മുനമ്പം വിഷയത്തില്‍ എസ്‌ഡി‌പി‌ഐ അധ്യക്ഷന്‍ അഷ്റഫ് മൌലവി പ്രകോപനപരമായ പ്രസ്താവന നടത്തിയെന്ന പ്രചരണം വ്യാജം…

രാഷ്ട്രീയം വര്‍ഗീയം

മുനമ്പം ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശവാസികള്‍ നടത്തുന്ന സമരം 25 ദിവസം പിന്നിട്ട് കഴിഞ്ഞു. എസ്‌ഡി‌പി‌ഐ സംസ്ഥാന അദ്ധ്യക്ഷന്‍ അഷ്റഫ് മൌലവി മുനമ്പം ഭൂമി വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

മുനമ്പം വഖഫിന്‍റെ ഭൂമി ആർക്കും വിട്ടുകൊടുക്കില്ല

വഖഫ് ഭൂമി കയ്യെറിയവരേ കായികമായി ഒഴിപ്പിക്കേണ്ടിവന്നാൽ എസ്‌ഡിപിഐ ഒഴിപ്പിക്കും

SDPI സംസ്ഥാന പ്രസിഡന്‍റ്” എന്ന വാചകങ്ങളും അഷറഫ് മൌലവിയുടെ ചിത്രവും പോസ്റ്ററിലുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “കായികമായി നേരിടും എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം മനസ്സിലായല്ലോ അല്ലേ? ഇടതന്റെയും വലതന്റെയും വായിൽ എന്താണോ എന്തോ? വീടും സ്ഥലവും നഷ്ടപ്പെട്ട് നിൽക്കുന്ന പാവം ജനങ്ങളോട് അതിക്രമം കാണിക്കും എന്ന് പറഞ്ഞ ഇവനെ അറസ്റ്റ് ചെയ്യേണ്ടേ?”

FB postarchived link

എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത് ആണെന്നും അഷ്റഫ് മൌലവി ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

എസ്‌ഡി‌പി‌ഐ അധ്യക്ഷന്‍ അഷ്റഫ് മൌലവി മുനമ്പം വിഷയത്തില്‍ ഇങ്ങനെ പ്രസ്താവന നടത്തിയോ എന്നറിയാന്‍ ഞങ്ങള്‍ മാധ്യമങ്ങളില്‍ തീരഞ്ഞെങ്കിലും വാര്‍ത്തകള്‍ ഒന്നും ലഭ്യമായില്ല. തുടര്‍ന്ന് ഞങ്ങള്‍ അഷ്റഫ് മൌലവിയുമായി സാംസാരിച്ചു. തന്‍റെ പേര് ഉപയോഗിച്ച് വ്യാജ പ്രചരണമാണ് നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. മുനമ്പം വിഷയത്തില്‍ സംഘടനയുടെയും എന്‍റെയും നിലപാട് ഒന്നുതന്നെയാണ്. വിഷയം സര്‍ക്കാരും മത നേതാക്കളും തദ്ദേശീയരുടെ പ്രതിനിധികളും ഒരുമിച്ചു ചേര്‍ന്ന് രമ്യമായി പരിഹരിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്. ഇക്കാര്യം വ്യക്തമ്മാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും അര്‍ഹരായവര്‍ക്ക് ഭൂമി ലഭ്യമാക്കുകയും ചെയ്യണം. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പറഞ്ഞിട്ടില്ലാത്ത, ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത വ്യാജ പ്രസ്താവനയാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.”

അഷ്റഫ്  മൌലവിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: “മുനമ്പം വഖഫ് ഭൂമി വിഷയം:

വില കൊടുത്ത് വാങ്ങിയവരെ കുടിയിറക്കരുത്.

മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി

സംസ്ഥാന പ്രസിഡന്റ്,എസ്‌ഡിപിഐ

മുനമ്പം വഖഫ് വിഷയത്തില്‍ വില കൊടുത്തു ഭൂമി വാങ്ങിയവരെ കുടിയിറക്കാതിരിക്കുകയും കൈയേറ്റക്കാരെ കുടിയൊഴിപ്പിക്കുകയും ചെയ്യണം.

രാജ്യവ്യാപകമായി വഖഫ് ഭൂമി കൈയേറ്റം നടന്നിട്ടുണ്ട്. അതിന് പരിരക്ഷ നല്‍കുന്ന നിയമങ്ങള്‍ മാനിച്ചുകൊണ്ടു തന്നെ മുനമ്പത്ത് വില കൊടുത്തു ഭൂമി വാങ്ങിയവരെ കുടിയൊഴിപ്പിക്കുന്നത് ഒഴിവാക്കണം. കൈയേറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. മതവിശ്വാസികള്‍ക്കിടയില്‍ അകല്‍ച്ചയും അഭിപ്രായ വ്യത്യാസവും വളര്‍ത്തിക്കൊണ്ടുവന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള കുതന്ത്രങ്ങളെ ഗൗരവത്തില്‍ കാണണം. കേരളത്തിന്റെ സാമുദായിക ഐക്യത്തിനും മാനവിക സൗഹാർദ്ദത്തിനും മുഖ്യപരിഗണന നല്‍കണം. നീതിപൂര്‍വമായ ഇടപെടലുകളെ പോലും ധ്രുവീകരണത്തിനും വര്‍ഗീയതയ്ക്കും ഉപയോഗപ്പെടുത്തുന്ന തല്‍പ്പര കക്ഷികളെ സമൂഹം തിരിച്ചറിയണം.

ഭൂമി വിലകൊടുത്തു വാങ്ങി അവിടെ താമസിക്കുന്ന സാധാരണക്കാരായ ആളുകളുടെ മറവില്‍ അനധികൃത കൈയേറ്റം നടത്തിയിട്ടുള്ള വന്‍കിട കോര്‍പറേറ്റ് റിസോര്‍ട്ട് മാഫിയാ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനു വേണ്ട ശ്രമങ്ങളും ഉണ്ടാകണം.

സാമുദായിക ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘപരിവാരത്തിന്റെ ഹിഡന്‍ അജണ്ട ഇതിനു പിന്നിലുണ്ട്. സംഘപരിവാര്‍ നടത്തുന്ന ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തിനും മുതലെടുപ്പിനും മതസമൂഹങ്ങള്‍ പിന്തുണ നല്‍കാതിരിക്കാന്‍ ജാഗ്രത വേണം.

ആർഎസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപം കൊടുക്കാൻ പോകുന്ന വഖഫ് നിയമത്തിന് സമാനമായ ‘ചർച്ച് ആക്റ്റ്’ ഉം അവർ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട് എന്നതും വിസ്മരിക്കാവുന്നതല്ല.

ആര്‍എസ്എസ്സിനും കേന്ദ്ര ദുര്‍ഭരണത്തിനും ഇരകളാക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ കൂടുതല്‍ ഐക്യപ്പെടുന്നതിനുള്ള സാധ്യത പരിശോധിക്കുകയും അനൈക്യത്തിലേക്ക് നയിക്കുന്ന പ്രശ്‌നങ്ങള്‍ പരസ്പര ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുകയും വേണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രൈസ്തവ വേട്ടയ്‌ക്കെതിരെ ക്രൈസ്തവ സമൂഹം സഭകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം നടത്തുമ്പോള്‍ ഭിന്നമായ നിലപാട് കേരളത്തില്‍ രൂപപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. വഖഫ് ബോര്‍ഡും മതസംഘടനകളും സഭകളും ഒരുമിച്ചിരുന്നത് പ്രശ്‌നത്തിന് നീതിപൂര്‍വവും പ്രായോഗികവുമായ പരിഹാരം കാണണം.”

വ്യാജ പ്രചരണത്തിന് എതിരെ എസ്‌ഡി‌പി‌ഐ സംസ്ഥാന നേതൃത്വം പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.  

എസ്‌ഡി‌പി‌ഐ സംസ്ഥാന അധ്യക്ഷന്‍ അഷറഫ് മൌലവിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവനയാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

മുനമ്പം വഖഫിന്‍റെ ഭൂമി ആർക്കും വിട്ടുകൊടുക്കില്ല… വഖഫ് ഭൂമി കയ്യേറിയവരെ കായികമായി ഒഴിപ്പിക്കേണ്ടിവന്നാൽ എസ്‌ഡിപിഐ ഒഴിപ്പിക്കും, എന്ന് മുനമ്പം വിഷയത്തില്‍ SDPI സംസ്ഥാന പ്രസിഡന്‍റ്  അഷറഫ് മൌലവിയുടെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണ്. വ്യാജ പ്രചരണത്തിനെതിരെ എസ്‌ഡി‌പി‌ഐ നേതൃത്വം നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മുനമ്പം വിഷയത്തില്‍ എസ്‌ഡി‌പി‌ഐ അധ്യക്ഷന്‍ അഷ്റഫ് മൌലവി പ്രകോപനപരമായ പ്രസ്താവന നടത്തിയെന്ന പ്രചരണം വ്യാജം…

Fact Check By: Vasuki S 

Result: False