
വിവരണം
ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത വാര്‍ത്ത എല്ലാ മാധ്യമങ്ങളും നല്‍കിയിട്ടുണ്ട്. ബാംഗ്ലൂര്‍ മയക്കുമരുന്ന് കേസിലാണ് അറസ്റ്റ്. ഒക്ടോബര്‍ 29 ഉച്ച കഴിഞ്ഞപ്പോള്‍ മുതല്‍ സാമൂഹ്യ മാധ്യമങ്ങളിലും ഇതേപ്പറ്റി വാര്‍ത്ത പ്രചരിച്ചു തുടങ്ങി.
ഇതിനിടയില്‍ കൈരളി ചാനലിന്റെ ഒരു സ്ക്രീന്‍ഷോട്ട് പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. അതില്‍ സ്ലഗ് ലൈനായി നല്‍കിയിരിക്കുന്നത് “പ്രശസ്ത സിനിമാതാരം ബിനീഷ് കോടിയേരി അറസ്റ്റില്‍” എന്ന വാചകമാണ്.

എന്നാല്‍ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇത് തെറ്റായ വാര്‍ത്തയാണെന്ന് മനസ്സിലായി. വാര്‍ത്തയുടെ വിശദാംശങ്ങള്‍ നമുക്ക് അന്വേഷിക്കാം.
വസ്തുതാ വിശകലനം
ഈ പ്രചരണത്തെ പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ ഞങ്ങള്‍ ആദ്യം കൈരളി ചാനല്‍ അധികൃതരുമായി തന്നെ ബന്ധപ്പെട്ടു. കൈരളിയുടെ വ്യാജ സ്ക്രീന്‍ ഷോട്ടാണ് ഇതെന്നും ഇത്തരത്തില്‍ ഒരു സ്ലഗ് ലൈന്‍ കൈരളി പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സീനിയര്‍ റിപ്പോര്‍ട്ടര്‍ ലെസ്ലി ജോണ്‍ വ്യക്തമാക്കി.
കൂടാതെ കൈരളി ചാനല്‍ ഈ സ്ക്രീന്‍ ഷോട്ട് വ്യാജമാണെന്നും ഇതിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും വ്യക്തമാക്കി അവരുടെ ഫേസ്ബുക്ക് പേജിലും ഓണ്‍ലൈന്‍ പോര്‍ട്ടലിലും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

kairalinewsonline | archived link
അന്വേഷണത്തില്‍ ഇത് വ്യാജ സ്ക്രീന്‍ ഷോട്ടാണ് എന്ന് വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ഇതില്‍ നല്‍കിയിരിക്കുന്ന കൈരളി ചാനലിന്‍റെ സ്ക്രീന്‍ ഷോട്ട് വ്യാജമായി നിര്‍മ്മിച്ചതാണ്. ഇത്തരത്തില്‍ ഒരു വാര്‍ത്ത കൈരളി പ്രസിദ്ധീകരിച്ചിട്ടില്ല. ഇത്തരത്തില്‍ നടക്കുന്നതെല്ലാം വ്യാജ പ്രചരണങ്ങളാണ്.

Title:ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൈരളി ചാനലിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നു…
Fact Check By: Vasuki SResult: False
