വിവരണം

തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ യുഡിഎഫ് മുന്നണിയിലെ പ്രബല കക്ഷിയായ മുസ്‌ലീം ലീഗിന്‍റെ പതാക ഒഴിവാക്കിയുള്ള റോഡ് ഷോകളും പ്രചരണങ്ങളും ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ദേശീയതലത്തില്‍ മുസ്‌ലിം ലീഗ് പതാക പാക്കിസ്ഥാന്‍ പതാകയായി തെറ്റ്ദ്ധരിപ്പിച്ച് കൊണ്ട് ബിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വ്യാജ പ്രചരണം നടത്തുമെന്ന് ഭയന്നാണ് മുസ്‌ലിം ലീഗ് പതാക ഒഴിവാക്കിയതെന്ന ആക്ഷേപങ്ങള്‍ സിപിഎമ്മും ഇടത് മുന്നണിയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ പി.കെ.കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ ഒരു പ്രതികരണം നടത്തിയിരിക്കുകയാണെന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

മുസ്ലീം ലീഗിന്‍റെ കൊടി കണ്ടാല്‍ പേടി തോന്നുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തകര്‍ മനസാക്ഷി വോട്ട് ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതായി മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ വന്ന വാര്‍ത്ത എന്ന പേരിലൊരു ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്. ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തോട് കാണിക്കുന്ന അകല്‍ച്ചയാണ് ഈ പ്രസ്താവന എന്ന തരത്തിലാണ് പ്രചരണം. തിങ്ക് ഓവര്‍ കേരള 3.0 എന്ന ഗ്രൂപ്പില്‍ ബിബിന്‍ ഭാസ്‌കര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ പി.കെ.കുഞ്ഞാലിക്കുട്ടി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? ചന്ദ്രിക ഓണ്‍ലൈന്‍ നല്‍കിയ ന്യൂസ് കാര്‍ഡാണോ പ്രചരിക്കുന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം പി.കെ.കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്നും താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും യുഡിഎഫ് മുന്നണി ഈ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി വലിയ വിജയം നേടുമെന്നും ഇതില്‍ ഭയന്ന് ചിലര്‍ നടത്തുന്ന വ്യാജ പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോടുള്ള ചിന്ദ്രിക ദിനപത്രത്തിന്‍റെ ആസ്ഥനത്ത് നിന്നും ചന്ദ്രിക ഓണ്‍ലൈനുമായി പിന്നീട് ഞങ്ങള്‍ ബന്ധപ്പെട്ടു. ഇത് ചന്ദ്രികയും ന്യൂസ് കാര്‍‍ഡ് അല്ലായെന്നും ഇത്തരമൊരു വാര്‍ത്തയോ ന്യൂസ് കാര്‍ഡോ പ്രസിദ്ധീകരിച്ചിട്ടില്ലായെന്നും വ്യാജ പ്രചരണമാണെന്നും ചന്ദ്രിക ഓണ്‍ലൈന്‍ പ്രതിനിധി മറുപടി നല്‍കി.

നിഗമനം

മനസാക്ഷി വോട്ട് ചെയ്യാന്‍ താന്‍ വോട്ടര്‍മാരോട് പറഞ്ഞിട്ടില്ലായെന്നും പ്രചരിക്കുന്നത് തന്‍റെ പേരില്‍ ഉള്ള വ്യാജ പ്രസ്താവനയാണന്ന് കുഞ്ഞിലാക്കുട്ടിയും ന്യൂസ് കാര്‍‍ഡ് വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതാണെന്ന് ചന്ദ്രിക ഓണ്‍ലൈനും പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:പ്രവര്‍ത്തകരോട് മനസാക്ഷിക്ക് വോട്ട് ചെയ്യാന്‍ കുഞ്ഞാലിക്കുട്ടിയുടെ അഹ്വാനം എന്ന് ചന്ദ്രികയുടെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍‍ഡ് വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False