്തില്‍ പലതരം വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചാനല്‍ വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ടുകളും ന്യൂസ് പേപ്പര്‍ കട്ടിങ്ങുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.
ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു മാധ്യമ വാര്‍ത്തയെ കുറിച്ചാണ് നമ്മള്‍ അന്വേഷിക്കാന്‍ പോകുന്നത്. മന്ത്രി ജലീലിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ദേശാഭിമാനി ദിനപത്രം “ഇ. ഡിയെ വിറപ്പിച്ച് കെ. ടി ജലീല്‍” എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്.

കെ ടി ജലീലിനെ ചോദ്യം ചെയ്യാന്‍ ഇ ഡി വിളിപ്പിച്ചപ്പോള്‍ ഇടതു പക്ഷ ചായ്‌വ് ഉള്ള ദേശാഭിമാനി ദിനപ്പത്രം മറ്റു മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇങ്ങനെ വാര്‍ത്ത നല്‍കി എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്.
യഥാര്‍ത്ഥത്തില്‍ ദേശാഭിമാനി പത്രം ഇങ്ങനെയുള്ള തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയിട്ടില്ല.
വാസ്തവം ഇങ്ങനെ
ഞങ്ങള്‍ പ്രസ്തുത സ്ക്രീന്‍ ഷോട്ട് സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഇത് വ്യാജമായി സൃഷ്ടിച്ചതാണെന്ന് വ്യക്തമായി. വാര്‍ത്തയുടെ ഉള്ളടക്കം ആരംഭിക്കുന്നത് ഇങ്ങനെയാണ്: ന്യൂഡല്‍ഹി: എംപ്ലോയ് മെന്‍റ് പ്രോവിഡന്‍റ് ഫണ്ടിന്‍റെ (ഇ പി എഫ്)…. അതായത് തലക്കെട്ടുമായി യാതൊരു ബന്ധവുമില്ലാത്ത ഉള്ളടക്കം. സൂം ചെയ്തു നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്.
പോസ്റ്റ് പ്രസിദ്ധീകരിച്ച സെപ്തംബര്‍ 12 ന് ദേശാഭിമാനി പത്രം കെ ടി ജലീലിനെ പറ്റിയുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ സ്ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു

കൂടാതെ ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ എസ് ഷൈജു ഈ സ്ക്രീന്‍ഷോട്ട് ദേശാഭിമാനിയുടെത് അല്ലെന്നും ഇത്തരത്തില്‍ വാര്‍ത്ത പത്രത്തില്‍ നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണത്തില്‍ ഇതൊരു വ്യാജ വാര്‍ത്തയാണെന്ന് മനസിലായിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് പൂര്‍ണ്ണമായും തെറ്റായ വാര്‍ത്തയാണ്. ദേശാഭിമാനി ദിനപത്രം ഇത്തരത്തില്‍ ഇ. ഡിയെ വിറപ്പിച്ച് കെ. ടി ജലീല്‍” എന്ന തലക്കെട്ടോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല. വ്യാജസ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ്.

Title:ഈ സ്ക്രീന്‍ഷോട്ട് ദേശാഭിമാനി ദിനപത്രത്തിന്‍റെതല്ല, വ്യാജമാണ്…
Fact Check By: Vasuki SResult: False
