
വിവരണം
പിണറായി വിജയന്‍ ധാര്‍ഷ്ട്യം കൈവെടിയണം.. കേരളത്തിന്‍റെ പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത് മികച്ച ആശയങ്ങളാണ്.. അത് അനുസരിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിടികെ അബ്ദുള്ള എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 112ല്‍ അധികം ഷെയറുകളും 17ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിന്‍റെ മുഖ്യമന്ത്രിയായ പിണറായി വിജയനെ സിപിഎം ജനറല്‍ സെക്രട്ടറി ഇത്തരത്തില്‍ വിമര്‍ശിച്ചിട്ടുണ്ടോ? സീതാറാം യെച്ചൂരി ഇത്തരമൊരു പ്രസ്താവന നടത്തിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ ഞങ്ങള്‍ പരിശോധിച്ചു. ഇവയില്‍ എല്ലാം കേരള സര്‍ക്കാരിനെ പിന്തുണച്ചും കേന്ദ്രത്തെയും കേരളത്തിലെ പ്രതിപക്ഷത്തെയും വിമര്‍ശിച്ചുമുള്ള പോസ്റ്റുകളാണ് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. പിന്നീട് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നത് പോലെയുള്ള വിമര്‍ശനത്തെ കുറിച്ചുള്ള മുഖ്യധാരമാധ്യമങ്ങളിലെ വാര്‍ത്തയാണ് ഞങ്ങള്‍ പരിശോധിച്ചത്. സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുന്നത് കൊണ്ട് തന്നെ സിപിഎം ജനറല്‍ സെക്രട്ടറി സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അത് ബ്രേക്കിങ് ന്യൂസായി എല്ലാ മുഖ്യധാരമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. എന്നാല്‍ ഒരു മാധ്യമങ്ങിലും ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ വ്യാജ ആരോപണം മാത്രമാണെന്ന് അനുമാനിക്കാം.
നിഗമനം
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇടതുപക്ഷ സര്‍ക്കാരിന്‍റെ മുഖ്യമന്ത്രിയായ പിണറായി വിജയനെതിരെ പരസ്യമായോ പരോക്ഷമായോ ഏതെങ്കിലും തരത്തിലുള്ള വിമര്‍ശനം നടത്തിയതായി യാതൊരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:സീതാറാം യെച്ചൂരി പിണറായി വിജയനെതിരെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ?
Fact Check By: Dewin CarlosResult: False
