
വിവരണം
കോവിഡ് പരത്തുന്ന നിരാശക്കിടയിലും കേരളം ഏറെ അഭിമാനത്തോടെ കേട്ട വാർത്തയാണ് വയനാട്ടിൽ നിന്നുമുള്ള ശ്രീധന്യ സുരേഷ് എന്ന പെൺകുട്ടി കോഴിക്കോട് അസ്സിസ്റ്റന്റ്റ് കലക്ടറായി ചുമതലയേൽക്കുന്നു എന്നുള്ളത്. നിരവധി പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ചാണ് ശ്രീധന്യ ഈ നേട്ടം കൈവരിച്ചത് എന്ന കാരണങ്ങളാണ് ഇതിനു തിളക്കം കൂട്ടുന്നത്.
ഇതിനിടയിൽ ഇന്നലെ മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഇങ്ങനെയാണ്: “കെട്ടിച്ചു വിട്ടൂടെ, പൈസയില്ലെങ്കിൽ പിന്നെന്തിനാ പഠിപ്പിക്കുന്നത്’
എന്ന ഉപദേശകർക്ക് ശ്രീധന്യയുടെ മറുപടിയാണ് ഈ ഐഎഎസ്
“പലരുടേയും വിചാരം ഞാൻ സംവരണ വിഭാഗത്തിൽ നിന്നാണ് 410– ാം റാങ്ക് നേടിയതെന്നാണ്. പഠിക്കുന്ന കാലം തൊട്ടേ കേട്ടു തുടങ്ങിയതാണ് നിങ്ങൾക്ക് സംവരണമുള്ളതുകൊണ്ട് എന്തെങ്കിലും വായിച്ചെഴുതിയാൽ മതിയല്ലോ.
എനിക്കങ്ങനെ എന്തെങ്കിലും കിട്ടിയാൽ പോരായിരുന്നു. അത്രയല്ല എന്‍റെ കഴിവെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടു ഞാനൊരു പരീക്ഷയിലും സംവരണ വിഭാഗത്തിന്‍റെ ആനുകൂല്യങ്ങൾക്കു വേണ്ടി കാത്തു നിന്നിട്ടില്ല. ജനറൽ കാറ്റഗറിയിൽ തന്നെയാണ് സിവിൽ സർവീസും ഇപ്പോൾ നേടിയിരിക്കുന്നത്.’’-
ശ്രീധന്യ ഐഎസ് ❤️
അസിസ്റ്റന്റ് കളക്ടർ കോഴിക്കോട്

ശ്രീധന്യ ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തി എന്നാണ് പോസ്റ്റിലൂടെ പറയാൻ ശ്രമിക്കുന്നത്.
എന്നാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഈ വ്യാജ പ്രചാരണത്തിനപ്പുറം യാഥാർഥ്യം മറ്റൊന്നാണ്:
വസ്തുതാ വിശകലനം
പ്രശസ്ത മാധ്യമ പ്രവർത്തകൻ കെ എ ഷാജി ഈ പോസ്റ്റിനു ഒരു മറുപടി പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതിൽ അദ്ദേഹം 410 മത്തെ റാങ്ക് ജനറൽ കാറ്റഗറിയിൽ ലഭിക്കുകയാണെങ്കിൽ ഐഎഎസ് ലഭിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഐഎഫ്എസ് ലിസ്റ്റിൽ പോലും കയറിപ്പറ്റാനാകില്ല എന്നാണ് അദ്ദേഹം പറയുന്നത്.

ഓരോ വർഷത്തെയും വേക്കൻസിയനുസരിച്ച് ഐഎഎസ് തസ്തികകളിൽ വ്യതാസം വരാറുണ്ടെങ്കിലും 410 മത്തെ റാങ്കുകളിൽ ഐഎഎസ് തസ്തിക 2018 ൽ ഉണ്ടായിരുന്നില്ല. 782 തസ്തികകളാണ് 2018 ല്‍ സിവില്‍ സര്‍വീസസില്‍ ഉണ്ടായിരുന്നത്. ശ്രീധന്യ 2018 ബാച്ചാണ്. ശ്രീധന്യക്ക് ഐഎഎസ് കോച്ചിങ് നൽകിയ തിരുവനന്തപുരത്തെ ഫോർച്യുൺ അക്കാദമിയിലെ അധ്യാപകനായ മുനി ദർശൻ ശ്രീധന്യയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും “2018 സിവിൽ സർവിസ് പരീക്ഷയിൽ ശ്രീധന്യ പ്രീലിമിനറിക്കും മെയിൻസിനും ജനറൽ വിഭാഗത്തിലെ കട്ട് ഓഫ് ക്ലിയർ ചെയ്തിരുന്നു, ഫൈനൽ മാർക് പക്ഷെ ജനറൽ കട്ട് ഓഫ് ക്ലിയർ ചെയ്തില്ല. മൂന്ന് മാർക്കിന് പിറകിൽ ആയിരുന്നു. ലോകത്തെ തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള പരീക്ഷയിൽ 410 റാങ്ക് എന്നുള്ളത് ചെറിയ നേട്ടമല്ല. ഈ ജനറൽ cutoff നേടി ടോപ്പ് 100 റാങ്ക് മേടിക്കണം എന്നായിരുന്നു ശ്രീധന്യയുടെ ലക്ഷ്യം. അതിനു വളരെ അടുത്തു വരെ എത്താനും സാധിച്ചു” എന്നും എഴിതിയിട്ടുണ്ട്. പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് ചുവടെ:

2018 ൽ സിവിൽ സർവീസസിൽ 782 വേക്കൻസികളാണുണ്ടായിരുന്നത്. ശ്രീധന്യ സംവരണ വിഭാഗത്തിലാണ് പരീക്ഷ എഴുതിയത്. സിവിൽ സർവീസ് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള യുപിഎസ്‌സിയുടെ വെബ്‌സൈറ്റിൽ നിന്നും ലഭിച്ച വിവരങ്ങൾ ശ്രീധന്യയുടെ അധ്യാപകനായ മുനി ദർശൻ തന്‍റെ ഫേസ്‌ബുക്ക് പേജിൽ നൽകിയിട്ടുണ്ട്.


ഈ പോസ്റ്റിനെ പറ്റി ഞങ്ങൾ ശ്രീധന്യയോട് നേരിട്ട് അന്വേഷിച്ചിരുന്നു. ഇങ്ങനെയൊരു പരാമർശം ഒരിടത്തും നടത്തിയിട്ടില്ല എന്നാണ് ശ്രീധന്യ പ്രതികരിച്ചത്.

“ ഇത് തെറ്റായ വാർത്തയാണ്. ജനറൽ കട്ട് ഓഫ് മാർക്ക് മറികടന്നിരുന്നു എന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. 410 മത്തെ റാങ്ക് എനിക്ക് ലഭിച്ചത് സംവരണ വിഭാഗത്തിലൂടെ മാത്രമാണ്. ഞാൻ സംവരണ വിഭാഗത്തിലാണ് പരീക്ഷ എഴുതിയത്. എനിക്കതിൽ അഭിമാനമേയുള്ളു. ഇതൊരു വ്യാജ വാർത്തയാണ് എന്ന് ഞാൻ എടുത്തു പറയുന്നു”
ഇതാണ് ശ്രീധന്യ ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ മറുപടി.
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും, തെറ്റാണ്. പോസ്റ്റിൽ നൽകിയിരിക്കുന്ന രീതിയിൽ ഒരിടത്തും പരാമർശം നടത്തിയിട്ടില്ല എന്ന് ശ്രീധന്യ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരുടെയോ ഭാവനാസൃഷ്ടി ശ്രീധന്യയുടെ പേരിൽ പ്രചരിപ്പിക്കുകയാണ്.

Title:ഐഎഎസ് നേടിയ ശ്രീധന്യ സുരേഷിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പരാമർശം…
Fact Check By: Vasuki SResult: False
