
പ്രചരണം
ബീഫ് നിരോധനം ബിജെപിയുടെ പ്രധാന വാഗ്ദാനമാണ് എന്നാൽ കേരളം പോലെ ബീഫ് പ്രേമികൾ ധാരാളമുള്ള സംസ്ഥാനത്ത് അവർ വളരെ മൃദുസമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. ബീഫ് നിരോധനം ഏർപ്പെടുത്തില്ല എന്ന് തന്നെയാണ് ബിജെപിയുടെ കേരളത്തിലെ നിലപാട്. ബീഫ് നോരോധനവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ചിത്രവുമായി മനോരമ ഓൺലൈൻ പതിപ്പിന്‍റെ സ്ക്രീൻ ഷോട്ടിൽ പ്രചരിക്കുന്ന വാർത്ത ഇതാണ്: ബിജെപി ജയിക്കുന്ന മണ്ഡലങ്ങളിൽ ബീഫ് നിരോധനം ഏർപ്പെടുത്തും കെ സുരേന്ദ്രൻ

അതായത് കെ സുരേന്ദ്രൻ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയ കാര്യം മനോരമ ഓൺലൈനിൽ വാർത്തയായി പ്രസിദ്ധീകരിച്ചു എന്നാണ് പോസ്റ്റിലൂടെ നൽകിയിരിക്കുന്ന അവകാശവാദം. ഫാക്ട് ക്രെസണ്ടോ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. ഇത് വെറും വ്യാജപ്രചരണം ആണെന്നു കണ്ടെത്തുകയും ചെയ്തു.
വസ്തുത ഇങ്ങനെ
സമാന വാര്‍ത്ത പ്രചരിപ്പിക്കുന്ന ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധിക്കുക:

ഞങ്ങൾ മനോരമ ഓൺലൈനിൽ ഈ വാർത്ത ആദ്യം അന്വേഷിച്ചു നോക്കി. എന്നാൽ മനോരമ ഓൺലൈൻ പതിപ്പിലോ മനോരമ ന്യൂസ് ചാനലിലോ അനുബന്ധ മാധ്യമങ്ങളിലോ ഒന്നും ഇത്തരത്തിലൊരു വാർത്ത നൽകിയതായി ഞങ്ങൾക്ക് കാണാൻ സാധിച്ചില്ല. തുടർന്ന് മറ്റ് വാർത്താ മാധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകളിലും ഞങ്ങൾ വാർത്ത അന്വേഷിച്ചു നോക്കി. എന്നാൽ ഇങ്ങനെ ഒരു വാർത്ത ആരും നൽകിയിട്ടില്ല
തുടർന്ന് ഞങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞതിങ്ങനെയാണ്: ഇത് വെറും വ്യാജ പ്രചാരണമാണ്. ഇത്തരത്തിൽ യാതൊരു കാര്യവും ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് വേളയിൽ എനിക്കെതിരെ നടത്തുന്ന ദുഷ്പ്രചരണം മാത്രമാണിത്.
തുടർന്ന് ഞങ്ങൾ മനോരമ ഓൺലൈൻ എഡിറ്റോറിയൽ വിഭാഗവുമായി ബന്ധപ്പെട്ടു. അവിടെനിന്നും അറിയിച്ചത് ഇത് വെറും വ്യാജ സ്ക്രീൻഷോട്ട് മാത്രമാണ് ഇത്തരത്തിൽ ഒരു വാർത്ത ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ്. കൂടാതെ ഈ പ്രചരണം വ്യാജമാണെന്നും ഇങ്ങനെയൊരു വാര്‍ത്ത മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിട്ടില്ല എന്നും വ്യക്തമാക്കി അവര്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വ്യാജ സ്ക്രീൻ ഷോട്ടിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയാണ് ഇതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ്. മനോരമ ഓൺലൈൻ പതിപ്പിന്‍റെ വ്യാജ സ്ക്രീൻ ഷോട്ടിൽ കെ സുരേന്ദ്രന്‍റെ പേരില്‍ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കെ സുരേന്ദ്രന്‍റെ പേരിൽ വ്യാജ പ്രസ്താവനയാണ് മനോരമ ഓൺലൈന്‍റെ വ്യാജ സ്ക്രീൻ ഷോട്ടിൽ പ്രചരിക്കുന്നത്…
Fact Check By: Vasuki SResult: False
