
വിശപ്പ് രഹിതവും ഭയരഹിതവുമായ ഇന്ത്യ എന്ന മുദ്രാവാക്യത്തോടെ 2009 ജൂണ്‍ 21 ന് രൂപം കൊണ്ട പാര്‍ട്ടിയാണ് എസ്‌ഡിപിഐ. 2019 ലെ തെരെഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ പിന്തുണ യുഡിഎഫിനായിരുന്നുവെന്ന് എസ്‌ഡിപിഐ ദേശീയ അദ്ധ്യക്ഷന്‍ എഎം ഫൈസി കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. 2024 ലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഇത്തവണ എസ്‌ഡിപിഐ യുഡിഎഡിനാണ് പിന്തുണ നല്‍കുകയെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പിന്തുണ പരസ്യമായി നിഷേധിക്കുകയുമുണ്ടായി.
ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. മുന്‍ കേന്ദ്ര മന്ത്രിയും നിലവില്‍ ആലപ്പുഴ മണ്ഡലം ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ കെസി വേണുഗോപാലുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് എസ്‌ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞുവെന്ന വാര്‍ത്ത നല്‍കിയ പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്.
പ്രചരണം
“കോൺഗ്രസ്സിനെ വിജയിപ്പിച്ചാൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം എടുത്തുമാറ്റുമെന്ന് കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറിയും ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ സി വേണുഗോപാലിന്‍റെ ഉറപ്പ് കിട്ടിയത് കൊണ്ടാണ് SDPI പരസ്യമായി യു.ഡി.എഫിന് പിന്തുണ നൽകിയതെന്ന് അഷ്റഫ് മൗലവി” എന്ന വാചകങ്ങളും കെസി വേണുഗോപാലിന്‍റെയും അഷ്റഫ് മൌലവിയുടെയും ചിത്രങ്ങളും ചേര്‍ത്തുള്ള പോസ്റ്ററാണ് കൊടുത്തിട്ടുള്ളത്.

എന്നാല്‍ ഇത് വെറും വ്യാജ പ്രചരണം മാത്രമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ പ്രചരണത്തെ കുറിച്ച് കൂടുതല്‍ അറിയാനായി മാധ്യമങ്ങളില്‍ തിരഞ്ഞെങ്കിലും ഇങ്ങനെ ഒരു വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയതായി കാണാന്‍ കഴിഞ്ഞില്ല. എഐസിസി കോര്‍ ഗ്രൂപ്പ് കമ്മറ്റി അംഗവും 2024 ലോക്സഭാ തെരെഞ്ഞെടുപ്പ് ആലപ്പുഴ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ കെസി വേണുഗോപാല്‍ ഇത്തരത്തില്‍ ഒരു ഉറപ്പ് എസ്‌ഡിപിഐ പോലുള്ള ഒരു പാര്‍ട്ടിക്ക് നല്കിയാല്‍ അത് ചര്‍ച്ചയാവുകയും മാധ്യമ വാര്‍ത്തകളില്‍ ഇടംനേടുകയും ചെയ്യുമായിരുന്നു.
അങ്ങനെ വാര്‍ത്ത ഇല്ലാത്തതിനാല്‍ പ്രചരണത്തിന്‍റെ വിശദാംശങ്ങള്‍ക്കായി കെസി വേണുഗോപാലിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “പൂര്‍ണ്ണമായും വ്യാജ പ്രചരണമാണിത്. കോൺഗ്രസ്സിനെ വിജയിപ്പിച്ചാൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം എടുത്തുമാറ്റുമെന്ന് കെസി വേണുഗോപാല്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്‍റെ തീരുമാനം അന്തിമമായിരിക്കും.ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വര്‍ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെന്നാണ് യുഡിഎഫ് നിലപാട്”
തുരര്‍ന്നു ഞങ്ങള്‍ എസ്‌ഡിപിഐ ദേശീയ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസിയുമായി സംസാരിച്ചു. “എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്‍റിന്‍റെ പേരില്‍ വ്യാജ പ്രചരണം നടത്തുകയാണ്. ഞങ്ങളുടെ പാര്‍ട്ടി ഒന്നിച്ചെടുത്ത തീരുമാനമാണ് ഈ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്കുക എന്നുള്ളത്. അതില്‍ കോണ്‍ഗ്രസ്സ് പ്രേരണ ഒന്നുമില്ല. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് പിന്തുണ നല്‍കുന്നത് എന്തുകൊണ്ടാണ് എന്നു വ്യക്തമാക്കി സംസ്ഥാന അധ്യക്ഷന്‍ അഷ്റഫ് മൌലവി ഇക്കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന്‍റെ വീഡിയോ കണ്ടാല്‍ പ്രചരണം തെറ്റാണെന്ന് വ്യക്തമാകും.”
എസ്‌ഡിപിഐ വാര്‍ത്താ സമ്മേളനം:
രാജ്യത്തെ സംബന്ധിച്ച് നിര്‍ണ്ണായക തെരെഞ്ഞെടുപ്പ് ആണെന്നും ഭരണഘടന മൂല്യങ്ങള്‍ വെല്ലുവിളിക്കുന്ന ദേശീയ രാഷ്ട്രീയ സാഹചര്യമാണ് മുന്നിലുള്ളതെന്നും മതനിരപേക്ഷത സംരക്ഷിക്കാന്‍ ബിപിജെ വിരുദ്ധമായൊരുയ ചെറി ശക്തിപ്പെടണമെന്ന രാഷ്ട്രീയ നിലപാടിന്‍റെ പേരില്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യുഡിഎഫ് മുന്നണിക്കാണ് കേരളത്തില്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്നാണ് അഷ്റഫ് മൌലവി വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുന്നത്. കെസി വേണുഗോപാലിനെ കുറിച്ച് യാതൊരു പാരമര്‍ശങ്ങളും അദ്ദേഹം നടത്തുന്നില്ല.
ഞങ്ങള്‍ എസ്‌ഡിപിഐ സംസ്ഥാന അദ്ധ്യക്ഷന്‍ അഷ്റഫ് മൌലവിയുമായി സംസാരിച്ചു. അദ്ദേഹം അറിയിച്ചത് ഇങ്ങനെ: “ഈ പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തെരെഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ദുഷ്പ്രചരണം നടത്തുകയാണ്. വ്യാജ പ്രചരണത്തെ കുറിച്ച് ഉടന്‍ തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നിയമ നടപടികള്‍ സ്വീകരിക്കും”. അദ്ദേഹം ഞങ്ങള്‍ക്ക് കൈമാറിയ പരാതിയുടെ കോപ്പി:

കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ നിരോധനം നീക്കുമെന്ന് കെസി വേണുഗോപാല്‍ ഉറപ്പ് നല്‍കിയതിനാലാണ് എസ്ഡിപിഐ കോണ്‍ഗ്രസിനെ പിന്‍തുണച്ചതെന്ന പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ നിരോധനം എടുത്തു കളയുമെന്ന് ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെസി വേണുഗോപാല്‍ ഉറപ്പ് നല്‍കിയതിനാലാണ് എസ്‌ഡിപിഐ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ അഷ്റഫ് മൌലവി പറഞ്ഞുവെന്ന പ്രചരണം പൂര്‍ണ്ണമായും വ്യാജമാണ്. വ്യാജ പ്രചരണത്തിനെതിരെ എസ്‌ഡിപിഐ നേതൃത്വം നിയമനടപടികള്‍ സ്വീകരിക്കും. പോസ്റ്റില്‍ ആരോപിക്കുന്നതുപോലെ നിരോധിത സംഘടനയുടെ നിരോധനം എടുത്തു കളയുമെന്ന് കെസി വേണുഗോപാല്‍ ഒരിടത്തും പറഞ്ഞിട്ടില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പിഎഫ്‌ഐ നിരോധനം എടുത്തുമാറ്റുമെന്ന് കെ സി വേണുഗോപാലിന്‍റെ ഉറപ്പ് കിട്ടിയതിനാലാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് എസ്‌ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞുവെന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
