വിവരണം

വയനാട് ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശത്തും നാട്ടിലുള്ളവര്‍ക്കും നേരിട്ട് സഹായം ചെയ്യാവുന്നതാണ്. അതിന് ഒരു നിയമതടസവുമില്ലാ. അര്‍ഹതപ്പെട്ടവരിലേക്ക് നിങ്ങള്‍ കൊടുക്കുന്ന സഹായം മുഴുവന്‍ കിട്ടാന്‍ നല്ല മാര്‍ഗം അതായിരികിക്കും. മുന്‍കാല അനുഭവങ്ങള്‍ നിങ്ങള്‍ മറക്കാതിരിക്കുക. എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒറ്റക്കൊമ്പന്‍ ഒറ്റയാന്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 205ല്‍ അധികം റിയാക്ഷനുകളും 176ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം കെപിസിസി മീഡയ കോര്‍ഡിനേറ്റര്‍ കിരണ്‍ ഒ.എസുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക പ്രസ്താവന ഞങ്ങളുമായി പങ്കുവെച്ചു. പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്-

“ഇപ്പോള്‍ രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള സമയമല്ല. അതേക്കുറിച്ച് ആലോചിക്കാന്‍ പോലും പറ്റുന്ന സമയമല്ല. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനത്തെ എങ്ങനെ സഹായിക്കാമെന്നതിനെ കുറിച്ചാണ് ഞങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. രാഷ്ട്രീയ വിരോധം പറഞ്ഞു തീര്‍ക്കാനുള്ള സമയമല്ലിത്. സര്‍ക്കാരിന്റെ ഭാഗത്തെ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അതേക്കുറിച്ച് പിന്നീട് പറയാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ഞാന്‍ ആഹ്വാനം ചെയ്തതായി സി.പി.എം ഹാന്‍ഡിലുകളില്‍ പ്രചരണമുണ്ടായി. അതിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. 2018ലെ പ്രളയത്തിലുണ്ടായ ദുരനുഭവമാണ് ദുരിതാശ്വാസ നിധിക്കെതിരെ പറയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. അങ്ങനെ പറയുന്നവരെ അറസ്റ്റു ചെയ്തിട്ട് കാര്യമില്ല. ദുരാതാശ്വാസ നിധി സംബന്ധിച്ച് സര്‍ക്കാര്‍ കുറച്ചു കൂടി വ്യക്തത വരുത്തുകയാണ് വേണ്ടത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം പ്രത്യേക അക്കൗണ്ടിലായിരിക്കുമെന്നും എത്ര തുക കിട്ടിയെന്നും എത്ര തുക ചിലവഴിച്ചെന്നും വെളിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ മതി. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയും വി.എം സുധീരനും ഉള്‍പ്പെടെ ഞങ്ങളുടെ പാര്‍ട്ടിയിലെ എത്രയോ പേരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ആലോചിച്ച് എല്ലാവരും ഒന്നിച്ച് പണം നല്‍കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. ശമ്പളം നല്‍കുന്നത് പ്രതീകാത്മകമാണ്. അത് മറ്റുള്ളവരെ കൊടുക്കാന്‍ പ്രേരിപ്പിക്കലാണ്. എന്തുതരത്തിലുള്ള സഹായവും നല്‍കാന്‍ തയാറാണ്.”

അതായത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് താന്‍ പറഞ്ഞു എന്ന പേരിലുള്ള പ്രചരണങ്ങള്‍ക്കെതിരെ ‍ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും യുഡിഎഫ് നേതാക്കള്‍ ഒരുമിച്ച് സിഎംഡിആര്‍എഫിലേക്ക് പണം നല്‍കുമെന്നാണ് പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.

സിഎംഡിആര്‍എഫിനെ കുറിച്ച് വി.ഡി.സതീശന്‍ നടത്തിയ പ്രസ്താവനയെ കുറിച്ച് ഇടിവി ഭാരത് നല്‍കിയ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

നിഗമനം

സിഎംഡിആര്‍എഫിലേക്ക് പണം നല്‍കണമെന്നാണ് യഥാര്‍ത്ഥത്തില്‍ വി.ഡി.സതീശന്‍ പറഞ്ഞിട്ടുള്ളത്. മറിച്ചുള്ള പ്രചരണം വ്യാജമാണെന്നും ഇത്തരം പ്രചരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കരുതെന്ന് വി.ഡി.സതീശന്‍ പറഞ്ഞിട്ടില്ലാ.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False