അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന സമയത്ത് ശ്രീരാമ കീര്‍ത്തനം ജപിക്കാനും വിളക്കു കൊളുത്തി പിന്നണി ഗായിക കെ‌എസ് ചിത്ര സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ത്ഥന വന്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു. ചിത്രയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. സിനിമാതാരവും എഴുത്തുകാരനുമായ മധുപാലിന്‍റെത് എന്നവകാശപ്പെട്ട് ഒരു പരാമര്‍ശം ചിത്രയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം

കെഎസ് ചിത്ര പാടുന്ന സിനിമകളിൽ താൻ അഭിനയിക്കില്ല എന്ന് മധു പാൽ പ്രസ്താവിച്ചു എന്ന നിലയിലാണ് പ്രചരണം നടക്കുന്നത്.

FB postarchived link

എന്നാൽ പൂർണമായും തെറ്റായ പ്രചരണമാണെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇങ്ങനെ

മധുപാൽ ഇത്തരത്തിൽ എന്തെങ്കിലും പ്രസ്താവന നടത്തിയതായി മാധ്യമങ്ങൾ ആരും വാർത്ത നൽകിയിട്ടില്ല തുടർന്ന് ഞങ്ങൾ മധുപാലിന്‍റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചു ഇത്തരത്തിൽ തനിക്കെതിരെ പ്രചരണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും പൂർണമായും തെറ്റായ പ്രചാരണമാണ് ഇതെന്നും വ്യക്തമാക്കി മധുപാലിന്‍റെ ഫേസ്ബുക്ക് പേജിൽ വിശദീകരണക്കുറിപ്പ് നൽകിയിരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

“പ്രിയപ്പെട്ടവരേ,

മലയാളത്തിലെ പ്രശസ്ത ഗായിക ശ്രീമതി കെ എസ് ചിത്രയെക്കുറിച്ച് ഞാൻ പറഞ്ഞത് എന്ന രീതിയിൽ ഒരു വ്യാജവാർത്ത ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ചു കാണുന്നുണ്ട്. ഇനി ചിത്ര പാടുന്ന സിനിമയിൽ ഞാൻ അഭിനയിക്കില്ല എന്ന രീതിയിലുള്ള വ്യാജ പ്രചരണമാണ് ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും ഉയർന്നുവരുന്നത്. കഴിഞ്ഞ ദിവസം ഒരു ചാനലിൽ സായാഹ്ന ചർച്ചയിൽ ഒരു രാഷ്ട്രീയ വക്താവ് അവർ ചർച്ച ചെയ്തിരുന്ന വിഷയവുമായി യാതൊരുവിധ ബന്ധമില്ലാഞ്ഞിട്ടു കൂടി എന്റെ പേര് വലിച്ചിഴക്കുകയുണ്ടായി. ആ സമയത്ത് അവതാരക ഇടപെട്ടത് കാരണം പിന്നീട് തുടർച്ചയായി മറ്റു പരാമർശങ്ങളൊന്നും ഉണ്ടായില്ല. അതിന്റെ തുടർച്ചയെന്ന പോലെയാണ് ഈ സൈബർ ആക്രമണവും വ്യാജവാർത്തയും എനിക്കെതിരെ വരുന്നത്. കൈരളി ന്യൂസ് ടിവിയിൽ വന്നു എന്ന രീതിയിലുള്ള ഒരു വ്യാജ സ്ക്രീന്ഷോട് ഉൾപ്പടുത്തിയാണ് ഈ കുപ്രചരണം നടക്കുന്നത്. ഈ വാർത്ത കൊടുത്ത പ്രൊഫൈലിനെതിരെ ഞാൻ ബഹുമാനപ്പെട്ട ഡിജിപിക്ക് ഒരു പരാതി നൽകിയിട്ടുണ്ട്. ചലച്ചിത്രപ്രവർത്തകൻ എന്ന നിലയിൽ ശ്രീമതി ചിത്രയും കുടുംബവുമായുള്ള ബന്ധം വളരെ വലുതാണ്. ഒരു ഗായികയായ അവരോട് എനിക്ക് ബഹുമാനവുമുണ്ട്.

ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകർത്തുകളയാമെന്നുള്ള ചില പ്രത്യേക കോക്കസുക്കളുടെ വ്യാമോഹമാണ് ഇത്തരം വാർത്തകളിലൂടെ പുറത്തുവരുന്നത്.

എന്നെ അറിയാവുന്ന എന്റെ സുഹൃത്തുക്കളും മറ്റു അഭ്യുദയകാംഷികളും ഈ വാർത്തകൾ വിശ്വസിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന പ്രൊഫൈലിനെതിരെ നിയമനടപടികൾ ആരംഭിക്കുവാൻ ഞാൻ എന്റെ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.”

മധുപാലിന്‍റെ വിശദീകരണക്കുറിപ്പ് ആധാരമാക്കി ചില മാധ്യമങ്ങൾ ഇതേക്കുറിച്ച് റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. ആദ്യം കൈരളി ടിവിയുടെ പേരിലാണ് വ്യാജ പ്രസ്താവന പ്രചരിച്ചതെന്ന് അനുമാനിക്കുന്നു. മധുപാലിന്‍റെ വിശദീകരണക്കുറിപ്പില്‍ നല്കിയിരിക്കുന്ന ചിത്രം കൈരളിടിവിയുടെ ന്യൂസ് കാര്‍ഡാണ്. കൈരളി വ്യാജ പ്രചരണത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്.

കൂടാതെ ഞങ്ങൾ മധു പാലുമായി സംസാരിച്ചപ്പോൾ തനിക്കെതിരെ വ്യാജ വാർത്തയാണ് പ്രചരിപ്പിക്കുന്നതെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. കെഎസ് ചിത്ര പാടുന്ന സിനിമകളിൽ താൻ അഭിനയിക്കില്ലെന്ന് മധുപാൽ പറഞ്ഞതായി പ്രചരിക്കുന്ന വാർത്ത പൂർണമായും തെറ്റാണെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘കെ‌എസ് ചിത്ര പാടുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന്’ മധുപാലിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

Written By: Vasuki S

Result: False